നരേന്ദ്ര മോദി
നമുക്ക് കാര്യങ്ങൾ കൃത്യം കൃത്യമായി പറയാം- കഴിഞ്ഞ ദിവസം പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികൾ തള്ളിക്കളഞ്ഞത് ‘വനിതാ സംവരണ ബിൽ 2026’ ആയിരുന്നില്ല; മറിച്ച് മണ്ഡല പുനർനിർണ്ണയത്തിലൂടെ ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഭരണഘടനാ (131-ാം ഭേദഗതി) ബിൽ, 2026 ആയിരുന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാൻ മോദി സർക്കാരിന് കഴിയാഞ്ഞതിനാൽ ബിൽ പരാജയപ്പെട്ടു. ലോക്സഭാ സീറ്റുകൾ 850 ആയി ഉയർത്താനുള്ള ഈ നിർദ്ദേശം ദക്ഷിണേന്ത്യൻ, കിഴക്കൻ സംസ്ഥാനങ്ങൾക്ക് ദോഷകരമാകുമായിരുന്നു.
വനിതാ ബില്ലിനെ മണ്ഡല പുനർനിർണയവുമായി കൂട്ടിക്കെട്ടാനുള്ള മോദി സർക്കാരിന്റെ ഗൂഢനീക്കത്തെയാണ് പ്രതിപക്ഷ പാർട്ടികൾ എതിർത്തത്. എന്നിരുന്നാലും, പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ ടെലിവിഷനിലൂടെ പ്രതിപക്ഷത്തിനെതിരെ രാഷ്ട്രീയ പ്രസംഗം നടത്തി. സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ, സർക്കാർ മാധ്യമങ്ങളെ രാഷ്ട്രീയ പ്രചാരണങ്ങൾക്കായി ഉപയോഗിക്കരുത് എന്ന പെരുമാറ്റച്ചട്ടം ലംഘിച്ചുകൊണ്ടായിരുന്നു ഈ പ്രസംഗം. പ്രതിപക്ഷം ‘‘പെൺ ഭ്രൂണഹത്യ’’ നടത്തിയെന്നാണ് മോദി ആരോപിച്ചത്.
‘‘ഇന്ത്യയിലെ അമ്മമാരോടും പെൺമക്കളോടും’’ താൻ മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞ മോദി, ‘‘ഒരു സ്ത്രീ എല്ലാം മറന്നേക്കാം, പക്ഷേ തനിക്കേറ്റ അപമാനം ഒരിക്കലും മറക്കില്ല’’ എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു. പ്രധാനമന്ത്രി തന്റെ ഈ വാക്കുകൾ പാലിച്ച്, സ്ത്രീകൾ അനുഭവിച്ച കടുത്ത ക്രൂരതകൾക്ക് അവരോട് മാപ്പ് ചോദിക്കുന്നത് രാജ്യത്തിനും സ്ത്രീകൾക്കും ഗുണകരമാകും. മോദി ഇന്ത്യയിലെ സ്ത്രീകളോട് മാപ്പ് പറയേണ്ടിരുന്നതും എന്നാൽ ഒരിക്കലും പറയാത്തതുമായ അഞ്ച് സന്ദർഭങ്ങൾ ഓർമിപ്പിക്കുന്നു:
1. വനിതാ ഗുസ്തിതാരങ്ങൾ പീഡിപ്പിക്കപ്പെട്ടപ്പോൾ
ആറ് തവണ ബി.ജെ.പി എം.പി ആയിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗികാരോപണങ്ങളിൽ നടപടിയെടുക്കാൻ മോദി സർക്കാർ വിസമ്മതിച്ചതിൽ പ്രതിഷേധിച്ച ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട്, ഒളിമ്പിക് മെഡൽ ജേതാക്കളായ സാക്ഷി മാലിക്, ബജ്റംഗ് പുനിയ എന്നിവരെ തെരുവിലൂടെ വലിച്ചിഴച്ച് പൊലീസ് വാനിൽ കയറ്റിയത് രാജ്യം മറന്നിട്ടില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങളാണ് റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ പ്രസിഡന്റായിരുന്ന ബ്രിജ് ഭൂഷനെതിരെ പരാതി നൽകിയത്. ശക്തമായ പൊതുജനരോഷം നിലനിൽക്കെത്തന്നെ, 2024-ലെ പൊതുതിരഞ്ഞെടുപ്പിൽ മോദിയും ഷായും ചേർന്ന് ഇയാളുടെ മകൻ കരൺ ഭൂഷൺ സിങ്ങിന് സീറ്റ് നൽകി. സിങ്ങിന്റെ അടുത്ത അനുയായി സഞ്ജയ് കുമാർ സിംഗ് റെസ്ലിംഗ് ഫെഡറേഷൻ പ്രസിഡന്റായതോടെ വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര റെസ്ലിംഗ് ഫെഡറേഷൻ അന്വേഷണം ആവശ്യപ്പെട്ടിട്ടും ഇയാൾക്കുള്ള ഭരണകൂട പിന്തുണ തുടരുന്നു.
2. ആൾദൈവങ്ങളുടെ അഴിഞ്ഞാട്ടം
ലൈംഗിക പീഡനങ്ങൾ നടത്തുന്ന കപട ആൾദൈവങ്ങളുടെ പട്ടിക നീളുകയാണ്. 2013-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 2018-ൽ ശിക്ഷിക്കപ്പെട്ട ഗുജറാത്തിലെ ആശാറാം ബാപ്പു ഇതിനൊരു ഉദാഹരണമാണ്. 2001-2006 കാലയളവിലെ മറ്റൊരു ബലാത്സംഗക്കേസിൽ 2023-ൽ ഇയാൾക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചു. എന്നാൽ, ഇയാൾക്ക് പലതവണ താൽക്കാലിക ജാമ്യം ലഭിച്ചു എന്നത് അത്ഭുതകരമാണ്. 2025-ൽ ഗുജറാത്ത് ഹൈക്കോടതി നൽകിയ ജാമ്യം സുപ്രീം കോടതിയും ശരിവെച്ചു. 2025 നവംബറിൽ ചികിത്സാർത്ഥം ആറ് മാസത്തേക്ക് ഇയാൾ വീണ്ടും മോചിതനായി. ശിക്ഷിക്കപ്പെട്ട കുറ്റവാളിയായ ആശാറാം 2026 മാർച്ചിൽ അയോധ്യയും വാരണാസിയും സന്ദർശിച്ച് ക്ഷേത്രദർശനം നടത്തിയത് എല്ലാവരെയും ഞെട്ടിച്ചു.
രണ്ട് അനുയായികളെ പീഡിപ്പിച്ച കേസിൽ 2017-ൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിംഗ്. മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷയും ഇയാൾ അനുഭവിക്കുന്നുണ്ട്. എന്നിരുന്നാലും, ഈ വർഷം ജനുവരിയിൽ ഇയാൾക്ക് 40 ദിവസത്തെ പരോൾ ലഭിച്ചു. ഇയാളുടെ തുടർച്ചയായ പരോളുകൾ പലപ്പോഴും ഹരിയാനയിലെയും പഞ്ചാബിലെയും തെരഞ്ഞെടുപ്പ് വേളകളുമായി ഒത്തുവരുന്നത് ദുരൂഹമാണ്.
പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചതിനും, ഡൽഹി രോഹിണിയിലെ തന്റെ ‘ആത്മീയ സർവകലാശാല’യിൽ നിരവധി സ്ത്രീകളെ തടവിൽ പാർപ്പിച്ചതിനും ആരോപണവിധേയനായിരുന്നു വീരേന്ദർ ദേവ് ദീക്ഷിത്. 2018-ൽ സി.ബി.ഐ ലുക്ക്ഔട്ട് നോട്ടീസ് നിലനിൽക്കെ ഇയാൾ ഒളിവിൽ പോയി. ഒടുവിൽ 2023-ൽ ദീക്ഷിത് മരണപ്പെട്ടതായി സി.ബി.ഐ കോടതിയെ അറിയിച്ചു.
3. ബലാത്സംഗ കുറ്റവാളികൾക്ക് ഹാരാർപ്പണം
ഗുജറാത്ത് വംശഹത്യക്കിടെ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്ത 11 കുറ്റവാളികളെ 2022-ലെ സ്വാതന്ത്ര്യദിനത്തിൽ ഗുജറാത്ത് സർക്കാർ വിട്ടയച്ചു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇവരെ മാലയണിയിച്ചും മധുരപലഹാരങ്ങൾ നൽകിയുമാണ് ബി.ജെ.പി പ്രവർത്തകർ സ്വീകരിച്ചത്. അമിത് ഷായുടെ കീഴിലുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയായിരുന്നു ഈ മോചനം. പിന്നീട് സുപ്രീം കോടതി ഇടപെട്ട് ഈ വിധി റദ്ദാക്കിയതിനെത്തുടർന്ന് 2024-ലാണ് ഇവർ തിരികെ ജയിലിലെത്തിയത്.
4. കത്വയിലെ ക്രൂരത
ജമ്മു കശ്മീരിലെ കത്വയിൽ എട്ട് വയസ്സുകാരി കൊല്ലപ്പെട്ട കേസിൽ പ്രതികളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബി.ജെ.പി നേതാക്കളും പ്രവർത്തകരും ദേശീയ പതാകയേന്തി റാലി നടത്തിയത്. മുസ്ലിം നാടോടി ഗോത്രത്തിൽപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി ദിവസങ്ങളോളം പീഡിപ്പിക്കുകയും ക്ഷേത്രത്തിനുള്ളിൽ വെച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസാണിത്. കേസിലെ പ്രോസിക്യൂഷൻ അഭിഭാഷകനെതിരെ ബി.ജെ.പിയുടെ മഹിളാ വിഭാഗം പ്രതിഷേധിച്ചു. പ്രതികളുടെ അറസ്റ്റിനെതിരെ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത രണ്ട് ബി.ജെ.പി മന്ത്രിമാർക്ക് ജനരോഷത്തെത്തുടർന്ന് രാജിവെക്കേണ്ടി വന്നു. ഒടുവിൽ മൂന്ന് പേർക്ക് പ്രത്യേക കോടതി ജീവപര്യന്തം വിധിച്ചു. തെളിവ് നശിപ്പിച്ചതിന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് അഞ്ച് വർഷം തടവും ശിക്ഷ ലഭിച്ചു.
5. ഉന്നാവോ പീഡനക്കേസ്
മുൻ ബി.ജെ.പി എം.എൽ.എ കുൽദീപ് സിംഗ് സെൻഗറിനെതിരെ പരാതി നൽകിയ പെൺകുട്ടിയുടെ കുടുംബം നേരിട്ടത് കൊടിയ പീഡനങ്ങളാണ്. പെൺകുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. പെൺകുട്ടി സഞ്ചരിച്ച കാർ ദുരൂഹസാഹചര്യത്തിൽ ട്രക്കുമായി കൂട്ടിയിടിച്ച് ബന്ധുക്കൾ മരിക്കുകയും പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഒടുവിൽ സുപ്രീം കോടതി ഇടപെട്ടാണ് കേസ് ഡൽഹിയിലേക്ക് മാറ്റിയതും സെൻഗറിന് ജീവപര്യന്തം ശിക്ഷ ലഭിച്ചതും. നിലവിൽ സെൻഗർ ജയിലിലാണെങ്കിലും, ശിക്ഷ മരവിപ്പിക്കണമെന്ന ഇയാളുടെ അപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
(മുതിർന്ന മാധ്യമപ്രവർത്തക വൃന്ദ ഗോപിനാഥ് thewire.in-ൽ എഴുതിയ ലേഖനത്തിന്റെ സംഗ്രഹ വിവർത്തനം)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.