അന്തർ സംസ്ഥാന തൊഴിലാളികളുടെ യാത്ര ചെലവ് കോൺഗ്രസ് വഹിക്കും -സോണിയ ഗാന്ധി
ന്യൂഡൽഹി: അന്തർ സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ആവശ്യക്കാരായ മുഴുവൻ തൊഴിലാളികളുടെയും നാട്ടിലേക്കുള്ള ട്രെയിൻ യാത്രാ ചെലവ് കോൺഗ്രസ് വഹിക്കുമെന്ന് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. ഓരോ സംസ്ഥാനങ്ങളിലെയും പ്രദേശ് കോൺഗ്രസ് കമ്മിറ്റികളാണ് ഈ ചെലവ് വഹിക്കുകയെന്നും സോണിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
തൊഴിലാളികൾ നമ്മുടെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ്. അവരുടെ കഠിനാധ്വാനവും ത്യാഗവുമാണ് രാഷ്ട്രത്തിൻെറ അടിത്തറ. ആയിരക്കണക്കിന് അന്തർ സംസ്ഥാന തൊഴിലാളികൾ തങ്ങളുടെ കുടുംബത്തെ കാണാനായി ഭക്ഷണമോ മരുന്നോ പണമോ യാത്രാ സൗകര്യമോ ഇല്ലാെത കിലോമീറ്ററുകളോളം കാൽനടയായി യാത്ര ചെയ്യേണ്ടി വന്ന അവസ്ഥ 1947ലെ വിഭജനത്തിന് ശേഷം ആദ്യമായാണ് രാജ്യം അഭിമുഖീകരിക്കുന്നത്.
ഇൗ പ്രതിസന്ധി ഘട്ടത്തിൽ പോലും കേന്ദ്ര സർക്കാറും റെയിൽവെ മന്ത്രാലയവും തൊഴിലാളികളോട് ടിക്കറ്റിന് പണം വാങ്ങുന്നത് ആശങ്കയുളവാക്കുന്നു. തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന കോൺഗ്രസ് നിർദേശത്തോട് കേന്ദ്ര സർക്കാർ മുഖം തിരിച്ചുവെന്നും സോണിയ ആരോപിച്ചു. യു.എസ് പ്രസിഡൻറ് ട്രംപിൻെറ സന്ദര്‍ശനത്തിനിടെ ഗുജറാത്തില്‍ സംഘടിപ്പിച്ച പരിപാടിക്ക് മാത്രം 100 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ചിലവഴിച്ചത്. പി.എം കെയര്‍ ഫണ്ടിലേക്ക് 151 കോടി രൂപ നല്‍കിയ റെയില്‍വേയും തൊഴിലാളികള്‍ക്ക് സൗജന്യ യാത്രയൊരുക്കിയില്ലെന്നും സോണിയ വിമര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.