ലോകം ഇന്ന് ഇന്ത്യയെ കാണുന്നത് മോദിയിലൂടെ; ഗാന്ധിജിയിൽ ഒതുങ്ങിയ പ്രതിച്ഛായ മാറിയെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ ആഗോള പ്രതിച്ഛായ മുൻകാലങ്ങളിൽ മഹാത്മാഗാന്ധിയിൽ മാത്രം പരിമിതപ്പെട്ടിരുന്ന അവസ്ഥയിൽ നിന്നും വലിയ മാറ്റം കൈവരിച്ചതായി കേന്ദ്ര സാംസ്കാരിക-ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. നിലവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിദേശ രാജ്യങ്ങളിൽ ഇന്ത്യയുടെ ഏറ്റവും വലിയ 'ബ്രാൻഡ് അംബാസഡർ' എന്നും അദ്ദേഹം പ്രസ്താവിച്ചു. വാർത്താ ഏജൻസിയായ പി.ടി.ഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രിയുടെ ഈ പരാമർശം.

കഴിഞ്ഞ പത്ത് പതിനഞ്ച് വർഷത്തിനിടയിൽ ആഗോളതലത്തിൽ ഇന്ത്യയെ വീക്ഷിക്കുന്ന രീതിയിൽ വലിയ ഗുണപരമായ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് ഷെഖാവത്ത് ചൂണ്ടിക്കാട്ടി. "പത്തോ പതിനഞ്ചോ വർഷങ്ങൾക്ക് മുമ്പ് വരെ വിദേശ രാജ്യങ്ങളിൽ ചെന്ന് നമ്മൾ ഇന്ത്യക്കാരാണെന്ന് പറഞ്ഞാൽ, 'ഇന്ത്യയോ! ഓ, മിസ്റ്റർ ഗാന്ധി' എന്നായിരുന്നു ജനങ്ങളുടെ പെട്ടെന്നുള്ള പ്രതികരണം. പതിറ്റാണ്ടുകളായി ഇന്ത്യയുടെ ആഗോള ബ്രാൻഡിംഗ് ആ ഒരു പേരിൽ മാത്രം ഒതുങ്ങിനിൽക്കുകയായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി."

ഇന്ന് ലോകത്തിന്റെ ഏത് കോണിലുള്ള രാജ്യങ്ങളിൽ ചെന്നാലും, കരീബിയൻ ദ്വീപുകളിലോ മിഡിൽ ഈസ്റ്റിലോ അമേരിക്കയിലോ ആകട്ടെ, ഒരു ഇന്ത്യൻ പൗരന് ലഭിക്കുന്ന പരിഗണനയും ബഹുമാനവും വളരെ വലുതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യക്കാരനാണെന്ന് പറഞ്ഞാൽ, പ്രധാനമന്ത്രി മോദിയുടെ ആഗോള സ്വാധീനം കാരണം ഉടനടി വലിയ ആദരവും അംഗീകാരവും ലഭിക്കുന്നുണ്ടെന്ന് മന്ത്രി അവകാശപ്പെട്ടു .പ്രധാനമന്ത്രിക്ക് ആഗോളതലത്തിലുള്ള ശക്തമായ സ്വാധീനമാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ സംസ്കാരവും പാരമ്പര്യവും വൈവിധ്യമാർന്ന ഭക്ഷണരീതികളും തന്നെയാണ് രാജ്യത്തിന്റെ യഥാർത്ഥ സ്വത്വമെന്ന് വ്യക്തമാക്കിയ മന്ത്രി, എന്നാൽ ഒരു രാജ്യത്തിന്റെ ഭരണാധികാരിക്ക് ലോക നേതാക്കൾക്കിടയിലുള്ള പ്രതിച്ഛായ, ടൂറിസം വളർച്ചയെ നേരിട്ട് സ്വാധീനിക്കുമെന്നും വ്യക്തമാക്കി. ഈ ബ്രാൻഡിംഗിന്റെ കരുത്തിൽ, വിദേശ വിനോദസഞ്ചാരികളുടെ വരവ് വൻതോതിൽ വർധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. 2047-ഓടെ ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം 100 കോടി (1 ബില്യൺ) ആക്കുകയാണ് ലക്ഷ്യം.

വിദേശങ്ങളിലുള്ള ഇന്ത്യൻ എംബസികൾ ടൂറിസം വളർച്ചയുമായി ബന്ധപ്പെട്ട് വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അതത് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് എംബസികളുടെ ഒരു പ്രധാന പ്രവർത്തന സൂചികയായി കണക്കാക്കാനാണ് പുതിയ തീരുമാനം. 'ഇൻക്രെഡിബിൾ ഇന്ത്യ' എന്നതിൽ നിന്നും ലോകത്തിന് ഇനെവിറ്റബിൾ ഇന്ത്യ എന്ന തലത്തിലേക്ക് രാജ്യം വളരുകയാണെന്നും കേന്ദ്രമന്ത്രി ഷെഖാവത്ത് അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

Tags:    
News Summary - Today the world sees India through Modi; image earlier confined to Gandhiji has changed, says Union Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.