ജമ്മു: ബി.ജെ.പി നേതൃത്വത്തിലുള്ള ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിൽ (എൽ.എ.എച്ച്.ഡി.സി) ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം. ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ കൗൺസിലിലെ തിമിസ്‌ഗാം സീറ്റ് കോൺഗ്രസ് നിലനിർത്തി.
ബി.ജെ.പി സ്ഥാനാർഥി ദോർജയ് നംഗ്യാലിനെ 273 വോട്ടുകൾക്കാണ് കോൺഗ്രസിലെ താഷി തുണ്ടുപ്പ് പരാജയപ്പെടുത്തിയത്. ആകെ പോൾ ചെയ്ത 1467 വോട്ടുകളിൽ 861 വോട്ടുകൾ കോൺഗ്രസ് സ്ഥാനാർഥി നേടി. ബി.ജെ.പിക്ക് 588 വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. നോട്ട 14 വോട്ടുകൾ നേടി.
നിരവധി മുതിർന്ന ബി.ജെ.പി നേതാക്കൾവരെ പ്രചരണത്തിനെത്തിയിട്ടും സ്ഥാനാർഥി തോറ്റത് പാർട്ടിക്ക് വലിയ തിരിച്ചടിയായി. 2020ൽ നടന്ന തെരഞ്ഞെടുപ്പിൽ ആകെയുള്ള 30 സീറ്റുകളിൽ 15 എണ്ണം നേടി ബി.ജെ.പി അധികാരത്തിലെത്തുകയായിരുന്നു. തിമിസ്ഗാം ഉൾപ്പെടെ ഒമ്പത് സീറ്റുകളാണ് കോൺഗ്രസിന്. രണ്ട് സീറ്റുകളിൽ സ്വതന്ത്രരും ജയിച്ചു.
കൗൺസിലർ സോനം ഡോർജിയുടെ മരണത്തെ തുടർന്നാണ് തിമിസ്ഗാമിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. ലഡാക്കിൽ നിന്നുള്ള എം.പി ജംയാങ് സെറിങ് നംഗ്യാൽ, ചീഫ് എക്സിക്യുട്ടീവ് കൗൺസിലർ താഷി ഗ്യാൽസൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ നേരിട്ട് പ്രചരണത്തിനിറങ്ങിയ തിമിസ്ഗാമിൽ വിജയിക്കുമെന്ന വലിയ ആത്മവിശ്വാസത്തിലായിരുന്നു ബി.ജെ.പി.
ആപ് സ്ഥാനാർഥിയുടെ പത്രിക തള്ളിയതിനാൽ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ നേരിട്ടായിരുന്നു മത്സരം. ലഡാക്ക് ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്നും ജനങ്ങൾ രോഷാകുലരാണെന്നും മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ നവാങ് റിഗ്സിൻ ജോറ പറഞ്ഞു. മണ്ഡലത്തിൽ കോൺഗ്രസ് ആഹ്ലാദ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.