സി.ജെ റോയ്
ബംഗളൂരു: പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് (57) ആദായനികുതി റെയ്ഡിനിടെ ആത്മഹത്യ ചെയ്തു. ബംഗളൂരുവിലെ കമ്പനിയുടെ ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് (ഐ.ടി) റെയ്ഡ് നടത്തുന്നതിനിടെയായിരുന്നു സ്വന്തം തോക്കിൽ നിന്നും നിറയൊഴിച്ച് ആത്മഹത്യ ചെയ്തത്. ബംഗളൂരു ലാൻഡ്ഫോർട്ട് ടൗണിലെ ഓഫീസിൽ വെച്ചായിരുന്നു ജീവനൊടുക്കിയത്. കൊച്ചി സ്വദേശിയാണ് സി.ജെ റോയ്.
കേരളം, കർണാടക, തമിഴ്നാട് ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമായി റിയൽ എസ്റ്റേറ്റ്, നിർമാണ മേഖലകളിലും, സിനിമാ നിർമാണത്തിലും സജീവ സാന്നിധ്യമായിരുന്നു സി.ജെ റോയുടെ നേതൃത്വത്തിലുള്ള കോൺഫിഡന്റ് ഗ്രൂപ്പ്.
നികുതി വെട്ടിപ്പ് ആരോപണത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം എത്തിയതിനു പിന്നാലെയാണ് ആത്മഹത്യയെന്നാണ് റിപ്പോർട്ട്. എച്ച്.എസ്.ആർ ലേ ഔട്ട് നാരായണ ആശുപത്രിയിലാണ് മൃതദേഹം.
ഓഫീസുകളിലും വസതികളിലുമായി നടന്ന തുടർച്ചയായ റെയ്ഡുകളിൽ മാനസികമായി തകർന്നതാണ് ആത്മഹത്യ ചെയ്യാൻ കാരണം.
ദക്ഷിണേന്ത്യയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പാണ് ബംഗളൂരു കേന്ദ്രമായ കോൺഫിഡന്റ് ഗ്രൂപ്പ്. റിയൽ എസ്റ്റേറ്റിന് പുറമെ, സിനിമ, സ്പോർട്സ്, വ്യോമയാന മേഖലകളിലും വലിയ നിക്ഷേപമുണ്ട്.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു കൊച്ചിയിൽ നിന്നുള്ള ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയത്.
വെള്ളിയാഴ്ച രാവിലെ ആരംഭിച്ച റെയ്ഡിനിടെ, ഉച്ചക്കു ശേഷം സി.ജെ റോയിയെ ഓഫീസിലേക്ക് വിളിച്ചു വരുത്തി ഒരു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതിനിടെ, രേഖകൾ എടുക്കാനായി ഓഫീസിലേക്ക് പോയതിനു പിന്നാലെയാണ് സ്വന്തം റിവോൾവർ ഉപയോഗിച്ച് വെടിയുതിർത്തതത്. നെഞ്ചിലായിരുന്നു വെടിവെച്ചത്.
കേരളത്തിൽ നിന്നുള്ള ഐ.ടി വകുപ്പിന്റെ ബംഗളൂരുവിൽ റെയ്ഡ് നടത്താൻ അധികാരമില്ലെന്ന് ചൂണ്ടികാട്ടി കോൺഫിഡന്റ് ഗ്രൂപ്പ് ബംഗളൂരു കോടതിയെ സമീപിച്ച് റെയ്ഡിനെതിരെ സ്റ്റേ വാങ്ങിയിരുന്നു. എന്നാൽ, അടുത്തിടെ സ്റ്റേ നീക്കിയതിനു പിന്നാലെയാണ് ആദായനികുതി സംഘം പരിശോധനക്കെത്തിയത്.
ലിനി റോയ് ആണ് ഭാര്യ. രോഹിത്, റിയ എന്നിവരാണ് മക്കൾ. വമ്പൻ ഹോട്ടലുകൾ, റിസോർട്ട് എന്നിവയും സി.ജെ റോയുടെ ഉടമസ്ഥതയിലുണ്ട്. ആഡംബര കാറുകളുടെ ഇഷ്ടക്കാരനായ സി.ജെ റോയിക്ക് 12 റോൾസ് റോയസ് ഉൾപ്പെടെ 200ഓളം കാറുകൾ സ്വന്തമായുണ്ട്.
കേരളത്തിലെ ബിസിനസിൽ നിറസാന്നിധ്യമായ സി.ജെ റോയിയുടെ ആത്മഹത്യ വ്യവസായമേഖലയെയും ഞെട്ടലുളവാക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.