പ്രതീകാത്മക ചിത്രം

കർണാടക ബന്ദ്: ആവശ്യസർവീസുകൾ മുടങ്ങില്ല; സമാധാനം പാലിക്കണമെന്ന് ബംഗളൂരു പൊലീസ്

ബംഗളൂരു: കാവേരി നദീജല പങ്കുവെക്കലുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കന്നഡ സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദിനിടയിലും ജനജീവിതം സാധാരണ നിലയിൽ തുടരും. സംസ്ഥാനത്തുടനീളമുള്ള സ്കൂളുകൾ, ബാങ്കുകൾ, ആശുപത്രികൾ, ഫാർമസികൾ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവ തടസ്സമില്ലാതെ പ്രവർത്തിക്കും. ബന്ദ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബംഗളൂരു നഗരത്തിൽ സമാധാനവും സഹകരണവും പുലർത്തണമെന്ന് ബംഗളൂരു സിറ്റി പൊലീസ് ജനങ്ങളോട് ആഹ്വാനം ചെയ്തു.

തമിഴ്നാട്ടിലേക്ക് കാവേരി വെള്ളം വിട്ടുകൊടുക്കാനുള്ള ഉത്തരവിൽ പ്രതിഷേധിച്ചാണ് കന്നഡ സംഘടനകൾ സമരരംഗത്തിറങ്ങിയിരിക്കുന്നത്. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ബന്ദ് എന്ന് കന്നഡ സംഘടന നേതാവും മുൻ എം.എൽ.എയുമായ വാട്ടാൾ നാഗരാജ് മാധ്യമ പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ, സംസ്ഥാനത്തെ മുഴുവൻ സംഘടനകളും ഈ ബന്ദിനെ പിന്തുണക്കുന്നില്ല. ചില സംഘടനകൾ ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം നൽകിയപ്പോൾ, തങ്ങൾ ബന്ദിൽ പങ്കാളികളാകില്ലെന്ന് മറ്റ് ചില സംഘടനകൾ പൊലീസിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

കാവേരി വിഷയത്തോടൊപ്പം മേക്കേദാട്ടു, മഹാദായി, കലാസ-ബന്ദൂരി പദ്ധതികൾക്ക് അനുമതി വേഗത്തിലാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. തമിഴ്‌നാടിന് വെള്ളം വിട്ടുനൽകാൻ കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റി കർണാടകയോട് നിർദേശിച്ചതാണ് പ്രതിഷേധത്തിന് വഴിവെച്ചത്. ബുധനാഴ്ച മുതൽ 15 ദിവസത്തേക്ക് ദിവസവും 12,000 ക്യുസെക്സ് വീതം കാവേരി നദീജലം തമിഴ്‌നാടിന് നൽകാൻ നേരത്തെ സി.ഡബ്ല്യു.ആർ.സി. ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കന്നഡ സംഘടനകൾ ബംഗളൂരുവിൽ സംയുക്ത യോഗം ചേർന്ന് കർണാടക ബന്ദിന് ആഹ്വാനം ചെയ്തത്.

ഇതിനിടെ പ്രതിഷേധ സാഹചര്യങ്ങൾ വിലയിരുത്തി ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ പ്രത്യേക വാർത്താക്കുറിപ്പ് പുറത്തിറക്കി. നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ ജനാധിപത്യപരമായ അവകാശത്തെ പൊലീസ് പൂർണമായും മാനിക്കുന്നുവെന്ന് കമ്മീഷണർ വ്യക്തമാക്കി. എന്നാൽ, ബന്ദിൽ പങ്കെടുക്കാത്ത പൗരന്മാർക്ക് തടസ്സങ്ങളൊന്നുമില്ലാതെ തങ്ങളുടെ ദൈനംദിന ജീവിതവും ജോലിത്തിരക്കുകളും തുടരാനുള്ള അവകാശവും ഒരുപോലെ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നഗരത്തിൽ ക്രമസമാധാനവും സമാധാനന്തരീക്ഷവും നിലനിർത്തുന്നതിനായി എല്ലാ സംഘടനകളും പൊതുജനങ്ങളും ബംഗളൂരു പൊലീസുമായി പൂർണമായി സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. പൊതുമുതൽ നശിപ്പിക്കാനോ സഞ്ചാരസ്വാതന്ത്ര്യം തടയാനോ ഉള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും, നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags:    
News Summary - Schools, banks, hospitals to remain open despite bandh over Cauvery water-sharing row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.