ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ കോൺഗ്രസ് എം.എൽ.എയുടെ ബംഗ്ലാവിൽ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എം.എൽ.എ ഓംകാർ സിങ് മർകമിന്റെ ശ്യാമള ഹിൽസിലെ ഔദ്യോഗിക വസതിയിലാണ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 22കാരനായ തിരത് സിങ് എന്ന വിദ്യാർഥിയാണ് മരിച്ചത്. കഴിഞ്ഞ നാല് വർഷമായി എം.എൽ.എയുടെ വീട്ടിൽ താമസിച്ചാണ് തിരത് സിങ് പഠിക്കുന്നത്.
അർബുദ ബാധിതനായ വിദ്യാർഥിയാണ് ആത്മഹത്യ ചെയ്തതെന്നും സ്ഥലത്ത് നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്നാണ് നിഗമനം. സ്ഥലത്ത് നിന്ന് കണ്ടെത്തിയ ആത്മഹത്യക്കുറിപ്പ് മരിച്ചയാളുടെത് തന്നെയെന്ന് ഉറപ്പ് വരുത്താൻ കൈയക്ഷര വിദഗ്ധർക്ക് അയച്ചിട്ടുണ്ട്. അർബുദ ബാധിതനായ വിദ്യാർഥി മനോവിഷമത്തെ തുടർന്നാണ് മരിച്ചതെന്ന് ആത്മഹത്യക്കുറുപ്പിൽ നിന്ന് വ്യക്തമാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
മരണത്തിന്‍റെ യഥാർഥ കാരണം അറിയാൻ വിശദ അന്വേഷണം നടത്തുമെന്നും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും പൊലീസ് വ്യക്തമാക്കി. സംഭവ സമയം എം.എൽ.എ സ്ഥലത്തുണ്ടായിരുന്നില്ല. മരണവിവരം അറിഞ്ഞതിന് പിന്നാലെ കുടുംബത്തോടൊപ്പം അദ്ദേഹം മോർച്ചറിയിൽ എത്തുകയായിരുന്നു.
വിദ്യാർഥിക്ക് തൊണ്ടയിൽ അർബുദമായിരുന്നെന്നും നാല് വർഷമായി ചികിത്സയിലായിരുന്നെന്നും വീട്ടുകാർ പറഞ്ഞു. ചികിത്സക്കിടെ രോഗത്തിൽ നേരിയ പുരോഗതിയുണ്ടായെങ്കിലും കുറച്ചുകാലമായി വേദന വർധിച്ചതിനാൽ തിരത് കടുത്ത വിഷമത്തിലായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.