ന്യൂഡൽഹി: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്-യു.ജി) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട തെളിവുകൾ ബിഹാർ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിൽനിന്ന് ശേഖരിച്ച് സി.ബി.ഐ. കത്തിക്കരിഞ്ഞ ചോദ്യപേപ്പർ പകർപ്പിന്റെ അവശിഷ്ടം, പ്രതികളിൽനിന്ന് പിടികൂടിയ മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയവ ബിഹാറിൽ കേസ് അന്വേഷിച്ച സംഘത്തിൽനിന്ന് ഡി.ഐ.ജി, ഡെപ്യൂട്ടി എസ്.പി റാങ്കിലുള്ള സി.ബി.ഐ ഉദ്യോഗസ്ഥരാണ് ശേഖരിച്ചത്.
ഗുജറാത്തിലെ ഗോധ്ര ജയ് ജൽറാം സ്കൂളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട തെളിവുകൾ ഗുജറാത്തിലെത്തിയ സി.ബി.ഐ സംഘത്തിന് കേസ് അന്വേഷിക്കുന്ന ഗോധ്ര പൊലീസ് നൽകി. 1,000 പേജുള്ള രേഖകളാണ് നൽകിയത്. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അഞ്ചുപേരെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് സി.ബി.ഐ ചൊവ്വാഴ്ച ഗോധ്ര ജില്ല കോടതിയെ സമീപിച്ചു. ഗുജറാത്തിനും ബിഹാറിനും പുറമെ രാജസ്ഥാനിലും സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബിഹാറിൽ അറസ്റ്റിലായ 18 പേരെ ഡൽഹിക്ക് കൊണ്ടുവരും.
അതിനിടെ, ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ) പരീക്ഷകളുടെ സുതാര്യവും സുഗമവുമായ നടത്തിപ്പ് ഉറപ്പാക്കാൻ രൂപവത്കരിച്ച ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ കെ. രാധാകൃഷ്ണൻ അധ്യക്ഷനായ ഏഴംഗ സമിതി ആദ്യ യോഗം ചേർന്നു. കുറ്റമറ്റ പരീക്ഷ നടത്തിപ്പിനെക്കുറിച്ച് വിദ്യാർഥികളിൽനിന്ന് നേരിട്ടും ഓൺലൈനായും നിർദേശങ്ങൾ തേടുമെന്ന് ഡൽഹി ഐ.ഐ.ടിയിൽ നടന്ന യോഗത്തിന് ശേഷം ഡോ. കെ. രാധാകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.