പ്രതീകാത്മക ചിത്രം

കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ഉടൻ

ന്യൂഡൽഹി: ജൂൺ പകുതിയോടെ കേന്ദ്ര മന്ത്രിസഭയിൽ വലിയ രീതിയിലുള്ള പുനഃസംഘടന ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ. 12ലധികം മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകുമെന്നാണ് സൂചന. രണ്ട് കാബിനറ്റ് മന്ത്രിമാരും മൂന്ന് സഹമന്ത്രിമാരും ഉൾപ്പെടെ അഞ്ചുപേർ പദവി ഒഴിയുമെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ മുതിർന്ന കാബിനറ്റ് മന്ത്രി കർണാടക അധ്യക്ഷ പദവിയിലേക്ക് എത്തും.

മന്ത്രിസഭാ പുനഃസംഘടനയുടെ മുന്നോടിയായുള്ള സംഘടനാ മാറ്റങ്ങൾ ബി.ജെ.പി ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയെ ഉത്തർപ്രദേശ് ബി.ജെ.പി അധ്യക്ഷനായും, കോർപറേറ്റ് കാര്യ-റോഡ് ഗതാഗത സഹമന്ത്രി ഹർഷ് മൽഹോത്രയെ ഡൽഹി ബി.ജെ.പി പ്രസിഡന്റായും നിയമിച്ചിട്ടുണ്ട്. ഇവരുടെ മന്ത്രിസ്ഥാനങ്ങളിലേക്ക് പാർലമെന്റിലെ ഇരുസഭകളിൽ നിന്നുമുള്ള പുതിയ മുഖങ്ങൾ കടന്നുവരും.

കൂടാതെ ജെ.ഡി.യു, ടി.ഡി.പി, എൻ.സി.പി, ആർ.എൽ.എം തുടങ്ങിയ എൻ.ഡി.എ സഖ്യകക്ഷികൾക്ക് മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യം ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സഖ്യകക്ഷികളിലെ ഒന്നോ രണ്ടോ നേതാക്കൾക്ക് കാബിനറ്റ് പദവിയും മറ്റുള്ളവർക്ക് സഹമന്ത്രിസ്ഥാനവും ലഭിക്കാനാണ് സാധ്യത. ഇതിൽ ബിഹാറിൽ നിന്നുള്ള ഘടകകക്ഷികൾക്ക് സിവിൽ ഏവിയേഷൻ, ഹ്യൂമൻ റിസോഴ്സ് ഡെവലപ്‌മെന്റ് എന്നീ മന്ത്രാലയങ്ങളിലെ സഹമന്ത്രിസ്ഥാനം നൽകിയേക്കും.

ഈ വർഷമോ അടുത്ത വർഷം ആദ്യമോ രാജ്യസഭാ കാലാവധി അവസാനിക്കുന്ന മന്ത്രിമാർ, 70 വയസ്സ് കഴിഞ്ഞവർ എന്നിവരെ മന്ത്രിസ്ഥാനങ്ങളിൽ നിന്ന് മാറ്റി പാർട്ടി സംഘടനാ ചുമതലകൾ ഏൽപിക്കും. റെയിൽവേ, ധനകാര്യം, കോർപറേറ്റ് കാര്യങ്ങൾ, കൽക്കരി, ടെക്സ്റ്റൈൽസ്, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ്, ഐ.ടി, കൃഷി, പരിസ്ഥിതി, നിയമം, ജൽ ശക്തി തുടങ്ങി ഇരുപതോളം സുപ്രധാന മന്ത്രാലയങ്ങളിലാണ് മാറ്റങ്ങൾ പ്രതീക്ഷിക്കുന്നത്. നിലവിൽ അധിക ചുമതലയായി നൽകിയിട്ടുള്ള ചില വകുപ്പുകൾക്ക് ഇനിമുതൽ സ്വതന്ത്ര ചുമതലയുള്ള പ്രത്യേക കാബിനറ്റ് മന്ത്രിമാർ ഉണ്ടായേക്കും.

Tags:    
News Summary - Union Cabinet reshuffle to take place soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.