ന്യൂഡൽഹി: കശ്മീരിൽ ഇന്ത്യൻ മിസൈൽ ഏറ്റ് വ്യോമസേനയുടെ ഹെലികോപ്ടർ തകർന്നത് തങ്ങളുടെ ഭാഗത്തുണ്ടായ വൻ അബദ്ധമാണെന്ന് വ്യോമസേന മേധാവി രാകേഷ് കുമാർ സിങ് ഭദൗരിയ. ഇതുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുത്തിട്ടുണ്ടെന്ന് ചുമതലയേറ്റ ശേഷം ആദ്യമായി നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഈ വർഷം ഫെബ്രുവരി 27ന് ഇന്ത്യ-പാക് സംഘർഷകാലത്തായിരുന്നു സംഭവം. അപകടത്തിൽ ആറു വ്യോമസേനാംഗങ്ങളും ഒരു സിവിലിയനും കൊല്ലപ്പെട്ടിരുന്നു. ബാലാകോട്ട് വ്യോമാക്രമണം ഉൾപ്പെടെ കഴിഞ്ഞ വർഷം വ്യോമസേന വൻ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്ന് വ്യോമസേന മേധാവി വ്യക്തമാക്കി.
ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ തയാറാണ്. ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം പാകിസ്താന് എഫ്.16ഉം ഇന്ത്യക്ക് മിഗ് 21 യുദ്ധ വിമാനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. റഫാൽ പോർ വിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും ലഭിച്ചത് സേനയുടെ പ്രവർത്തന കാര്യക്ഷമത ഏറെ ഉയർത്തിയെന്നും ഭദൗരിയ പറഞ്ഞു. വാർത്തസമ്മേളനത്തിനു മുമ്പ് ബാലാേകാട്ട് വ്യോമാക്രമണത്തിെൻറ രേഖാചിത്ര വിഡിയോയും പ്രദർശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.