ന്യൂഡൽഹി: ശശി തരൂരിനെപ്പോലെ പാർട്ടിയെ നിരന്തരം പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകൾ ആവർത്തിക്കുന്ന മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിനെതിരെ കോൺഗ്രസിൽ കടുത്ത അമർഷം. ഇന്ദിര ഗാന്ധിയെ പ്രതിക്കൂട്ടിലാക്കി സുവർണ ക്ഷേത്രത്തിലെ ഓപറേഷൻ ബ്ലൂസ്റ്റാർ സൈനിക നടപടിയെക്കുറിച്ച് കഴിഞ്ഞ ദിവസം ചിദംബരം നടത്തിയ പ്രസ്താവനക്കെതിരെ മുതിർന്ന നേതാക്കൾ രംഗത്തുവന്നു.
സുവർണ ക്ഷേത്രത്തിലെ സൈനിക നടപടിയായ ഓപറേഷൻ ബ്ലൂ സ്റ്റാർ തെറ്റായിരുന്നുവെന്നും ആ പിഴവിന് ഇന്ദിര സ്വന്തം ജീവിതംകൊണ്ട് വിലയൊടുക്കിയെന്നും ഹിമാചൽ പ്രദേശിലെ കസോലിയിൽ ഖുശ്വന്ത് സിങ് സാഹിത്യോത്സവത്തിൽ പി. ചിദംബരം പറഞ്ഞതാണ് വിവാദമായത്. ചിദംബരത്തിന്റെ പ്രസ്താവനയെ പിന്തുണച്ച് ബി.ജെ.പി രംഗത്തുവന്നു. ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരിക്കേ 1984 ജൂൺ ഒന്നിനും 10നുമിടെ, സുവർണക്ഷേത്രം താവളമാക്കിയ ജർണയിൽ സിങ് ഭിന്ദ്രൻവാല അടക്കമുള്ള സിഖ് വിഘടനവാദികളെ നീക്കാൻ നടത്തിയ സൈനിക നടപടിയാണ് ഓപറേഷൻ ബ്ലൂസ്റ്റാർ. ഇതിനുള്ള പ്രതികാരമെന്ന നിലക്കാണ് സിഖ് അംഗരക്ഷകർ ഇന്ദിര ഗാന്ധിയെ 1984 ഒക്ടാബർ 31ന് വെടിവെച്ചുകൊന്നത്.
ആവർത്തിക്കുന്ന വിമർശനം
ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ നടന്ന മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്താനെ ആക്രമിക്കാതിരുന്നത് യു.എസ് ആവശ്യപ്പെട്ടതുകൊണ്ടാണെന്ന് ചിദംബരം പറഞ്ഞത് ഏതാനും ദിവസം മുമ്പാണ്. അത് സൃഷ്ടിച്ച വിവാദം കോൺഗ്രസിനുണ്ടാക്കിയ പരിക്ക് മാറും മുമ്പാണ് പുതിയ വാദം. ഓപറേഷൻ സിന്ദൂർ യു.എസ് നിർദേശപ്രകാരം നിർത്തിവെച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിൽ നിർത്തി കോൺഗ്രസ് നടത്തുന്ന പ്രചാരണത്തിന്റെ മുനയൊടിക്കുകയാണ് ചിദംബരം ചെയ്തത്.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഓപറേഷൻ ബ്ലൂ സ്റ്റാർ തെറ്റാണെന്ന് പറഞ്ഞ് സിഖ് സമുദായത്തോട് മാപ്പു ചോദിച്ചതാണെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും ചിദംബരം എന്തിന് വിവാദത്തിന് തിരികൊളുത്തിയെന്നാണ് അവർ ചോദിക്കുന്നത്. കോൺഗ്രസിന്റെ ഉന്നത നേതൃത്വവും പാർട്ടിയും ചിദംബരത്തിന്റെ നടപടിയിൽ അസ്വസ്ഥരാണെന്ന് പ്രമുഖ നേതാവ് പറഞ്ഞു. ഒരു മുതിർന്ന നേതാവ് കരുതലോടെ സംസാരിക്കണം. പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനകൾ ആവർത്തിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
മുനവെച്ച ചോദ്യവുമായി റാശിദ് ആൽവി
ചിദംബരത്തിനെതിരായ ക്രിമിനൽ കേസുകളാണോ ഇത്തരത്തിൽ അദ്ദേഹത്തെക്കൊണ്ട് പറയിക്കുന്നതെന്ന് ആരാഞ്ഞ് കോൺഗ്രസ് നേതാവ് റാശിദ് ആൽവി. കോൺഗ്രസിനെതിരെ സംസാരിക്കാൻ ചിദംബരത്തിന് മേലുള്ള സമ്മർദം എന്താണെന്ന് അദ്ദേഹം ചോദിച്ചു. നിർഭാഗ്യകരമായ പ്രസ്താവനയാണ്. ബി.ജെ.പിക്കെതിരെ സംസാരിക്കുന്നതിന് പകരം കോൺഗ്രസിന്റെ കുറവുകളെ കുറിച്ചാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.