അതിർത്തിക്കടുത്ത് കോൺക്രീറ്റിൽ സ്ഥിരം ക്യാമ്പുകൾ സ്ഥാപിച്ച് ചൈനീസ്​ പട്ടാളം

ന്യൂഡൽഹി: ഇന്ത്യയും ചൈനയുമായുള്ള സംഘർഷം അതിർത്തിയിൽ പുകയവേ, നിയന്ത്രണ രേഖക്ക്​ സമീപത്തായി ചൈന കോൺക്രീറ്റ്​ നിർമിതികളടങ്ങിയ സ്​ഥിരം ക്യാമ്പുകൾ സ്ഥാപിക്കുന്നതായി റിപ്പോർട്ട്​. ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ അതിർത്തിയിലേക്ക്​ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ സൈനികരെ വിന്യസിക്കാനാകുംവിധം സൗകര്യത്തിലാണ്​ ചൈന സൈനിക ക്യാമ്പുകൾ നിർമ്മിച്ചിരിക്കുന്നത്​.

വടക്കൻ സിക്കിമിലെ നകു ലായിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ അകലെ ഇത്തരമൊരു ക്യാമ്പ്​ കണ്ടെത്തിയതായി ഉന്നത സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച്​ എ.​എൻ.ഐയും ഇന്ത്യ ടുഡേയും റിപ്പോർട്ട്​ ചെയ്യുന്നു. കിഴക്കൻ ലഡാക്കിനും അരുണാചൽപ്രദേശിനും അഭിമുഖമായുള്ള ചൈനയുടെ അതിർത്തിപ്രദേശങ്ങളിലും സമാന രീതിയിലുള്ള നിർമ്മാണങ്ങൾ ഇന്ത്യൻ സേനയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്​. സൈനീക നീക്കം സുഗമമാക്കുംവിധം കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചൈന അതിർത്തിയിൽ റോഡുനിർമ്മാണം നടത്തിയിരുന്നു. ഇപ്പോൾ ഇതേ സ്​ഥലത്ത്​ കോൺ​ക്രീറ്റ്​ നിർമ്മിത ക്യാമ്പുകൾ കൂടി സ്​ഥാപിക്കുന്നത്​ ഏറെ ജാഗ്ര​തയോടെയാണ്​ ഇന്ത്യ നിരീക്ഷിക്കുന്നത്​.

കഴിഞ്ഞ വർഷം ഇന്ത്യ-ചൈനീസ് സൈനികർ തമ്മിൽ ഏറ്റുമുട്ടിയ സ്ഥലത്തിന് സമീപത്തായാണ് ഇപ്പോൾ സ്​ഥിരം ക്യാമ്പുകൾ സ്ഥാപിക്കുന്നത്. ചൈനീസ് പ്രദേശത്ത് ഈ ഭാഗത്തുള്ള റോഡുകളും മറ്റു സൗകര്യങ്ങളും വളരെ മികച്ചതാണ്​. അതുകൊണ്ട് തന്നെ അതിർത്തിയിലേക്ക് ഇന്ത്യൻ സൈന്യം എത്തിച്ചേരുന്നതിന് മുമ്പ് തന്നെ ചൈനീസ് സൈന്യത്തിന് എത്താൻ സാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

കിഴക്കൻ ലഡാക്കിനേയും അരുണാചൽ സെക്ടറിനേയും നിരീക്ഷിക്കാൻ കഴിയുംവിധത്തിലാണ്​ ചൈന ക്യാമ്പുകൾ സ്​ഥാപിച്ചിരിക്കുന്നത്​. തണുപ്പ് കാലത്ത് ചൈനീസ് സൈനികർക്ക് ബുദ്ധിമുട്ട്​ ഉണ്ടാകാതിരിക്കാനാണ്​ കോൺക്രീറ്റ്​ നിർമ്മിത ക്യാമ്പുകൾ സ്​ഥാപിച്ചതെന്ന്​ കരുതപ്പെടുന്നു. 

Tags:    
News Summary - China builds concrete camps few kilometers from Indian border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.