‘അന്നേ അവനെ തീർത്തിരുന്നെങ്കിൽ...’; മുഖ്യമന്ത്രി വിജയ്‌ക്കെതിരെ വിവാദ പരാമർശം നടത്തിയ ഡി.എം.കെ കൗൺസിലർ അറസ്റ്റിൽ

ചെന്നൈ: കരൂർ ദുരന്തത്തെ പരാമർശിച്ച് വിവാദ പ്രസ്താവന നടത്തിയ ഡി.എം.കെ കൗൺസിലർ ശരവണൻ അറസ്റ്റിൽ. മുൻ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് അറസ്റ്റിലാകുന്നതിനിടെയായിരുന്നു കൗൺസിലറുടെ വിവാദ പരാമർശം. ‘അന്നേ കരൂരിൽ വെച്ച് അവനെ (മുഖ്യമന്ത്രി വിജയ്) തീർത്തിരുന്നെങ്കിൽ ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നു’ എന്നായിരുന്നു വ്യാപകമായി പ്രചരിച്ച വിഡിയോയിൽ ശരവണൻ പറഞ്ഞത്.

വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ തമിഴ്നാട് പൊലീസ് ഉടൻ നടപടി സ്വീകരിക്കുകയായിരുന്നു. ബിഎൻഎസ് 192, 296(ബി), 353(1), 351(3) വകുപ്പുകൾ പ്രകാരം കേസെടുത്താണ് കൗൺസിലറെ അറസ്റ്റ് ചെയ്തത്. മുൻ മന്ത്രിയെ പൊലീസ് കൊണ്ടുപോകുമ്പോഴാണ് കൗൺസിലർ ഇത്തരത്തിൽ പറഞ്ഞത്. പരാമർശം വലിയ പ്രതിഷേധത്തിന് ഇടയാക്കിയതോടെയാണ് അറസ്റ്റ് വേഗത്തിലായത്.

100 കോടി രൂപയുടെ സ്വകാര്യ സ്കൂൾ തട്ടിപ്പുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചയാണ് മുൻ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യാമൊഴി അറസ്റ്റിലായത്. സ്വകാര്യ സ്കൂളുകൾക്ക് അംഗീകാരവും നിയമപരമായ ക്ലിയറൻസുകളും നൽകുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈകോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്.

2021-26 കാലത്ത് സ്കൂൾ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ആയിരത്തിലധികം സ്വകാര്യ സ്കൂൾ മാനേജ്മെന്റുകളിൽ നിന്ന് പാർട്ടി ഫണ്ട് എന്ന പേരിൽ പണം പിരിച്ചുവെന്നാണ് മഹേഷിനെതിരായ ആരോപണം. സ്കൂളുകൾക്ക് സ്ഥിര അംഗീകാരവും മറ്റ് ഭരണപരമായ അനുമതികളും നൽകുന്നതിന് പകരമായാണ് പണം ആവശ്യപ്പെട്ടതെന്നാണ് കേസ്. ഗ്രേറ്റർ ചെന്നൈ പൊലീസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

2025 സെപ്റ്റംബർ 27ന് വിജയ് നയിച്ച വൻ റാലിക്കിടെയാണ് കരൂർ ദുരന്തം ഉണ്ടായത്. കടുത്ത തിരക്ക്, മോശം വേദി രൂപകൽപ്പന, നേതാവിന്റെ വരവ് വൈകിയത് എന്നിവയാണ് തിക്കിലും തിരക്കിലും കലാശിച്ചതിന് കാരണമായി പറയുന്നത്. ദുരന്തത്തിൽ 41 പേർ മരിക്കുകയും 80ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

പൊതുജന രോഷവും പൊലീസ് വീഴ്ചയെക്കുറിച്ചുള്ള ആശങ്കകളും ഉയർന്നതിനെ തുടർന്ന് സുപ്രീംകോടതി അന്വേഷണം സിബിഐക്ക് കൈമാറുകയായിരുന്നു. വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള പാനലിന്റെ കീഴിൽ സംഘാടനപരവും ഭരണപരവുമായ വീഴ്ചകളെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷണം നടത്തിവരികയാണ്.

Tags:    
News Summary - DMK Councillor Arrested Over Karur Remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.