വികസനത്തിനിടയിലും പട്ടിണി കാരണം പൗരന്മാർ മരിക്കുന്നു -സുപ്രീംകോടതി

ന്യൂഡൽഹി: വികസനത്തിനിടയിലും രാജ്യത്ത് പട്ടിണി കാരണം പൗരന്മാർ മരിക്കുകയാണെന്ന് സുപ്രീംകോടതി. പരമാവധി കുടിയേറ്റ തൊഴിലാളികൾക്ക് റേഷൻ ഉറപ്പുവരുത്താൻ നടപടിയെടുക്കണമെന്ന് ജസ്റ്റിസുമാരായ എം.ആർ.ഷാ, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന സർക്കാറുകളോട് നിർദേശിച്ചു. ദുരിതം അനുഭവിക്കുന്ന കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട് 2020ലെ ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.

പട്ടിണി കാരണം രാജ്യത്ത് ആരും മരിക്കരുത്. നിർഭാഗ്യകരമെന്നു പറയട്ടെ വികസനത്തിനിടയിലും ഭക്ഷണം കിട്ടാതെ മരിക്കുന്നവരുണ്ട്. വിശപ്പറിയാതിരിക്കാൻ ഗ്രാമങ്ങളിൽ വെള്ളം കുടിച്ച് ആളുകൾ സാരിയോ മറ്റു വസ്ത്രങ്ങളോ ഉപയോഗിച്ച് വയർ മുറുക്കിക്കെട്ടിയാണ് ഉറങ്ങുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഭക്ഷണം വാങ്ങാനാവുന്നില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞ് കേസ് പരിഗണിക്കുമ്പോൾ ഇക്കാര്യത്തിൽ ഉത്തരവ് നൽകുമെന്നും കോടതി വ്യക്തമാക്കി.

കോവിഡിനെ തുടർന്ന് കർഫ്യൂവും ലോക്ഡൗണും ഏർപ്പെടുത്തിയപ്പോൾ ദുരിതത്തിലായ കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകരായ അഞ്ജലി ഭരദ്വാജ്, ഹർഷ് മന്ദർ, ജഗ്ദീപ് ചോക്കർ എന്നിവരാണ് ഹരജി നൽകിയത്.

Tags:    
News Summary - Citizens die of hunger despite development -Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.