സൂറത്ത്: സസ്പെൻഡ് ചെയ്യപ്പെട്ട കോൺഗ്രസ് നേതാവും പാർട്ടിയുടെ സൂറത്ത് സ്ഥാനാർഥിയുമായ നിലേഷ് കുംഭാനി ഒടുവിൽ പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെട്ടു. നിലേഷ് കുംഭാനിയുടെ പത്രിക തള്ളിയതിനെ തുടർന്ന് സൂറത്തിൽ ബി.ജെ.പി സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ നിലേഷ് കുംഭാനി മുങ്ങുകയായിരുന്നു. ഒടുവിൽ 20 ദിവസത്തിന് ശേഷമാണ് കോൺഗ്രസ് തന്നെ വഞ്ചിച്ചുവെന്ന പ്രതികരണവുമായി കുംഭാനി രംഗത്തെത്തുന്നത്.
സംസ്ഥാന പാർട്ടി പ്രസിഡന്റ് ശക്തിസിൻഹ് ഗോഹിലിനോടും രാജ്കോട്ട് സ്ഥാനാർഥി പരേഷ് ദഹനിയോടുമുള്ള ബഹുമാനം കൊണ്ടാണ് താൻ ഇത്രയും ദിവസം മിണ്ടാതിരുന്നതെന്ന് കുംഭാനി പറഞ്ഞു. കോൺഗ്രസ് നേതാക്കൾ താൻ പാർട്ടിയെ വഞ്ചിച്ചുവെന്ന് പറയുന്നു. എന്നാൽ, 2017ൽ പാർട്ടിയാണ് തന്നെ വഞ്ചിച്ചത്. സൂറത്തിലെ കാംരാജ് നിയമസഭ സീറ്റിൽ നിന്നുള്ള മത്സരത്തിൽ നിന്നും തന്നെ അവസാന നിമിഷമാണ് പാർട്ടി ഒഴിവാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
ഇതാണ് ആദ്യത്തെ തെറ്റ്. അത് ചെയ്തത് കോൺഗ്രസ് പാർട്ടിയാണെന്നും നിലേഷ് കുംഭാനി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. പ്രവർത്തകരോട് ഇതുപോലെ പെരുമാറാൻ തനിക്കാവില്ല. അഞ്ച് നേതാക്കൾ നയിക്കുന്ന പാർട്ടിയായി കോൺഗ്രസ് സൂറത്തിൽ മാറിയതിൽ പ്രവർത്തകർക്ക് അസംതൃപ്തിയുണ്ട്. ഈ നേതാക്കൾ പ്രവർത്തിക്കുകയുമില്ല. മറ്റുള്ളവരെ പ്രവർത്തിക്കാൻ സമ്മതിക്കുകയുമില്ല. എ.എ.പിയും കോൺഗ്രസും ഇൻഡ്യ സഖ്യത്തിന്റെ ഭാഗമാണ്. എന്നാൽ, എ.എ.പിക്കൊപ്പം ചേർന്ന് താൻ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയപ്പോൾ സൂറത്തിലെ നേതാക്കൾ അതിനെ എതിർത്തുവെന്നും കുംഭാനി ആരോപിച്ചു.
ഈ ലോക്സഭ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഭവങ്ങൾ അതിന്റെ പ്രതിഫലനമാണോയെന്ന ചോദ്യത്തോട് നേരിട്ട് ഉത്തരം നൽകാൻ കുംഭാനി തയാറായില്ല. അതിന് പകരം 2017ലുണ്ടായ സീറ്റ് നിഷേധത്തെ കുറിച്ച് പറയുകയാണ് കുംഭാനി ചെയ്തത്. ഏപ്രിൽ 21നാണ് കുംഭാനിയുടെ നാമനിർദേശ പത്രിക തള്ളിയത്. കുംഭാനിയെ സ്ഥാനാർഥിയായി നിർദേശിച്ചവർ നാമനിർദേശ പത്രികയിൽ ഒപ്പിടാതിരുന്നതാണ് പ്രശ്നമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.