യുവാക്കളെ ജെൻ സിയെന്നും ജെൻ ആൽഫയെന്നും വേർതിരിക്കേണ്ടതില്ല: ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ
പനാജി: യുവാക്കളെ ജെൻ സി, ജെൻ ആൽഫ എന്നിങ്ങനെ വേർതിരിക്കേണ്ടതില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ. കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും മാറ്റം കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ആരെയും ചെറുപ്പക്കാരനായി കണക്കാക്കണമെന്ന് നിതിൻ പറഞ്ഞു. പ്രായത്തിന്റെ അടിസ്ഥാനത്തിൽ മാത്രം യുവാക്കളെ നിർവചിക്കരുതെന്നും നിതിൻ നബീൻ കൂട്ടിച്ചേർത്തു.
പനാജിയിൽ ബി.ജെ.പി സംഘടിപ്പിച്ച യുവാക്കളുമായുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജെൻ സിയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് നിതിൻ നബീന്റെ പരമാർശം എന്നതാണ് ശ്രദ്ധേയം.
"ഇന്നത്തെ യുവാക്കളെ വ്യത്യസ്ത വിഭാഗങ്ങളായി തിരിക്കരുത്. പോരാടാനും മുന്നോട്ട് പോകാനും ആഗ്രഹിക്കുന്ന, കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും തന്റെ ജീവിതത്തിലും സംസ്ഥാനത്തിലും രാജ്യത്തിലും മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ചെറുപ്പക്കാരൻ. മാറ്റം കൊണ്ടുവരാനും പോരാടാനും മുന്നോട്ട് പോകാനുമുള്ള ആഗ്രഹം ഒരു വ്യക്തിക്കുള്ളിടത്തോളം കാലം ഒരു വ്യക്തിക്ക് 15 വയസ്സായാലും 40 - 45 വയസ്സായാലും അയാൾ ചെറുപ്പമാണ്," നിതിൻ നബീൻ പറഞ്ഞു.
ഇത് ആദ്യമായല്ല, നിതിൻ നബീൻ യുവാക്കളെ വിവിധ വിഭാഗങ്ങളായി താരം തിരിക്കരുതെന്ന് പറയുന്നത്. ഈ മാസം തുടക്കം സി.ജെ.പി പ്രതിഷേധം ശക്തമാവുന്നതിനിടെയും രാജ്യത്തെ യുവാക്കളെ വിഭജിക്കരുതെന്നും, 'ചെറുപ്പക്കാരെ ആൽഫ, ബീറ്റ, ഗാമ' എന്നിങ്ങനെ തരംതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യയിലെ യുവാക്കളുടെ വ്യക്തിത്വം അവരുടെ ആശയങ്ങൾ, കഴിവുകൾ, അഭിലാഷങ്ങൾ എന്നിവയിലൂടെ നിർവചിക്കപ്പെടണമെന്നും നിതിൻ വാരണാസിയിൽ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.