ലഖ്നോ: അയോധ്യ ഭൂമി തുച്ഛമായ വിലക്ക് വാങ്ങുകയും രാമജന്മഭൂമി ട്രസ്റ്റിന് വിൽക്കുകയും ചെയ്തതിലൂടെ ബി.ജെ.പി കൊയ്തത് വൻ ലാഭമെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥ്. ഭൂമിയിടപാടിൽ പങ്ക് വഹിച്ചത് ഭൂമാഫിയകളല്ലെന്നും ബി.ജെ.പി നേതാക്കളാണെന്നും വാർത്ത സമ്മേളനത്തിൽ സുപ്രിയ ആരോപിച്ചു. ട്രസ്റ്റിന് ലഭിച്ച സഹായധനത്തിലും വ്യാപക അഴിമതി ബി.ജെ.പി നടത്തിയിട്ടുണ്ടെന്ന് അവർ പറഞ്ഞു.
ഭൂമി തട്ടിപ്പ് കേസിലുള്ള നാൽപതോളം ബി.ജെ.പി എം.എൽ.എമാരുടെ പേര് സുപ്രിയ പറഞ്ഞു. അയോധ്യ എം.എൽ.എ വേദ് പ്രകാശ് ഗുപ്ത, മേയർ ഋഷികേശ് ഉപാദ്ധ്യായ്, മുൻ എം.എൽ.എയായിരുന്ന ഗോരഖ്നാഥ് എന്നിവരെ പ്രത്യേകം സൂചിപ്പിച്ചു.
"70 ഏക്കർ ഭൂമി വാങ്ങി ഉയർന്ന വിലക്ക് ട്രസ്റ്റിന് വിൽക്കുകയും കൂടാതെ ചുറ്റുപാടുള്ള പ്രദേശങ്ങൾ കൈയ്യേറുകയും ചെയ്തിട്ടുണ്ട്. ഇത് ദലിതരുടെ ഭൂമിയായിരുന്നു. ഇതിന്‍റെ ഉടമകൾ ഇപ്പോൾ ബി.ജെ.പി നേതാക്കളാണ്. വ്യക്തമായ മോഷണമാണിത്. ദൈവത്തിന്‍റെ പേരിൽ തട്ടിപ്പ് നടത്തുകയാണിവർ. കേസ് കോടതിയുടെ പരിഗണനയിലാണ്. ഇതിന്‍റെ വിധിക്കായി കാത്തിരിക്കുകയാണ്"- സുപ്രിയ പറഞ്ഞു.
2021 മുതൽ കോൺഗ്രസ് ഈ വിഷയത്തിൽ ഇടപെടുന്നുണ്ട്. ഉത്തർപ്രദേശ് സർക്കാറിന് കീഴിൽ വരുന്ന അയോധ്യ വികസന സമിതിക്ക് ഒരിക്കൽ ഇത് പരസ്യമായി അംഗീകരിക്കേണ്ടിവരുമെന്നും സുപ്രിയ വെല്ലുവിളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.