ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ ഡോണൾഡ് ട്രംപ് ഉപയോഗിച്ച കേംബ്രിജ് അനലിറ്റികയെ ഇന്ത്യയിലെ നാലു തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഉപയോഗിച്ചുവെന്ന വാർത്ത പാർട്ടിയെ പ്രതിരോധത്തിലാക്കി. പിടിച്ചുനിൽക്കാൻ കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കി കേന്ദ്ര നിയമമന്ത്രി രവി ശങ്കർ പ്രസാദ് രംഗത്തുവന്നു.ഗുജറാത്ത് തെരെഞ്ഞടുപ്പിൽ കോൺഗ്രസ് ഇവരെ ഉപയോഗിച്ചിട്ടുണ്ടെന്ന് രവി ശങ്കർ പ്രസാദ് ആരോപിച്ചു.
‘നിയമമില്ലാത്ത നിയമമന്ത്രി’യെന്ന കോൺഗ്രസ് വിമർശനത്തിന് മറുപടിയുമായാണ് രവിശങ്കർ പ്രസാദ് തുടർച്ചയായ രണ്ടാം ദിവസം വാർത്തസമ്മേളനം നടത്തിയത്. ജി.എസ്.ടിയെ ഗബ്ബർ സിങ് ടാക്സ് എന്ന് വിളിച്ചതടക്കമുള്ള കോൺഗ്രസിെൻറ സമൂഹമാധ്യമപ്രചാരണത്തിനു പിന്നിൽ കേംബ്രിജ് അനലിറ്റിക ആയിരുന്നുവെന്ന് രവിശങ്കർ പ്രസാദ് ആരോപിച്ചു. രാഹുൽ ഗാന്ധിയും അവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സ്ത്രീകളെ ഉപയോഗിച്ച് ഹണി ട്രാപ്പ് ഒരുക്കി നീചമായ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ടെന്നും കോൺഗ്രസ് അതിനെ പിന്തുണക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യെപ്പട്ടു.
എന്നാൽ, ബിഹാർ, യു.പി, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലും 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി കേംബ്രിജ് അനലിറ്റികയെ ഉപയോഗിച്ചുവെന്ന് കമ്പനിയുടെ ഇന്ത്യയിലെ സഹോദര സ്ഥാപനം ഒവ്ലേനോ ബിസിനസ് ഇൻറലിജൻസ് സാക്ഷ്യപ്പെടുത്തിയതിനെ കുറിച്ച ചോദ്യത്തിന് മന്ത്രിക്ക് മറുപടിയുണ്ടായില്ല. രവി ശങ്കർപ്രസാദിെൻറ കൂടി സംസ്ഥാനമായ ബിഹാറിൽ ബി.ജെ.പിയും സഖ്യകക്ഷിയായ ജനതാദൾ -യുവും ചേർന്നാണ് ഇവരുടെ സഹായം സ്വീകരിച്ചതെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ആദ്യം നിഷേധാർഥത്തിൽ തലയാട്ടിയ നിയമമന്ത്രിയോട് ജനതാദൾ-യു നേതാവ് കെ.സി. ത്യാഗിയുടെ മകനും കേംബ്രിജ് അനലിറ്റികയുടെ ഇന്ത്യയിലെ പ്രധാന പങ്കാളിയുമായ അമരീഷ് ത്യാഗി ബി.ജെ.പിക്കുവേണ്ടി പ്രവർത്തിച്ചത് സ്ഥിരീകരിച്ച വിവരം ചൂണ്ടിക്കാട്ടിയപ്പോൾ ശരിയല്ലെന്നായിരുന്നു മറുപടി.
ഇറാഖിൽ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ട വിഷയത്തിൽ രാജ്യത്തോട് കളവു പറഞ്ഞത് മായ്ച്ചുകളയാനാണ് കോൺഗ്രസിനെതിരെ ഡാറ്റ മോഷണ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്റുചെയ്തു. ഇന്ത്യക്കാർ കൊല്ലപ്പെട്ടതു പോെലാരു വിഷയവുമായി കോൺഗ്രസ് രാഷ്ട്രീയം കളിക്കരുതെന്നായിരുന്നു മന്ത്രിയുടെ മറുപടി. കേംബ്രിജ് അനലിറ്റികയെ 2019ലെ െതരഞ്ഞെടുപ്പിന് കോൺഗ്രസ് സമീപിച്ചുവെന്ന് രവി ശങ്കർ പ്രസാദ് ബുധനാഴ്ച ആരോപിച്ചതാണ് വിവാദങ്ങളുടെ തുടക്കം. കോൺഗ്രസും ബി.ജെ.പിയും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തുവന്നു.
ഇന്ത്യക്കാരുടെ ഡാറ്റ മോഷ്ടിച്ചാൽ ഫേസ്ബുക്കിെൻറ സക്കർബർഗിനെതിരെ നിയമ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ രവി ശങ്കർ പ്രസാദ് 2019ലെ തെരഞ്ഞെടുപ്പിനായി ഇന്ത്യയിൽനിന്ന് ഡാറ്റ മോഷണം നടത്തിയാൽ കർക്കശമായി നേരിടുമെന്നും ഒാർമിപ്പിച്ചു. അതേസമയം, ഭാവിയിൽ ഇവരുമായി കോൺഗ്രസ് സഹകരിക്കുമെന്ന് മൂന്ന് മാധ്യമങ്ങൾ കഴിഞ്ഞ ഒക്ടോബറിൽ വാർത്ത നൽകിയത് തെറ്റാണെങ്കിൽ അതിനെതിരെ ഇതുവരെ പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ബി.ജെ.പിയുടെ ചോദ്യത്തിന് കോൺഗ്രസിനും ഉത്തരമില്ല.
എന്താണ് കേംബ്രിജ് അനലിറ്റിക? തെരഞ്ഞെടുപ്പുകാലത്ത് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനുവേണ്ടി പ്രവർത്തിച്ച രാഷ്ട്രീയ വിവര വിശകലന സ്ഥാപനമാണ് കേംബ്രിജ് അനലിറ്റിക. യു.കെ ആസ്ഥാനമായ സ്ട്രാറ്റജിക് കമ്യൂണിക്കേഷൻ ലബോറട്ടറീസ് ആണ് മാതൃസ്ഥാപനം. വിവിധ രാജ്യങ്ങളിലെ 200 തെരഞ്ഞെടുപ്പുകളിൽ വ്യാജ പ്രചാരണങ്ങളിലൂടെ വോട്ടർമാരെ സ്വാധീനിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിന് ഇവർ നടപടി നേരിടുകയാണ്. ബ്രിട്ടനിലെ ബ്രെക്സിറ്റ് പ്രചാരണകാലത്തും സമാനരീതിയിൽ സ്വകാര്യവിവരം ചോർത്തിയതിന് യു.കെ പാർലമെൻറിെൻറ അന്വേഷണവും നേരിടുന്നുണ്ട്. സ്വകാര്യതാ നിയമം ലംഘിച്ച് അഞ്ചുകോടിയോളം ഫേസ്ബുക്ക് അംഗങ്ങളുടെ വ്യക്തിവിവരം ചോർത്തിയതായി കണ്ടെത്തിയതിനെതുടർന്ന് കേംബ്രിജ് അനലിറ്റികയെ ഫേസ്ബുക്ക് പുറത്താക്കിയിരുന്നു. സമൂഹമാധ്യമങ്ങളിൽനിന്ന് വ്യക്തികളുടെ വിവരം ചോർത്തുന്നുവെന്നും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നുവെന്നുമായിരുന്നു ഇന്ത്യയിൽ ഇവർക്കെതിരായ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.