റേസ് കോഴ്സ് മസ്ജിദ്
റേസ് കോഴ്സ് മസ്ജിദ് പൊളിക്കാൻ പദ്ധതിയില്ല; ഡൽഹി ഹൈകോടതിയിൽ വ്യക്തത വരുത്തി കേന്ദ്രം
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ റേസ് കോഴ്സ് മസ്ജിദ് പൊളിക്കാൻ നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈകോടതിയിൽ. പള്ളിയിലേക്കുള്ള പ്രവേശനം, വെള്ളം, വൈദ്യുതി എന്നിവ നിർത്തിവെച്ചത് പരിസരത്ത് നടക്കുന്ന പൊളിക്കൽ നടപടികളുടെ പശ്ചാത്തലത്തിലെ സുരക്ഷാ ആശങ്കകൾ മൂലമാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
ജസ്റ്റിസ് അനീഷ് ദയാൽ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കേന്ദ്രത്തിനും ഡൽഹി വഖഫ് ബോർഡിനും മറുപടി നൽകാൻ നിർദേശം നൽകിയ കോടതി, ഹരജി ഒക്ടോബർ 29ന് വീണ്ടും പരിഗണിക്കും.’നിലവിൽ ഞങ്ങൾ ഒന്നും പൊളിക്കുന്നില്ല’ എന്ന് കേന്ദ്രത്തിന്റെ അഭിഭാഷകൻ ആശിഷ് ദീക്ഷിത് കോടതിയിൽ വ്യക്തമാക്കി.
മസ്ജിദിൽ പതിവായി ആരാധന നടത്തുന്ന സയ്യിദ് അഹമ്മദ് സൗദ് സമർപ്പിച്ച ഹരജിയിലാണ് കേന്ദ്രത്തിന്റെ പ്രതികരണം. ആരാധകർക്ക് മസ്ജിദിലേക്ക് പ്രവേശനം അനുവദിക്കണമെന്നും, പൊളിക്കൽ ഭീഷണിയിൽ നിന്ന് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹരജി.
പള്ളിയിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നത് തടയുകയാണെന്നും, ആരാധകർക്ക് തുടർന്നും പ്രവേശനം ഉറപ്പാക്കാൻ ഡൽഹി വഖഫ് ബോർഡ് ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ട് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും ഹരജിക്കാരന്റെ അഭിഭാഷകൻ എം. സൂഫിയാൻ സിദ്ദിഖി കോടതിയിൽ വാദിച്ചു.
ലാൻഡ് ആൻഡ് ഡെവലപ്മെന്റ് ഓഫീസിലെ (L&DO) ഒരു ഉദ്യോഗസ്ഥൻ പള്ളിയിലെ ഇമാമിനെ കണ്ട്, സ്ഥലം ഒഴിയണമെന്നും പൊളിക്കൽ ആസന്നമാണെന്നും വാക്കാൽ അറിയിച്ചതായും ആരോപണമുണ്ട്. എന്നാൽ വഖഫ് ബോർഡിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത് ഒക്ടോബർ 19ന് ബോർഡ് ലാൻഡ് ആൻഡ് ഡെവലപ്മെന്റ് ഓഫീസർക്കും മറ്റ് അധികാരികൾക്കും നിവേദനം സമർപ്പിച്ചിട്ടുണ്ടെന്നും എന്നാൽ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നുമാണ്.
150 വർഷത്തിലേറെ പഴക്കമുള്ളതാണ് മസ്ജിദ് എന്നും 1977ൽ ഇത് വഖഫ് സ്വത്തായി വിജ്ഞാപനം ചെയ്തതാണെന്നും ഹരജിയിൽ പറയുന്നു. 2009ൽ ഡൽഹി സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് ഇതിന് ഗ്രേഡ്-II പൈതൃക പദവിയുണ്ടെന്നും ഹരജിക്കാരൻ അവകാശപ്പെടുന്നു. പരിസരത്തെ ചേരി കുടിയേറ്റങ്ങൾ ലക്ഷ്യമിട്ടുള്ള പൊളിക്കൽ നടപടിക്കിടെ ഒക്ടോബർ 7ന് മസ്ജിദിലെ വൈദ്യുതി, വെള്ളം കണക്ഷനുകൾ വിച്ഛേദിച്ചതായി ഹരജിയിൽ പറയുന്നുണ്ട്.
ഒക്ടോബർ 17ന് ഉദ്യോഗസ്ഥൻ പൊലീസുകാർക്കൊപ്പം പള്ളിയിലെത്തി രണ്ടു മുതൽ നാലു ദിവസത്തിനുള്ളിൽ കെട്ടിടം പൊളിക്കുമെന്ന് അറിയിച്ചതായും ഹരജിയിൽ ആരോപിക്കുന്നു. നിലവിലെ നിയന്ത്രണങ്ങൾ ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരമുള്ള മതം ആചരിക്കാനുള്ള തന്റെ മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ഹരജിക്കാരൻ വാദിച്ചു. ഹരജിയിൽ നോട്ടീസ് പുറപ്പെടുവിച്ച കോടതി, നിർദേശങ്ങൾ തേടാൻ കേന്ദ്രത്തിനും വഖഫ് ബോർഡിനും നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.