ബംഗളൂരു: കർണാടകയിൽ ഡി.കെ. ശിവകുമാർ സർക്കാർ അധികാരമേറ്റതിന്റെ മൂന്നാംദിനം മന്ത്രിസഭയിൽനിന്ന് രാജിവെച്ച് മുതിർന്ന നേതാവ് രാമലിംഗ റെഡ്ഡി. വകുപ്പ് വിഭജനത്തിൽ ജലവിഭവ ചുമതല നൽകിയതിൽ അതൃപ്തി പ്രകടിപ്പിച്ചാണ് രാജി. വ്യാഴാഴ്ച രാത്രി മന്ത്രിമാർക്ക് വിവിധ വകുപ്പുകളുടെ ചുമതല നൽകിയിരുന്നു.
എട്ടുതവണ എം.എൽ.എയായ രാമലിംഗ റെഡ്ഡി, പുതിയ മന്ത്രിസഭയിൽ ബംഗളൂരു നഗര വികസന വകുപ്പാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, റവന്യൂ മന്ത്രിയായിരുന്ന കൃഷ്ണ ബൈരെ ഗൗഡക്കാണ് ഈ വകുപ്പ് നൽകിയത്. സിദ്ധരാമയ്യ മന്ത്രിസഭയിൽ റെഡ്ഡി ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു.
മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് അയച്ച രാജിക്കത്തിൽ, തന്റെ മനസ്സാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ കഴിയാത്തതിനാലാണ് മന്ത്രിസ്ഥാനം ഒഴിയുന്നതെന്ന് രാമലിംഗ റെഡ്ഡി വ്യക്തമാക്കി. ‘എന്റെ രാജി സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നു. മന്ത്രിസ്ഥാനം ഒഴിഞ്ഞാലും എം.എൽ.എയായും കോൺഗ്രസ് പാർട്ടി പ്രവർത്തകനായും തുടരും‘ –രാമലിംഗ റെഡ്ഡി കുറിച്ചു. അതേസമയം, പാർട്ടി വിടില്ലെന്ന് രാജി പ്രഖ്യാപനത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘ഞാൻ ഇപ്പോഴും കോൺഗ്രസുകാരനാണ്, പാർട്ടിയിൽനിന്ന് രാജിവെച്ചിട്ടില്ല. കഴിഞ്ഞ 53 വർഷമായി ഈ പാർട്ടിയിലുണ്ട്. പാർട്ടിയിൽ ഒട്ടനവധി ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മുൻമുഖ്യമന്ത്രിമാരായ എം. വീരപ്പമൊയ്‌ലി, എസ്.എം. കൃഷ്ണ എന്നിവരുടെ മന്ത്രിസഭകളിൽ ഞാൻ അംഗമായിരുന്നു. ആരോടും എനിക്ക് മന്ത്രിസ്ഥാനം തരണമെന്ന് ഇതുവരെ അപേക്ഷിച്ചിട്ടില്ല‘ -ചൂണ്ടിക്കാട്ടി. ബംഗളൂരു ബി.ടി.എം ലേഔട്ട് മണ്ഡലത്തിൽനിന്നാണ് രാമലിംഗ റെഡ്ഡി തെരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ സർക്കാറിൽ ഉപമുഖ്യമന്ത്രി കൂടിയായിരുന്ന ഡി.കെ. ശിവകുമാറാണ് ബംഗളൂരു വികസന വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. രാമലിംഗ റെഡ്ഡിയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി ഡി.കെയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഊർജിത ശ്രമങ്ങൾ നടന്നിരുന്നെങ്കിലും അതെല്ലാം പരാജയപ്പെട്ടുവെന്നാണ് ഈ രാജി തെളിയിക്കുന്നത്. റെഡ്ഡിയുടെ രാജി കോൺഗ്രസ് സർക്കാറിനുള്ളിൽ പുതിയ രാഷ്ട്രീയ പ്രതിസന്ധികൾക്ക് വഴിതുറന്നിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.