ന്യൂഡൽഹി: ഒടുവിൽ ഓക്സിജൻ പാർലറും യാഥാർഥ്യമായി. അന്തരീക്ഷ വായുവിന്‍റെ ഗുണനിലവാരം അപകടകരമായി താഴ്ന്ന ഡൽഹി നഗര ത്തിലാണ് ശുദ്ധമായ ഓക്സിജൻ ലഭ്യമാക്കാനായി പാർലർ തുറന്നിരിക്കുന്നത്. സാകേത് സെലക്ട് സിറ്റി മാളിലെ ഓക്സി പ്യുവർ എന്ന് പേരിട്ടിരിക്കുന്ന പാർലറിൽ 15 മിനുട്ട് ശുദ്ധവായു ശ്വസിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 299 മുതൽ 499 രൂപ വരെയാണ് ഇതിന് പണം നൽകേണ്ടത്.
ഏഴ് വ്യത്യസ്ത സുഗന്ധങ്ങളിൽ ഇവിടെ ഓക്സിജൻ ലഭ്യമാണ്. സാധാരണ ദിവസങ്ങളിൽ 15 മുതൽ 20 വരെ ഉപഭോക്താക്കൾ എത്തുന്നതായി പാർലർ ഉടമ ആര്യവീർ പറയുന്നു. ഡൽഹിയിൽ ഇത്തരത്തിലുള്ള ആദ്യ സ്ഥാപനമാണ് ഇതെന്നും ഇവർ പറയുന്നു.
അന്തരീക്ഷ മലിനീകരണം വ്യാപകമായ സാഹചര്യത്തിൽ ജനങ്ങൾക്ക് അൽപനേരമെങ്കിലും ശുദ്ധവായു ലഭിക്കുന്നത് നല്ലതല്ലേയെന്ന് ഇവർ ചോദിക്കുന്നു. കൂടെ കൊണ്ടുനടക്കാവുന്ന ചെറിയ ഓക്സിജൻ സിലിണ്ടറുകളും തങ്ങൾ ലഭ്യമാക്കുമെന്ന് സ്ഥാപനത്തിലെ ജീവനക്കാരനായ അജയ് ജോൺസൺ പറഞ്ഞു. ഈ വർഷം ഡിസംബറോടെ ഡൽഹി എയർപോർട്ടിന് സമീപം ഒരു ബ്രാഞ്ച് കൂടി തുറക്കാനാണ് ഇവരുടെ നീക്കം.
അന്തരീക്ഷ വായുവിന്‍റെ ഗുണനിലവാരം അപകടകരമായതോടെ ഡൽഹിയിൽ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും സ്കൂളുകൾക്ക് അവധി നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.