നരേന്ദ്ര മോദി
റായ്പൂർ: ജനസംഖ്യ അടിസ്ഥാനമാക്കി അവകാശങ്ങൾ നൽകണമോ എന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദരിദ്രർക്കാണ് രാജ്യത്തെ വിഭവങ്ങളിൽ ആദ്യ അവകാശമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം വിഭാഗത്തിന് അവകാശങ്ങൾ കുറക്കണോ എന്നതിലും കോൺഗ്രസ് വ്യക്തത വരുത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
"പാവപ്പെട്ടവരുടെ ഉന്നമനമാണ് എന്‍റെ ലക്ഷ്യം. വിഭവങ്ങളിൽ ന്യൂനപക്ഷങ്ങൾക്കാണ് ആദ്യ അവകാശമെന്നും രാജ്യത്തിന്റെ വിഭവങ്ങളിൽ മുസ്ലിങ്ങൾക്കാണ് പ്രഥമ അവകാശമെന്നും മൻമോഹൻ സിങ് പറഞ്ഞിട്ടുണ്ട്. എന്നാൽ ആർക്ക് എത്ര കിട്ടുമെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്. അവർ മുസ്ലിങ്ങളുടെ അവകാശങ്ങൾ കുറക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എല്ലാ അവകാശങ്ങളും ഹിന്ദുക്കൾക്കാണോ?"- പ്രധാനമന്ത്രി ചോദിച്ചു.
ഛത്തീസ്ഗഡിലെ ജഗദൽപൂരിൽ ബി.ജെ.പിയുടെ പരിവർത്തൻ മഹാസങ്കൽപ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മറ്റേതൊക്കെയോ രാജ്യങ്ങളുമായി രഹസ്യ ഉടമ്പടിയിൽ ഏർപ്പെട്ട് ഇന്ത്യക്കെതിരെ സംസാരിക്കുന്നതിൽ ആനന്ദം കണ്ടെത്തുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.
കോൺഗ്രസ് പാർട്ടിയെ നയിക്കുന്നത് കോൺഗ്രസുകാരല്ലെന്നും വലിയ നേതാക്കൾ വായ്മൂടിക്കെട്ടി ഇരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ദേശവിരുദ്ധ ശക്തികളുമായി അവിശുദ്ധ കൂട്ടുകെട്ടിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾ തിരശീലക്ക് പിന്നിൽ നിന്നാണ് കോൺഗ്രസിനെ നയിക്കുന്നത്. എന്ത് വില കൊടുത്തും രാജ്യത്തെ ഹിന്ദുക്കളെ ഭിന്നിപ്പിച്ച് ഇന്ത്യയെ തകർക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും ദരിദ്രരെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലെ ബിഹാർ സർക്കാർ ജാതി സെൻസസ് പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ജാതി സെൻസസ് പ്രാധാന്യമുള്ളതാണെന്ന് നേരത്തെ രാഹുൽ ഗാന്ധിയും അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.