എപ്സ്റ്റീൻ വിവാദത്തിനിടയിൽ ഹർദീപ് സിങ് പുരിക്ക് സംരക്ഷണമൊരുക്കി ബി.ജെ.പി; മധ്യപ്രദേശിൽ നിന്ന് വീണ്ടും രാജ്യസഭയിലേക്ക്
ന്യൂഡൽഹി: അമേരിക്കയിലെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട വിവാദത്തിനിടയിലും കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരിക്ക് സംരക്ഷണ കവചം തീർത്ത് ബി.ജെ.പി. പുരിയെ മധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ബി.ജെ.പി നാമനിർദേശംചെയതു
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രിയായ എൽ. മുരുകൻ രാജിവെച്ചതിനെത്തുടർന്നാണ് ഈ സീറ്റ് ഒഴിവ് വന്നത്. ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമെന്ന നിലയിൽ പുരിയുടെ കാലാവധി നവംബറിൽ അവസാനിക്കാൻ പോകുകയാണ്. ഈ മാസം ആദ്യം ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി എട്ട് പുതിയമുഖങ്ങളെ രംഗത്തിറക്കിയപ്പോൾ, പുരിക്ക് യു.പിയിൽ വീണ്ടും നാമനിർദ്ദേശം ലഭിച്ചിരുന്നില്ല. തുടർന്നാണ് കേന്ദ്ര നേതൃത്വം മധ്യപ്രദേശിൽ സീറ്റ് നൽകി ഹർദീപ് സിങ് പുരിയെ സംരക്ഷിക്കുന്നത്.
ജെഫ്രി എപ്സ്റ്റീനൊപ്പമുള്ള ഹർദീപ് സിങ് പുരിയുടെ ചിത്രങ്ങളും രേഖകളും പുറത്തുവന്നതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിലായിരുന്നു. ഹർദീപ് സിങ് പുരിയും എപ്സ്റ്റീനും ഒരു മുറിയിൽ ഇരിക്കുന്ന ചിത്രമാണ് കഴിഞ്ഞ ആഴ്ച അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ടത്. ഇതോടെ മന്ത്രിക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
പാർലമെന്ററികാര്യ വകുപ്പും കൈകാര്യം ചെയ്യുന്ന മുരുകൻ, രാജ്യസഭാംഗമെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലാവധി 2030 വരെ ഉണ്ടായിരുന്നുവെങ്കിലും, കേന്ദ്ര മന്ത്രിസഭയിലും രാജ്യസഭയിലും നിന്ന് രാജിവെക്കുകയായിരുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള 10 രാജ്യസഭാ സ്ഥാനാർത്ഥികളും (ബി.ജെ.പിയുടെ എട്ടും സമാജ്‌വാദി പാർട്ടിയുടെ രണ്ടും പേർ) ഈ മാസം ആദ്യം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.
‘എപ്സ്റ്റീൻ ഫയൽസി’ൽ പുരി ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. അന്ന് മുതൽ പുരിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു കേന്ദ്ര സർക്കാർ കൈക്കൊണ്ടത്. ബി.ജെ.പി ദേശീയ ആസ്ഥാനത്ത് വാർത്താ സമ്മേളനം വിളിച്ചുചേർത്ത് തന്റെ ഭാഗം വിശദീകരിക്കാൻ പുരിക്ക് അവസരമൊരുക്കുകയും ചെയ്തിരുന്നു. ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിക്കുന്ന സമയത്ത് ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രതിനിധി സംഘത്തിനൊപ്പം മൂന്നോ നാലോ തവണയാണ് എപ്സ്റ്റീനെ കണ്ടിട്ടുള്ളതെന്നായിരുന്നു അന്നു മന്ത്രി വിശദീകരിച്ചത്. ഒരേ ഒരു ഇ–മെയിലിൽ മാത്രമാണ് തന്റെ പേര് ഉൾപ്പെട്ടിട്ടുള്ളതെന്നും അത് ലിങ്ക്ഡ്ഇൻ സ്ഥാപകൻ റീഡ് ഹോഫ്മാനുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഇന്റർനെറ്റ് ബിസിനസ് സാധ്യതകൾ സംബന്ധിച്ചുള്ളതാണെന്നും പുരി വിശദീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.