പഞ്ചാബ്​ മുഖ്യമന്ത്രിയായി ചരൺജിത്​ സിങ്​ ചന്നി സത്യപ്രതിജ്ഞ ചെയ്​തു

അമൃത്​സർ: പഞ്ചാബ്​ മുഖ്യമന്ത്രിയായി ചരൺജിത്​ സിങ്​ ചന്നി സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റു. ഗവർണർ ബൻവാരിലാൽ പുരോഹിത്​ സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രിക്ക്​ പുറമെ രണ്ടു ഉപമുഖ്യമന്ത്രിമാരും ചുമതല​യേറ്റു. സുഖ്​ജീന്ദർ സിങ് രൺധാവ, ഒ.പി. സോണി എന്നിവരാണ്​ ഉപമുഖ്യമന്ത്രിമാർ. ​

കോൺ​ഗ്രസിന്‍റെ പഞ്ചാബിലെ ദലിത്​ മുഖമാണ്​ ചന്നി. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ അമരീന്ദർ സിങ്​ രാജിവെച്ചതോടെയാണ്​ ചന്നിക്ക്​ മുഖ്യമന്ത്രിയായി നറുക്ക്​ വീണത്​. പഞ്ചാബ്​ കോൺഗ്രസ്​ അധ്യക്ഷൻ നവ്​ജ്യോത്​ സിങ്​ സിദ്ദുവുമായി ഏറെ അടുപ്പമുള്ള നേതാവാണ്​ ചന്നി.

കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ​ചടങ്ങിൽ പ​െങ്കടുത്തു. അമരീന്ദർ സിങ്ങും പഞ്ചാബ്​ കോൺഗ്രസ്​ അധ്യക്ഷൻ നവജ്യോത്​ സിങ്​ സിദ്ദുവും തമ്മിൽ മാസങ്ങളായി തുടരുന്ന തർക്കത്തിന്​ പരിഹാരം കാണാൻ സാധിക്കാതെ വന്നതോടെ ഏറെ വിമർശനങ്ങളേറ്റുവാങ്ങിയ നേതാവായിരുന്നു രാഹുൽ ഗാന്ധി.


അതേസമയം, സത്യപ്രതിജ്ഞ ചടങ്ങിൽനിന്ന്​ അമരീന്ദർ സിങ്​ വിട്ടുനിന്നു. ഇതോടെ പഞ്ചാബ്​ കോൺ​ഗ്രസിൽ പുതിയ പ്രതിസന്ധികളുടെ തുടക്കമാകുമിതെന്നാണ്​ നിരീക്ഷകരുടെ കണക്കുകൂട്ടൽ.


സംസ്ഥാനത്ത്​ കോൺഗ്രസ്​ നിയമസഭ കക്ഷി നേതാവായി ചരൺജിത്​ സിങ്​ ചന്നിയെ ഐകകണ്​ഠ്യേനയാണ്​ തെരഞ്ഞെടുത്തതെന്ന്​ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഹരീഷ്​ റാവത്ത്​ ട്വിറ്ററിൽ കുറിച്ചിരുന്നു. അമരീന്ദർ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ കോൺഗ്രസ്​ ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന തിരക്കിട്ട ചർച്ചകൾക്കൊടുവിലാണ്​ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിച്ചത്​.


അമ്പത്തെട്ടുകാരനായ ചരൺജിത്​ സിങ്​ ചന്നി, അമരീന്ദർ മന്ത്രിസഭയിൽ അംഗമായിരുന്നു. അഞ്ചുമാസത്തിനുള്ളിൽ നിയമസഭ തെരഞ്ഞെടുപ്പു വരുന്ന സംസ്ഥാനത്ത്​ ചന്നിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്​ ഗുണം ചെയ്യുമെന്നാണ്​ കോൺഗ്രസ്​ വിശ്വാസം. അധികാരത്തിലെത്തിയാൽ ദലിത്​ വിഭാഗത്തിൽനിന്നുള്ളയാളെ മുഖ്യമന്ത്രിയാക്കുമെന്ന്​ ബി.ജെ.പിയും ദലിത്​ ഉപമുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്ന്​ ശിരോമണി അകാലിദളും പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Charanjit Channi Sworn In As Punjab Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.