റായ്പൂർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി പുറത്തുവിട്ട പട്ടികയിൽ സ്വജനപക്ഷപാതം വ്യക്തമാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ. മുൻ മുഖ്യമന്ത്രി രമൻ സിങ്ങിന്‍റെ അനന്തരവനുൾപ്പെടെയുള്ളവരെ പട്ടികയിൽ ഉൾപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയാണ് ഭാഗേലിന്‍റെ പരാമർശം.
കോൺഗ്രസിന്‍റെ മീറ്റിങ്ങുകളെ കുറിച്ച് ജനങ്ങൾക്ക് ധാരണയുണ്ടെന്നും എന്നാൽ ബി.ജെ.പി എപ്പോഴാണ് ഇതൊക്കെ ചർച്ച ചെയ്തതെന്ന് മാധ്യമങ്ങൾക്ക് പോലും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"കോൺഗ്രസിന്‍റെ എല്ലാ മീറ്റിങ്ങുകളെക്കുറിച്ചും ജനങ്ങൾക്ക് അറിവുണ്ടായിരിക്കും. പക്ഷേ ബി.ജെ.പി എപ്പോഴാണ് യോഗം ചേർന്നത്? ആർക്കും അറിയില്ല. മാധ്യമങ്ങൾക്ക് പോലും അറിയില്ല. എം.എൽ.എ സ്ഥാനത്തേക്ക് മത്സരിക്കാൻ താതപര്യപ്പെടുന്നവർക്ക് അപ്ലൈ ചെയ്യാനുള്ള ജനാധിപത്യപരമായ സംവിധാനമെങ്കിലും ഞങ്ങൾ ഒരുക്കുന്നുണ്ട്. വിക്രാന്ത് സിങ്ങിന് ടിക്കറ്റ് കിട്ടിയതിന്‍റെ പശ്ചാത്തലത്തിൽ ഞങ്ങൾക്ക് അറിയാനുള്ളത് അദ്ദേഹത്തിന്‍റെ മകൻ രമൻ സിങ്ങിനും അഭിഷേക് സിങ്ങിനും പാർട്ടി ടിക്കറ്റ് കിട്ടുമോ എന്നാണ്. സ്വജനപക്ഷപാതം മറ്റുള്ളവർക്ക് മാത്രമുള്ളതാണോ?" - ബാഗേൽ കൂട്ടിച്ചേർത്തു.
അതേസമയം ബി.ജെ.പി ടിക്കറ്റ് നൽകുന്നത് താഴേത്തട്ടിൽ നിന്നും പ്രയത്നം കൊണ്ട് ഉയർന്ന് വന്നവർക്കാണെന്നും സോണിയഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പാർട്ടി ടിക്കറ്റ് നൽകുന്നതാണ് സ്വജനപക്ഷപാതമെന്നുമായിരുന്നു ഭാഗേലിന്‍റെ പരാമർശത്തോട് വിക്രാന്ത് സിങ്ങിനെ പ്രതികരണം.
കോൺഗ്രസിന്‍റെ സീറ്റായ ഖൈരാഗഢിൽ നിന്നുള്ള ബി.ജെ.പി സ്ഥാനാർത്ഥിയാണ് വിക്രാന്ത് സിങ്. അഞ്ച് സ്ത്രീകളുൾപ്പെടെ 21 സ്ഥാനാർത്ഥികളുടെ പട്ടിക കഴിഞ്ഞ ദിവസമാണ് ബി.ജെ.പി പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.