സി.ബി.എസ്.ഇ ചോദ്യപേപ്പർ സ്ത്രീവിരുദ്ധം, മോദി മാപ്പ് പറ‍യണമെന്ന് സോണിയ ഗാന്ധി, സഭ വിട്ടിറങ്ങി പ്രതിഷേധം

ന്യൂഡൽഹി: സി.ബി.എസ്.ഇ പരീക്ഷയിലെ ചോദ്യപേപ്പർ തികച്ചും സ്ത്രീവിരുദ്ധമെന്ന് ആക്ഷേപിച്ച് പ്രതിപക്ഷം സോണിയാഗാന്ധിയുടെ നേതൃത്വത്തിൽ സഭ വിട്ടിറങ്ങി. സി.ബി.എസ്.ഇ പത്താം ക്ലാസ് ചോദ്യപേപ്പറിലെ ചോദ്യത്തിലാണ് വിവാദമായ പരാമർശങ്ങൾ ഉള്ളത്. സ്​ത്രീ സ്വാത​ന്ത്ര്യവും സ്​ത്രീ പുരുഷ സമത്വവും കുടുംബങ്ങളിൽ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കിയെന്ന പത്താം ക്ലാസ് ആദ്യ ടേം ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറാണ് വിവാദമായത്.

ഡി.എം.കെ, മുസ്ലിം ലീഗ്, എൻ.സി.പി എന്നീ പാർട്ടികളാണ് കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ സഭ വിട്ടിറങ്ങിയത്. സീറോ അവറിലാണ് സോണിയ ഗാന്ധി വിഷ‍യം ഉന്നയിച്ചത്. ചോദ്യപേപ്പർ തികച്ചും സ്ത്രീവിരുദ്ധമാണെന്നും വിഷയത്തിൽ മോദി സർക്കാർ മാപ്പ് പറയണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

വിവാദമായ ചോദ്യം ഉടൻ തന്നെ പിൻവലിക്കണമെന്നും ഇത്തരമൊരു ചോദ്യം ചോദ്യപേപ്പറിൽ ഉൾപ്പെട്ടു എന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും അവർ പറഞ്ഞു.

നിലവാരം കുറഞ്ഞതും വെറുപ്പുണ്ടാക്കുന്നതുമായ നടപടിയെന്നാണ് രാഹുൽ ഗാന്ധി ഇതിനെ വിശേഷിപ്പിച്ചത്. യുവജനങ്ങളുടെ ഭാവി തകർക്കുന്നതിനുവേണ്ടിയുള്ള ആർ.എസ്.എസ്-ബി.ജെ.പി പദ്ധതിയാണിതെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.


സ്ത്രീ - പുരുഷ തുല്യത കുടുംബങ്ങളിൽ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കി എന്നാണ് ചോദ്യത്തിലെ പരാമർശം. സ്ത്രീ - പുരുഷ തുല്യത ഇല്ലാതിരുന്ന കാലത്ത് കുടുംബത്തിലെ കുട്ടികൾക്ക് അച്ചടക്കം ഉണ്ടായിരുന്നു. സ്ത്രീക്ക് അവളുടെ സ്ഥാനം കണ്ടെത്താൻ സാധിച്ചിരുന്നു. എന്നാൽ സ്ത്രീ - പുരുഷ തുല്യത വന്നതോടെ കുടുംബത്തിലെ ഒരിക്കലും തെറ്റുപറ്റാത്ത അധികാരി എന്ന സ്ഥാനം പുരുഷന് ത്യജിക്കേണ്ടി വന്നു എന്നാണ് ചോദ്യപേപ്പറിലെ നിരീക്ഷണം. രക്ഷിതാക്കൾക്ക് കൗമാരക്കാരിൽ ആധിപത്യം ഇല്ലാത്തതിന് കാരണമായി ചോദ്യപേപ്പർ ചൂണ്ടിക്കാട്ടുന്നത് സ്ത്രീ -പുരുഷ തുല്യതയാണ്. തുല്യത നടപ്പാക്കി തുടങ്ങിയതോടെ എല്ലാം വഴി തെറ്റിയെന്നാണ് ചോദ്യ പേപ്പറിലെ നിരീക്ഷണം.

ചോദ്യം വൻ വിവാദങ്ങൾക്ക്​ വഴിവെച്ചിരിക്കുകയാണ്​. അധ്യാപകരും രക്ഷിതാക്കളും രാഷ്ട്രീയക്കാരും ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തി. 'സ്ത്രീകളെക്കുറിച്ചുള്ള ഈ പിന്തിരിപ്പൻ വീക്ഷണങ്ങളെ ബി.ജെ.പി സർക്കാർ അംഗീകരിക്കുന്നു. മറ്റെന്താണ് അവർ സിബിഎസ്ഇ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത്?'-കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു.

സംഭവം വിവാദമായതോടെ സി.ബി.എസ്​.ഇയും മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്​. 'സി.ബി.എസ്.ഇ പത്താം ക്ലാസ് ഒന്നാം ടേം പരീക്ഷയുടെ ഇംഗ്ലീഷ് പേപ്പറിന്‍റെ ഒരു സെറ്റിലെ ചോദ്യത്തിന്​ കുറച്ച് രക്ഷിതാക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചു. ചോദ്യം കുടുംബത്തെക്കുറിച്ചുള്ള പിന്തിരിപ്പൻ സങ്കൽപ്പങ്ങളെ പിന്തുണക്കുന്നതായി തോന്നുന്നു. വിഷയം ചർച്ചക്ക്​ വിധേയമാക്കും. ബോർഡിന്‍റെ നടപടിക്രമങ്ങൾ അനുസരിച്ച് പരിഗണിക്കും'-ഉയർന്ന സി.ബി.എസ്.ഇ ഉദ്യോഗസ്​ഥൻ പറഞ്ഞു.

Tags:    
News Summary - Blatantly Misogynist- CBSE Exam Question Provokes Opposition Walkout

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.