ന്യൂഡൽഹി: 15 ദിവസം നീളുന്ന ശീതകാല സമ്മേളനത്തിൽ ഒമ്പത് പ്രധാന ബില്ലുകൾ പാസാക്കാൻ മോദി സർക്കാർ പദ്ധതിയിടുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വലിയൊരു ഭാഗത്തെ പുനഃരുജ്ജീവിപ്പിക്കൽ ലക്ഷ്യമിട്ടുള്ളതാണെന്നാണ് വാദമെങ്കിലും ഈ പരിഷ്കാരങ്ങൾ ഓഹരി വിപണി, കോർപ്പറേറ്റ് നിയമം, ഇൻഷുറൻസ്, അടിസ്ഥാന സൗകര്യങ്ങൾ, ഉന്നത വിദ്യാഭ്യാസം എന്നിവയെ ചുറ്റിവരിഞ്ഞേക്കും.
ഈ ‘കൺവെയർ-ബെൽറ്റ് നിയമനിർമാണത്തിന്’ ശരിയായ പരിശോധനക്കോ ചർച്ചക്കോ സമയമില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു. ആണവോർജ മേഖലയെ സ്വകാര്യ മൂലധനത്തിന് തുറന്നുകൊടുക്കുന്നതിനുള്ള നിയമ നിർമാണമാണ് രാഷ്ട്രീയമായി ഏറ്റവും സെൻസിറ്റീവ് ആയ നിർദേശം. സ്വകാര്യ പങ്കാളിത്തം ചെറിയ മോഡുലാർ ന്യൂക്ലിയർ റിയാക്ടറുകൾ (എസ്.എം.ആർ) ധനസഹായം നൽകുന്നതിലും നിർമ്മിക്കുന്നതിലും മാത്രമായി പരിമിതപ്പെടുമെങ്കിലും ഇത് അപകടകരമായ നീക്കമായാണ് പ്രതിപക്ഷം കാണുന്നത്.
ഒരു ദശാബ്ദം മുമ്പ് പോലും ചിന്തിക്കാൻ പോലും കഴിയാത്ത ഒന്നാണിത്. ഇന്ത്യയിലെ ഏറ്റവും ശക്തമായ ആറ് കോർപ്പറേറ്റ് ഗ്രൂപ്പുകൾ- അദാനി, അംബാനി, ടാറ്റ, വേദാന്ത, ജെഎസ്ഡബ്ല്യു എനർജി, നവീൻ ജിൻഡലിന്റെ ജിൻഡാൽ എനർജി - സർക്കാറിൽ നിന്ന് അന്തിമ പച്ചക്കൊടി ലഭിക്കുമ്പോൾ ആണവ മേഖലയിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുകയാണ്.
‘സ്വകാര്യ കമ്പനികളുമായി സജീവമായ പങ്കാളിത്തവും ആണവോർജ ശേഷി സ്ഥാപിക്കുന്നതിനായി ആണവോർജ നിയമത്തിലെ ഭേദഗതിയും സർക്കാർ അന്വേഷിക്കുന്നതിനാൽ ചെറിയ മോഡുലാർ ആണവ റിയാക്ടറുകൾ സ്ഥാപിക്കാനുള്ള അവസരങ്ങൾ ഞങ്ങൾ ഏറ്റെടുക്കും’ - ടാറ്റ പവർ സി.ഇ.ഒ പ്രവീൺ സിൻഹ ഒരു വ്യാപാര പ്രസിദ്ധീകരണമായ ‘വേൾഡ് ന്യൂക്ലിയർ ന്യൂസി’നോട് പറഞ്ഞു. സ്വകാര്യ കമ്പനികൾ ദീർഘകാല സുരക്ഷക്കും വിശ്വാസ്യതക്കും പകരം ലാഭത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് ഇതിനെതിരെ ഉയരുന്ന വിമർശനം.
പാർലമെന്റിന്റെ15 പ്രവൃത്തി ദിവസം മുന്നിൽ കണ്ടുള്ള സർക്കാറിന്റെ പദ്ധതികൾ ഇതിനകം തന്നെ പ്രക്ഷുബ്ധമായിക്കഴിഞ്ഞു. ചണ്ഡീഗഡിന്റെ പദവി മാറ്റുന്നതിനും ലെഫ്റ്റനന്റ് ഗവർണർ ഭരിക്കുന്ന കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നതിനുമുള്ള നിയമനിർമാണം അതിലേക്ക് ലക്ഷ്യമിട്ട് തയ്യാറാക്കിയിരുന്നുവെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് കേന്ദ്രം പിൻമാറുകയുണ്ടായി.
ഉന്നത വിദ്യാഭ്യാസ പരിഷ്കരണം മുമ്പ് പരാജയപ്പെട്ട ശ്രമത്തിനുശേഷം പുനരുജ്ജീവിപ്പിക്കാൻ പോകുന്ന മറ്റൊരു ബില്ലാണ്. യൂനിവേഴ്സിറ്റി ഗ്രാന്റ് കമീഷനും മറ്റ് രണ്ട് റെഗുലേറ്റർമാരെയും മാറ്റി മെഡിക്കൽ, നിയമ പഠനങ്ങൾ ഒഴികെയുള്ള എല്ലാ വിഷയങ്ങളുടെയും മേൽനോട്ടം വഹിക്കുന്ന ഒരൊറ്റ ഉന്നത വിദ്യാഭ്യാസ കമീഷൻ സ്ഥാപിക്കാനുള്ള പദ്ധതി സർക്കാർ വീണ്ടും മുന്നോട്ട് കൊണ്ടുപോകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.