കനയ്യ കുമാറിനൊപ്പം കോൺഗ്രസിലേക്ക്; സ്ഥിരീകരിച്ച് ജിഗ്നേഷ് മേവാനി

ന്യൂഡൽഹി: ഗുജറാത്ത് എം.എൽ.എയും രാഷ്ട്രീയ ദലിത് അധികർ മഞ്ച് കൺവീനറുമായ ജിഗ്നേഷ് മേവാനി കോൺഗ്രസ് പ്രവേശനം സ്ഥിരീകരിച്ചു. ഒപ്പം സി.പി.ഐ നേതാവും ജെ.എന്‍.യു സര്‍വകലാശാല മുന്‍ യൂണിയന്‍ പ്രസിഡന്‍റുമായ കനയ്യ കുമാറും കോൺഗ്രസിൽ ചേരുമെന്ന് ജിഗ്നേഷ് പറഞ്ഞതായി 'ഫ്രീ പ്രസ് ജേണൽ' റിപ്പോർട്ട് ചെയ്തു. ഇരുവരും കോൺഗ്രസിൽ ചേർന്നേക്കുമെന്ന് നാളുകളായി അഭ്യൂഹം നിലനിന്നിരുന്നു. ഇരുവരും സെപ്റ്റംബർ 28നാണ് കോൺഗ്രസിന്‍റെ ഭാഗമാകുക.

കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കഴിഞ്ഞ ചൊവ്വാഴ്ച രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, ഇതേക്കുറിച്ച് നേതാക്കളാരും പ്രതികരിച്ചിരുന്നില്ല. മേവാനിയെ കോൺഗ്രസ് ഗുജറാത്ത് വർക്കിങ് പ്രസിഡന്‍റാക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഗുജറാത്തിൽ ജിഗ്നേഷ് മത്സരിച്ചുജയിച്ച മണ്ഡലത്തിൽ കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല.

പ്രശാന്ത് കിഷോറിനൊപ്പം രണ്ടുതവണ രാഹുൽ ഗാന്ധിയുമായി കനയ്യ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പ്രശാന്ത് കിഷോർ കോൺ​ഗ്രസിൽ ചേരുമെന്ന് ഏതാണ്ട് ഉറപ്പായ ഘട്ടത്തിലാണ് ഈ നിർണായക കൂടിക്കാഴ്ചകളും നടന്നത്. കനയ്യ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍.


2019 തെരഞ്ഞെടുപ്പില്‍ ഒരുകാലത്ത് സി.പി.ഐയുടെ കോട്ടയായിരുന്ന ബിഹാറിലെ ബേഗുസരായിയിൽ കനയ്യകുമാർ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ബി.ജെ.പി സ്ഥാനാർഥിയായ ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റത്. സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് കൂടിയായ കനയ്യ കുമാർ കോണ്‍ഗ്രസിൽ ചേരുന്നെന്ന പ്രചാരണം അസംബന്ധമെന്നാണ് സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞത്. രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്തകൾക്ക് പിന്നാലെ ഡി. രാജ കനയ്യകുമാറിനെ സന്ദർശിച്ചിരുന്നു.

ദേശീയരാഷ്ട്രീയത്തിൽ ശ്രദ്ധേയരായ യുവനേതാക്കളെ ഒപ്പം കൂട്ടുന്നതിലൂടെ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിച്ഛായ മെച്ചപ്പെടുത്താനാണ് കോൺഗ്രസിന്‍റെ നീക്കം. 

Tags:    
News Summary - Confirmed! Jignesh Mevani, Kanhaiya Kumar to join Congress on September 28

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.