ബോയിങ് 737-200 വിമാനം

ഉടമസ്ഥർ പോലും മറന്ന ആ ബോയിങ് വിമാനം വിറ്റു; ഇനി ഉപ​യോഗിക്കുക എഞ്ചിനിയറിങ് വിദ്യാർഥികളുടെ പഠനത്തിന്

വർഷങ്ങളായി ഉടമസ്ഥർ പോലും മറന്ന ബോയിങ് 737-200 വിമാനം കൊൽക്കത്ത വിമാനത്താവളത്തിൽ നിന്നും മാറ്റി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിമാനത്താവള പരിസരത്ത് നിന്ന് നീക്കം ചെയ്ത 14-ാമത്തെ പ്രവർത്തനരഹിതമായ വിമാനമാണിത്. 43 വർഷം പഴക്കമുള്ള വിമാനം ഇനി ബംഗളൂരുവിലെ എഞ്ചിനീയർ വിദ്യാർഥികൾ പഠനത്തിനായി ഉപയോഗിക്കും. വലിയ ട്രാക്ടർ ട്രെയിലറിലാണ് വിമാനം ബംഗളൂരുവിലേക്ക് കൊണ്ടുപോകുന്നത്.

കഴിഞ്ഞ 13 വർഷമായി തങ്ങൾക്ക് സ്വന്തമായി ഇങ്ങനെയൊരു വിമാനമുണ്ടെന്ന് എയർ ഇന്ത്യ അറിഞ്ഞിരുന്നില്ല. കൊൽക്കത്തയിൽ നിന്നും വിമാനം എടുത്തുമാറ്റുന്ന വിവരം പുറത്തുവന്ന ഘട്ടത്തിലാണ് തങ്ങൾ മറന്നു പോയ ബോയിങ് 737-200 വിമാനത്തെ കുറിച്ച് ഇവർ അറിയുന്നത്. മാത്രവുമല്ല, യു.എസ് ആസ്ഥാനമായുള്ള പ്രമുഖ എയ്‌റോസ്‌പേസ് നിർമാതാവായ പ്രാറ്റ് ആൻഡ് വിറ്റ്നി വിറ്റ ഏക വിമാനമാണിത്.

കൊൽക്കത്ത വിമാനത്താവള ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത് വരെ വിമാനത്തിന്റെ അസ്തിത്വത്തെക്കുറിച്ച് എയർ ഇന്ത്യക്ക് അറിയില്ലായിരുന്നുവെന്ന് എയർ ഇന്ത്യ സി.ഇ.ഒ കാംബെൽ വിൽസൺ കമ്പനി ജീവനക്കാർക്ക് നൽകിയ ഒരു ആന്തരിക പോസ്റ്റിലാണ് വെളിപ്പെടുത്തിയത്. മൂന്ന് വർഷം മുമ്പ് നടന്ന സ്വകാര്യവത്കരണത്തിൽ വിമാനത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ നഷ്ടപ്പെടുകയായിരുന്നു എന്നും വിൽസൺ ചൂണ്ടിക്കാട്ടി.

1998ൽ അലയൻസ് എയറിന് പാട്ടത്തിന് കൊടുക്കുന്നതിന് മുമ്പ് 1982ലാണ് ഇന്ത്യൻ എയർലൈൻസ് ബി 737-200 വിമാനം സ്വന്തമാക്കുന്നത്. പിന്നീട് 2007ൽ തിരിച്ചുകിട്ടിയതുമുതൽ വിമാനത്തെ ചരക്കുസർവീസിന് പ്രയോജനപ്പെടുത്തി. തുടർന്ന് ഇന്ത്യൻ എയർലൈൻസ് എയർ ഇന്ത്യയിൽ ലയിച്ചു. 2012-ൽ ഡീകമീഷൻ ചെയ്യുന്നതിനുമുമ്പ് വിമാനം ഇന്ത്യ പോസ്റ്റ് ഉപയോഗിച്ചിരുന്നു. അതിനുശേഷമാണ് കൊൽക്കത്ത വിമാനത്താവളത്തിൽ പറക്കാതെ കിടന്നത്.

ബാംഗ്ലൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡിന്റെ എഞ്ചിനീയർമാരെ അറ്റകുറ്റപ്പണികൾ പരിശീലിപ്പിക്കുന്നതിനായി വിമാനം വിറ്റപ്പോൾ പാർക്കിങ് ഫീസ് ഇനത്തിൽ എയർപോർട്ടിന് ഏകദേശം ഒരു കോടി രൂപ തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടുണ്ട്. പൊതുവേ എയർ ഇന്ത്യ വിൽക്കുന്ന വിമാനങ്ങൾ സ്വകാര്യ കമ്പനികൾ ഫ്യൂസലേജ് നിർമാണത്തിന് വേണ്ടി ഉപ​യോഗിക്കാറാണ് പതിവ്.

ഉപേക്ഷിക്കപ്പെട്ട 10 എയർ ഇന്ത്യ വിമാനങ്ങൾക്ക് പുറമേ 1947-ൽ ഡച്ച് ഉപരോധങ്ങളിൽ നിന്ന് മുൻ ഇന്തോനേഷ്യൻ പ്രധാനമന്ത്രി സുതൻ ജഹ്‍രീറിനെയും രാജ്യത്തിന്റെ വൈസ് പ്രസിഡന്റ് മുഹമ്മദ് ഹതയെയും രക്ഷിക്കാൻ ഒഡീഷ മുൻ മുഖ്യമന്ത്രി ബിജു പട്നായിക് പറത്തിയ ഡഗ്ലസ് ഡിസി-3 ഡക്കോട്ട ഉൾപ്പെടെ നാല് വിമാനങ്ങളും വിമാനത്താവളത്തിൽനിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇത് ഭുവനേശ്വർ വിമാനത്താവളത്തിൽ പ്രദർശിപ്പിക്കുന്നതിനായി ഒഡീഷയിലേക്ക് കൊണ്ടുപോയി. നിലവിൽ കൊൽക്കത്ത വിമാനത്താവളത്തിൽ പ്രവർത്തനരഹിതമായ ഒരേയൊരു വിമാനം സർക്കാർ ഉടമസ്ഥതയിലുള്ള അലയൻസ് എയറിന്റെ രണ്ട് എ.ടി.ആർ വിമാനങ്ങളാണെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു.

Tags:    
News Summary - Boeing, going, gone: 100ft B737-200 aircraft, lying forgotten at Kolkata airport for 13 years, sets out on 1,900km journey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.