മൈസൂരു ദസറയെച്ചൊല്ലി രാജകുടുംബവും കർണാടക സർക്കാറും തമ്മിൽ തർക്കം; സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ച

മൈസൂരു: മൈസൂരു ദസറ ആഘോഷങ്ങളുടെ നടത്തിപ്പിനെക്കുറിച്ച് വൊഡയാർ രാജകുടുംബാംഗം പ്രമോദാ ദേവി വൊഡയാർ നടത്തിയ പരാമർശങ്ങളും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ളവരുടെ മറുപടിയും സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചു.

ദസറക്ക് തൊട്ടുപിന്നാലെ നടക്കുന്ന ചാമുണ്ഡേശ്വരി രഥോത്സവത്തോടനുബന്ധിച്ച് ജംബൂ സവാരി സംഘടിപ്പിക്കണമെന്ന പ്രമോദാ ദേവിയുടെ നിർദേശവും സർക്കാർ ഉദ്യോഗസ്ഥരുടെ, പ്രത്യേകിച്ച് പൊലീസ് വകുപ്പിന്റെ പ്രവർത്തനങ്ങളിലുള്ള അതൃപ്തിയുമാണ് വിവാദത്തിന് തുടക്കമിട്ടത്.

പ്രമോദാ ദേവിയുടെ പരാമർശങ്ങളോട് മൈസൂരു ജില്ലയുടെ ചുമതലയുള്ള മന്ത്രി യതീന്ദ്ര സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും രൂക്ഷമായി പ്രതികരിച്ചതോടെയാണ് വിഷയം സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. രാജകുടുംബത്തിന്റെ ചരിത്രപരമായ സംഭാവനകളും ദസറ നടത്തിപ്പിലെ സുരക്ഷാവീഴ്ചകളുമാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്.

ബംഗളൂരുവിലെ അഭിഭാഷകനായ ഗിരീഷ് ഭരദ്വാജ് രാജകുടുംബത്തെ വിമർശിച്ച മന്ത്രി യതീന്ദ്രക്കെതിരെ രംഗത്തെത്തി. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങൾ ഇന്ത്യൻ യൂനിയനിൽ ലയിച്ചതുമായി ബന്ധപ്പെട്ട ഇൻസ്ട്രുമെന്റ് ഓഫ് അക്സഷനെക്കുറിച്ചും ഭരണഘടനാപരമായ വ്യവസ്ഥകളെക്കുറിച്ചും യതീന്ദ്രക്ക് വേണ്ടത്ര ധാരണയില്ലെന്നാണ് തോന്നുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയോട് സ്വമേധയാ ചേർന്ന ആദ്യകാല നാട്ടുരാജാക്കന്മാരിൽ ഒരാളായിരുന്നു മഹാരാജ ജയചാമ രാജേന്ദ്ര വൊഡയാർ. വൊഡയാർ കുടുംബത്തിന്റെ അവകാശങ്ങളും പ്രത്യേക പദവികളും ആരുടെയും ഔദാര്യമായി കാണേണ്ടതല്ല.

അവയെ ചരിത്രപരവും ഭരണഘടനാപരവുമായ പശ്ചാത്തലത്തിൽ വേണം മനസ്സിലാക്കാൻ. ദസറ ആഘോഷങ്ങൾ സുഗമമായി നടത്തുന്നതിലും സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥരെ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിലും പരാജയപ്പെട്ട മന്ത്രി, രാജകുടുംബത്തെ ഉപദേശിക്കുന്നതിന് മുമ്പ് സ്വയംവിലയിരുത്തണമെന്നും ഗിരീഷ് ഭരദ്വാജ് പറഞ്ഞു.

അതേസമയം, ഇരുവിഭാഗത്തിന്റെയും വാദങ്ങളിൽ കഴമ്പുണ്ടെന്നാണ് ഐ.ടി. മേഖലയിലെ ജീവനക്കാരനായ സമ്പത്ത് കുമാറിന്റെ അഭിപ്രായം. സുവർണ അംബാരിയുടെ സുരക്ഷയെക്കുറിച്ച് പ്രമോദാ ദേവി ആശങ്ക പ്രകടിപ്പിച്ചതിൽ തെറ്റില്ല.

മുഖ്യമന്ത്രി മുതൽ പൊലീസ് കോൺസ്റ്റബിൾ വരെയുള്ളവർ ചിത്രങ്ങളെടുക്കുന്നതിൽ മുഴുകിയാൽ അംബാരിയുടെ സുരക്ഷ എന്താകുമെന്ന ചോദ്യം പ്രസക്തമാണ്. രാജകുടുംബത്തിന്റെ സ്വത്തുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളും അംബാരി വാടകക്കെടുക്കാൻ സർക്കാർ നൽകുന്ന വലിയ തുകയും ചൂണ്ടിക്കാട്ടിയ യതീന്ദ്രയുടെ വാദത്തിലും ന്യായമുണ്ടെന്ന് സമ്പത്ത് കുമാർ പറഞ്ഞു.

സാമൂഹിക പ്രവർത്തകനായ മോഹൻ ഗൗഡയും മന്ത്രിയുടെ പ്രതികരണത്തെ വിമർശിച്ചു. ആധുനിക മൈസൂരുവിനെ കെട്ടിപ്പടുക്കാൻ സമ്പത്തും ദീർഘവീക്ഷണവും വിഭവങ്ങളും വിനിയോഗിച്ചവരാണ് വൊഡയാർ രാജകുടുംബം.

സുവർണ അംബാരിയുടെയും ദസറ ആനകളുടെയും സുരക്ഷ സംബന്ധിച്ച് പ്രമോദാ ദേവി ആശങ്ക ഉന്നയിക്കുമ്പോൾ അധികാരികളിൽനിന്നുണ്ടാകേണ്ടത് ആദരവോടെയും ഉത്തരവാദിത്തബോധത്തോടെയുമുള്ള പ്രതികരണമാണ്. അല്ലാതെ സർക്കാർ ചെലവഴിക്കുന്ന പണത്തിന്റെ കണക്ക് ഓർമിപ്പിക്കുകയല്ല വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ, സുവർണ അംബാരിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളും ചർച്ചയിൽ ഉയർന്നുവന്നു. എഴുത്തുകാരനായ സിദ്ധഗൗഡ ശ്യാം പ്രസാദ് ഇതുസംബന്ധിച്ച മുൻകാല നിയമനടപടികൾ ചൂണ്ടിക്കാട്ടി.

വാർഷിക മൈസൂരു ദസറ ആഘോഷങ്ങളിൽ സുവർണ അംബാരി ഉപയോഗിക്കുന്നതിന് മുൻ മൈസൂരു രാജകുടുംബത്തിന് കർണാടക സർക്കാർ പണം നൽകുന്നുണ്ട്.

മൈസൂരു ദസറ ആഘോഷങ്ങളിൽ ആനയുടെ പുറത്ത് സ്ഥാപിക്കുന്ന സ്വർണംകൊണ്ട് പൊതിഞ്ഞ അലങ്കാര സിംഹാസനസദൃശമായ മണ്ഡപമാണ് സുവർണ അംബാരി. ജംബൂ സവാരി ഘോഷയാത്രയിൽ, പ്രത്യേക പരിശീലനം ലഭിച്ച ആനയുടെ പുറത്ത് സുവർണ അംബാരി സ്ഥാപിച്ച് അതിനുള്ളിൽ ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം എഴുന്നള്ളിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.