'തെറ്റ് ചെയ്തവർക്ക് ഒരു അവസരം കൂടി നൽകണം'; കോപ്പിയടിച്ചതിന് അധ്യാപകർ മർദിച്ച ഏഴാം ക്ലാസുകാരൻ ജീവനൊടുക്കി

ലഖ്‌നോ: പരീക്ഷയിൽ കോപ്പിയടിച്ചതിന് സ്‌കൂളിലെ പ്രിൻസിപ്പലും അധ്യാപികയും ചേർന്ന് മർദിച്ചതിനെ തുടർന്ന് വിദ്യാർഥി ജീവനൊടുക്കി. ഏഴാം ക്ലാസുകാരൻ യാഷ് സിങാണ് മരിച്ചത്. ഉത്തർപ്രദേശിലെ റായ്ബറേലി മിൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അർധവാർഷിക പരീക്ഷക്ക് കോപ്പിയടിച്ചെന്ന് ആരോപിച്ചാണ് പ്രിൻസിപ്പലും അധ്യാപികയും ചേർന്ന് കുട്ടിയെ മർദിച്ചത്. അധ്യാപിക മോണിക്ക മാർഗോ, പ്രിൻസിപ്പൽ രജനി ഡിസൂസ എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതായി റായ്ബറേലി പൊലീസ് സൂപ്രണ്ട് അലോക് പ്രിയദർശി പറഞ്ഞു.

'ബയോളജി പരീക്ഷക്ക് കോപ്പിയടിച്ചത് പിടിക്കപ്പെട്ടതിനെ തുടർന്നാണ് അധ്യാപകനും പ്രിൻസിപ്പലും ചേർന്ന് കുട്ടിയെ മർദിച്ചത്. അന്വേഷണത്തിനായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മറ്റ് വിദ്യാർഥികളിൽ നിന്ന് മൊഴിയെടുക്കുകയും കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുകയും ചെയ്യും'-എസ്.പി വ്യക്തമാക്കി.

കഴിഞ്ഞ അഞ്ച് വർഷമായി സർക്കാർ സ്‌കൂൾ അധ്യാപകനായ അമ്മാവൻ രാജീവ് മൗര്യയ്‌ക്കൊപ്പമാണ് യഷ് താമസിച്ചിരുന്നത്. 'സെപ്റ്റംബർ 22ന് സ്കൂളിൽ നിന്ന് വീട്ടിലെത്തിയ യഷ് മുറിയിൽ കയറി വാതിൽ അടക്കുകയായിരുന്നു. വീട്ടിലെത്തിയ ഞാൻ വാതിലിൽ തട്ടിയിട്ടും അവൻ പ്രതികരിച്ചില്ല. വാതിൽ പൊളിച്ച് നോക്കിയപ്പോൾ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് യഷിനെ കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. എന്റെ അനന്തരവൻ മിടുക്കനായ വിദ്യാർഥിയായിരുന്നു. പക്ഷേ എല്ലാവരുടെയും മുന്നിൽ അവൻ അപമാനിക്കപ്പെട്ടു. അടുത്തിടെ ഒളിംപ്യാഡിലും യഷ് മികവ് തെളിയിച്ചിരുന്നു'- മൗര്യ പറഞ്ഞു.

അതേസമയം, കുട്ടിയുടെ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. 'ഞാൻ ബയോളജി പരീക്ഷാ പേപ്പറിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇന്ന് ഞാൻ മരിക്കാൻ പോകുന്നു. അമ്മാവനെയും അമ്മായിയെയും അച്ഛനെയും അമ്മയെയും കുറ്റപ്പെടുത്തരുത്. തെറ്റുകൾ ചെയ്യുന്ന എല്ലാവർക്കും ഒരു അവസരം നൽകണം. എന്റെ തെറ്റിൽ ഞാൻ ദുഖിക്കുന്നു. മനസ്സിനെ നിയന്ത്രിക്കാൻ എനിക്ക് കഴിയുന്നില്ല. വളരെ മോശമായ ചിന്തകൾ ഉണ്ട്. എല്ലാ കുട്ടികളോടും ബഹുമാനം'- യാഷ് കുറിച്ചു.

ആത്മഹത്യാക്കുറിപ്പ് യാഷിന്റേതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നിരുന്നാലും പരിശോധനക്കായി കത്ത് കൈയക്ഷര വിദഗ്ധർക്ക് അയച്ചിട്ടുണ്ട്. - മൗര്യ പറഞ്ഞു.

Tags:    
News Summary - Class 7 boy thrashed by teacher, principal for cheating in exam in Rae Bareli; returns home & commits selfkill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.