മീററ്റ്: സ്വന്തം വീടിനുമുന്നിൽ ഇറച്ചിപ്പൊതി കൊണ്ടുവെച്ച ശേഷം പൊലീസിൽ വ്യാജപരാതി നൽകി വർഗീയത സംഘർഷമുണ്ടാക്കാൻ യുവാവിന്റെ ശ്രമം. ഉത്തർ പ്രദേശ് മീററ്റിലാണ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വലിയ വർഗീയ സംഘർഷത്തിന് വഴിവെക്കാമായിരുന്ന സംഭവത്തിലാണ് സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് സത്യം പുറത്തുകൊണ്ടുവന്നത്.
മാവിമീര സ്വദേശിയായ പുനീത് എന്ന യുവാവാണ് തന്റെ വീടിനുമുന്നിൽ മാംസം അടങ്ങിയ ബാഗ് കണ്ടെത്തിയെന്ന് കാണിച്ച് എമർജൻസി നമ്പറിൽ പൊലീസിനെ വിളിച്ചത്. പ്രദേശത്ത് മാംസം കണ്ടെത്തിയെന്ന വാർത്ത പരന്നതോടെ ഗ്രാമവാസികൾ പുനീതിന്റെ വീടിനു മുന്നിൽ തടിച്ചുകൂടുകയും നേരിയ തോതിൽ സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് ജനങ്ങളോട് സമാധാനം പാലിക്കാൻ അഭ്യർഥിക്കുകയും മാംസമടങ്ങിയ ബാഗ് മാറ്റി മണ്ണിൽ കുഴിച്ചുമൂടുകയും ചെയ്തു. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പരാതിക്കാരനായ പുനീത് തന്നെയാണ് ഇതിനുപിന്നിലെന്ന് വ്യക്തമായത്.
പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, മായങ്ക് എന്ന കുട്ടി സൈക്കിളിൽ മാംസപ്പൊതികളടങ്ങിയ ചാക്കുമായി പോകുന്നതിനിടെ ഒരു പൊതി അബദ്ധത്തിൽ റോഡിൽ വീഴുന്നത് സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. വഴിയിൽ വീണ മാംസപ്പൊതി പുനീത് എടുത്ത് മനഃപൂർവ്വം തന്റെ വീടിനുമുന്നിലെ പ്രധാന റോഡിലേക്ക് കൊണ്ടുവെക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങളിൽനിന്ന് വ്യക്തമായെന്ന് പൊലീസ് വ്യക്തമാക്കി.
വ്യാജവിവരങ്ങൾ നൽകി പോലീസിനെ വഴിതെറ്റിച്ചതിനും നാട്ടിൽ ക്രമസമാധാന പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചതിനും പുനീതിനെതിരെ പോലീസ് കർശന മുന്നറിയിപ്പ് നൽകുകയും താക്കീത് നൽകി വിട്ടയക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.