ന്യൂഡൽഹി: കോൺഗ്രസിന്‍റെ ചിന്തകളെ 'അർബൻ നക്‌സലുകൾ' ഹൈജാക്ക് ചെയ്‌തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് ഇല്ലായിരുന്നെങ്കിൽ അടിയന്തരാവസ്ഥയും ജാതി രാഷ്ട്രീയവും ഉണ്ടാകില്ലായിരുന്നെന്നും സിഖ് കൂട്ടക്കൊല സംഭവിക്കില്ലായിരുന്നുവെന്നും മോദി വിമർശിച്ചു.
'ഇന്ത്യയാണ് ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ' എന്ന ചിന്തയുടെ ഫലമാണത്. കോൺഗ്രസ് വേണ്ടായിരുന്നെന്ന് മഹാത്മാഗാന്ധി പോലും ആഗ്രഹിച്ചിരുന്നു. കോൺഗ്രസ് ഉണ്ടെങ്കിൽ എന്തൊക്കെ സംഭവിക്കുമെന്ന് അദ്ദേഹത്തിനും അറിയാമായിരുന്നു. അതുകൊണ്ടാണ് കോൺഗ്രസിനെ പിരിച്ചുവിടാൻ ഗാന്ധി ആവശ്യപ്പെട്ടത്. രാജ്യസഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിലാണ് അദ്ദേഹം കോൺഗ്രസിനെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചത്.
''മഹാത്മാഗാന്ധിയുടെ ആഗ്രഹപ്രകാരം കോൺഗ്രസ് ഇല്ലാതായിരുന്നെങ്കിൽ, ജനാധിപത്യം ഒരു രാജവംശത്തിൽ നിന്ന് സ്വതന്ത്രമാകുമായിരുന്നു. ഇന്ത്യ വിദേശ കാഴ്ചപ്പാടിലേക്ക് പോകുന്നതിനുപകരം ദേശീയ പ്രമേയങ്ങളുടെ പാതയിലൂടെ നടക്കുമായിരുന്നു'' -മോദി പറഞ്ഞു.
തോൽവിയും വിജയവും സംഭവിക്കും. എന്നാൽ നിരാശ ജനങ്ങളിൽ അടിച്ചേൽപ്പിക്കരുത്. ഇന്ത്യയിൽ ജനാധിപത്യവും സംവാദവും നൂറ്റാണ്ടുകളായി തുടരുകയാണെന്നും എന്നാൽ കോൺഗ്രസ് ഒരിക്കലും ഒരു രാജവംശത്തിനപ്പുറത്തേക്ക് ചിന്തിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.