ന്യൂഡൽഹി: 10 മാസം മുമ്പത്തെ കോൺഗ്രസ് പ്രഖ്യാപനം അനുസരിച്ച് പുതിയ പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടി ഞായറാഴ്ച തുടങ്ങണം; ഒരു മാസത്തിനകം പൂർത്തിയാക്കണം. പക്ഷേ 'വഞ്ചി തിരുനക്കര തന്നെ'.
അധ്യക്ഷസ്ഥാനമേറ്റെടുക്കുന്ന കാര്യത്തിൽ കാലുറപ്പിക്കാതെ രാഹുൽ ഗാന്ധി; അനന്തമായ അനിശ്ചിതത്വം മൂലം കാലുറക്കാതെ കോൺഗ്രസ്. രാഹുൽ ഗാന്ധിയല്ലാതെ മറ്റാര് എന്ന ചോദ്യത്തിന് കോൺഗ്രസുകാർക്ക് ഉത്തരമില്ല. അടുത്ത പൊതു തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലേക്ക് കടക്കേണ്ട സമയമായെങ്കിലും 'റെഡി' എന്ന് രാഹുൽ പറയുന്നുമില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിക്കുശേഷം അധ്യക്ഷപദവി രാജിവെച്ച രാഹുലിന് വേണ്ടി നിർത്താതെ മുറവിളി തുടരുന്നതല്ലാതെ കോൺഗ്രസിൽ ഒന്നും സംഭവിക്കുന്നില്ല.
പദവിയില്ലാതെ പാർട്ടി നിയന്ത്രിക്കുന്ന രാഹുൽ ഇനിയും ഔദ്യോഗികമായി പദവി ഏറ്റെടുത്തില്ലെങ്കിൽ സോണിയ തന്നെ അടുത്ത പൊതു തെരഞ്ഞെടുപ്പിൽ അധ്യക്ഷസ്ഥാനത്തു തുടരുകയല്ലാതെ മറുവഴിയില്ലെന്ന ചിന്താഗതിയിലാണ് നെഹ്റു കുടുംബത്തിന്റെ വിശ്വസ്ത നേതാക്കൾ. അശോക് ഗെഹ് ലോട്ട്, മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ്നിക് എന്നിങ്ങനെ പകരക്കാരുടെ പേരുകൾ പലതും ഉയർന്നുവരുന്നുണ്ടെങ്കിലും പൊതുവായ അംഗീകാരമില്ല. തിരുത്തൽവാദികളായ ജി -23 പല വഴിയായെങ്കിലും, അവർ ഉന്നയിച്ച വിഷയങ്ങൾക്കൊന്നിനും പരിഹാരമില്ല. ഇന്നത്തെ അവസ്ഥയിൽ പൊതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയാൽ ഇപ്പോഴുള്ള 53 സീറ്റിൽ എത്ര സീറ്റ് കൂടുതൽ കിട്ടും, അതു തന്നെ നിലനിർത്തുന്നത് എങ്ങനെ എന്ന ചോദ്യമാണ് നേതാക്കൾ പരസ്പരം ഉന്നയിക്കുന്നത്. നെഹ്റു കുടുംബം നയിച്ചില്ലെങ്കിൽ പാർട്ടി ഐക്യം പ്രശ്നത്തിലാവും.
നാഷനൽ ഹെറാൾഡ് കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യൽ കൂടിയായതോടെ, നെഹ്റു കുടുംബത്തിന് ഭാരവാഹിത്വങ്ങളിൽനിന്ന് ഇപ്പോൾ ഒഴിയാനാവില്ലെന്ന പ്രശ്നവുമുണ്ട്. നേതൃപദവിയില്ലെങ്കിൽ, തുടർന്നങ്ങോട്ടുള്ള ഇ.ഡിയുടെയും മറ്റും നീക്കങ്ങളിൽ പാർട്ടിയുടെ പൂർണപിന്തുണ ഉറപ്പാക്കാനും പ്രയാസമുണ്ടായെന്നു വരും. അധ്യക്ഷസ്ഥാനത്ത് നെഹ്റു കുടുംബത്തിലൊരാൾതന്നെ ഉണ്ടാവുമെന്ന് ഉറപ്പിക്കുന്നതാണ് ഈ സാഹചര്യം.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സമയക്രമം കോൺഗ്രസ് പ്രവർത്തകസമിതി ചർച്ചചെയ്ത് പ്രഖ്യാപിച്ചത്. ആഗസ്റ്റ് 21നും സെപ്റ്റംബർ 20നുമിടയിൽ നടത്തുമെന്ന പ്രഖ്യാപനത്തിനൊത്ത് കാര്യമായ നടപടികളിലേക്കൊന്നും കടന്നിട്ടില്ല. എന്നാൽ, എ.ഐ.സി.സി സമ്മേളന പ്രതിനിധികളുടെ പട്ടിക റെഡിയാണെന്നും പ്രവർത്തകസമിതിയാണ് സമ്മേളന തീയതി തീരുമാനിക്കേണ്ടതെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി പറയുന്നു. യഥാർഥത്തിൽ തീയതി തീരുമാനിക്കേണ്ടത് രാഹുൽ അല്ലാതെ മറ്റാരുമല്ല. ഇനിയും രാഹുൽ ഒഴിഞ്ഞുമാറിയാൽ സോണിയയെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുത്തേക്കും. പുതിയ പാർട്ടി പ്രസിഡന്റിന് 2027 വരെയാണ് പ്രവർത്തന കാലാവധി. അതേസമയം, സോണിയ കടുത്ത അനാരോഗ്യമാണ് നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.