​കേന്ദ്രത്തിന്റേത് വിശ്വാസവഞ്ചന; വീണ്ടും ജന്തർ മന്തർ മോഡൽ സമരത്തിനൊരുങ്ങി സി.ജെ.പി

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ നടത്തിവന്ന സമരം അവസാനിപ്പിക്കാൻ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). കേന്ദ്രത്തിന്റേത് 'വിശ്വാസവഞ്ചന'യാണെന്നും വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ വീണ്ടും ജന്തർ മന്തർ മോഡൽ സമരത്തിലേക്ക് കടക്കുമെന്നും ഓൺലൈൻ കൂട്ടായ്മയായ സി.ജെ.പി മുന്നറിയിപ്പ് നൽകി. രാജ്യത്തെ യുവതലമുറയെ കേന്ദ്ര സർക്കാർ വഞ്ചിക്കുകയാണെന്നും അവർ ആരോപിച്ചു.

"സമാധാനപരമായി നടന്ന ഒരു പ്രക്ഷോഭം അവസാനിപ്പിക്കാൻ വാഗ്ദാനങ്ങൾ നൽകുകയും, തെരുവുകളിൽ നിന്ന് ആളുകൾ ഒഴിഞ്ഞുപോയ ശേഷം അതിൽ നിന്ന് പിന്മാറാൻ ശ്രമിക്കുകയും ചെയ്യുന്നത് ഒരു തലമുറയെ മുഴുവൻ അപമാനിക്കുന്നതിന് തുല്യമാണ്. ഇന്ത്യയിലെ യുവാക്കൾക്ക് നൽകിയ ഉറപ്പുകൾ അക്ഷരംപ്രതി പാലിക്കപ്പെടേണ്ടതുണ്ട്," സി.ജെ.പി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

വിദ്യാർഥി സമരക്കാർക്കെതിരെ എടുത്ത എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്ന് കോടതി നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതിന്റെ പട്ടിക നൽകാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഈ മാസം 24-ന് സംഘടന യോഗം ചേർന്ന് ഭാവി പരിപാടികൾ തീരുമാനിക്കുമെന്നും, രാജ്യത്തുടനീളമുള്ള വിദ്യാർഥികളും പിന്തുണയ്ക്കുന്നവരും അടുത്ത നീക്കത്തിനായി തയ്യാറെടുക്കണമെന്നും സി.ജെ.പി സഹ കൺവീനർ സൗരവ് ദാസും നിയമകാര്യ മേധാവി രത്ന സിങ്ങും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വാഗ്ദാനങ്ങളിൽ വെള്ളം ചേർക്കാനോ, വൈകിപ്പിക്കാനോ, അപമാനിക്കാനോ ഉള്ള ഏതൊരു ശ്രമവും ഇന്ത്യയിലെ യുവാക്കളോടുള്ള വിശ്വാസവഞ്ചനയാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും നേതാക്കൾ പറഞ്ഞു.

ഒരു മാസത്തിലേറെയായി നടന്നുവന്ന സമരം തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചുവെന്ന് വ്യക്തമാക്കിക്കൊണ്ട് ജൂലൈ 25-നാണ് സി.ജെ.പി അവസാനിപ്പിച്ചത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരു സർക്കാർ പ്രതിനിധി സംഘവും തങ്ങളെ സമീപിച്ചിട്ടില്ലെന്ന് പാർട്ടി ചൂണ്ടിക്കാട്ടി. നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് പരമാവധി നഷ്ടപരിഹാരം നൽകുക, കേന്ദ്ര-എൻ.ഡി.എ സർക്കാരുകൾ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ പിൻവലിക്കുക, സി.ജെ.പിയുടെ അഞ്ചിന പരീക്ഷാ പരിഷ്കരണ ചാർട്ടർ പരിഗണിച്ച് ചർച്ചകൾ നടത്തുക തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങൾ. സമരത്തിന്റെ ഫലമായാണ് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെക്കൊണ്ട് രാജി വെപ്പിക്കാൻ കഴിഞ്ഞതെന്നും, എന്നാൽ നൽകിയ മുഴുവൻ വാഗ്ദാനങ്ങളും പാലിക്കപ്പെടുന്നതുവരെ തങ്ങൾ വിശ്രമിക്കില്ലെന്നും സി.ജെ.പി വ്യക്തമാക്കി.

Tags:    
News Summary - Cockroach Janata Party Warns of New Jantar Mantar Protest Over NEET Demands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.