നേതാക്കളുടെ കൊഴിഞ്ഞുപോക്ക്; അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിർണായക മാറ്റവുമായി കോൺഗ്രസ്

ന്യൂഡൽഹി: മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്കിൽ ഞെട്ടിത്തരിച്ച കോൺഗ്രസ്, അധ്യക്ഷ തെരഞ്ഞെടുപ്പിൽ മാറ്റം വരുത്തുന്നു. അഞ്ച് എം.പിമാർ നൽകിയ കത്ത് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ മാറ്റം ​കൊണ്ടു വന്നത്.

കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ നാമനിർദേശം നൽകണമെന്ന് ആഗ്രഹിക്കുന്നവർക്ക് വോട്ടർമാരുടെ പട്ടിക കാണാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

അധ്യക്ഷനെ തെരെഞ്ഞടുക്കുന്ന ഇലക്ട്രൽ കോളജിലെ 9000 വോട്ടർമാരുടെ പട്ടികയാണ് നാമനിർദേശം നൽകുന്നവർക്ക് ലഭ്യമാക്കുക. ഈ പട്ടിക പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ഓഫീസിൽ സെപ്റ്റംബർ 20 മുതൽ ലഭ്യമാകുമെന്ന് തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള നേതാവ് മധുസൂദനൻ മിസ്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പിൽ സുതാര്യത ആവശ്യപ്പെട്ട് ശശി തരൂർ, കാർത്തി ചിദംബരം, മനീഷ് തിവാരി, പ്രദ്യുത് ബർദോലി, അബ്ദുൽ ഖലീക്ക് എന്നീ നേതാക്കൾ നൽകിയ കത്തിനെ തുടർന്നാണ് നീക്കം.

ഒക്ടോബർ 17നാണ് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. സെപ്റ്റംബർ 24 മുതൽ 30 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം.

മത്സരിക്കാൻ ആഗ്രഹിക്കുന്നവർക്ക് സംസ്ഥാന കോൺഗ്രസ് ഓഫീസിൽ നിന്ന് , അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളജിൽ തങ്ങളുടെ സംസ്ഥാനത്തുനിന്നുള്ള പ്രതിനിധികളായ 10 വോട്ടർമാർ ആരാണെന്ന് പരി​ശോധിക്കാം. നാമനിർദേശ പത്രിക സമർപ്പിച്ച് കഴിഞ്ഞാൽ എല്ലാ വോട്ടർമാരുടെയും പട്ടിക നൽകും.

ആർക്കെങ്കിലും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പത്ത് വോട്ടർമാരുടെ പിന്തുണ വേണമെങ്കിൽ 9000 പ്രതിനിധികളുടെ പട്ടിക തന്റെ ഓഫീസിൽ സെപ്റ്റംബർ 20 മുതൽ ലഭ്യമാണെന്നും നാമനിർദേശ പത്രിക സമർപ്പിക്കുന്ന 24ാം തീയതി വരെ രാവിലെ 11മുതൽ ആറ് വരെയുള്ള സമയത്ത് വന്ന് പരിശോധിക്കാമെന്നും മിസ്ത്രി അറിയിച്ചു.

സ്ഥനാർഥികളാകാൻ ആഗ്രഹിക്കുന്നവർക്ക് അവരെ പിന്തുണക്കുന്ന പത്ത് പേരെ കണ്ടെത്തി നാമനിർദേശം ചെയ്യാൻ ഒപ്പ് വാങ്ങാവുന്നതാണ്.

വോട്ടർമാർ ആരാണ് എന്നറിയാതെ നാമനിർദേശ പത്രിക സമർപ്പിക്കേണ്ടി വരുമെന്ന ആശങ്ക മത്സരാർഥികൾക്ക് ഇതോടെ ഒഴിവാകുമെന്നാണ് കരുതുന്നതെന്നും മിസ്ത്രി പറഞ്ഞു. കത്ത് നൽകിയവർ നടപടിയിൽ സംതൃപ്തരാണെന്ന് കരുതുന്നു. ഇക്കാര്യത്തെ സംബന്ധിച്ച് തന്നോട് ഫോണിൽ വിവരങ്ങൾ കൈമാറിയ തരൂരിന് നന്ദി പറയുന്നു​വെന്നും മിസ്ത്രി പറഞ്ഞു. നടപടി സ്വാഗതാർഹമാണെന്നും പാർട്ടിയെ ശക്തിപ്പെടുത്തുക മാത്രമാണ് ഉദ്ദേശമെന്നും ശശി തരൂർ ട്വീറ്റ് ചെയ്തു.

അതേസമയം, വോട്ടർപട്ടിക വോട്ടവകാശമുള്ള എല്ലാവർക്കും നൽകണമെന്ന അഞ്ചംഗ സംഘത്തിന്റെ ആവശ്യം അംഗീകരിച്ചിട്ടില്ല. 

Tags:    
News Summary - Congress made a crucial change in the presidential elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.