ഡെൽഹി പൊലീസ്, പ്രതീകാത്മക ചിത്രം

ഡൽഹിയിൽ വീണ്ടും സ്ഫോടന ശബ്ദമെന്ന് ഫോൺ, പിന്നാലെ പരിശോധന, ബസിന്റെ ടയർ പൊട്ടിത്തെറിച്ചെന്ന് കണ്ടെത്തൽ

ന്യൂഡൽഹി: ഡൽഹി മഹിപാൽപൂരിലെ റാഡിസൺ ഹോട്ടലിന് സമീപം ആശങ്ക പരത്തി സ്ഫോടന ശബ്ദം. പിന്നാലെ, അഗ്നിരക്ഷാ സേനയും പൊലീസുമടക്കമുള്ളവർ സ്ഥലത്തെത്തി. പിന്നീട് നടന്ന പരിശോധനയിൽ ഡൽഹി ട്രാൻസ്​പോർട്ട് കോർപറേഷൻ ബസുകളിലൊന്നിന്റെ ടയർ പൊട്ടിയതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ 9.18ഓടെയാണ് സംഭവം. ഉഗ്രശബ്ദം കേട്ടതായി പ്രദേശവാസികൾ പൊലീസിലും അഗ്നിരക്ഷാസേനയെയും വിളിച്ചറിയിക്കുകയായിരുന്നു. സംഭവസ്ഥലത്ത് സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്ന് ഡൽഹി പോലീസ് അറിയിച്ചു. നിലവിൽ അഗ്നിശമന സേനയുടെ മൂന്ന് സംഘങ്ങൾ സ്ഥലത്തുണ്ട്. ഗുരുഗ്രാമിലേക്കുള്ള യാത്രക്കിടെ ശബ്ദം കേട്ടതായായിരുന്നു ആദ്യം ജില്ല​ പൊലീസ് മേധാവിയുടെ ഓഫീസിൽ ഫോൺ എത്തിയത്. പിന്നാലെ, പൊലീസ് സംഘം സ്ഥലത്തേക്ക് എത്തുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ ദൗല​ കുവാനിലേക്ക് പോകുകയായിരുന്ന ഡി.ടി.സി ബസിന്റെ ടയർ പൊട്ടിത്തെറിച്ചാണ് ശബ്ദമുണ്ടായതെന്ന് കണ്ടെത്തുകയായിരുന്നു.

ചെങ്കോട്ടക്ക് സമീപമുണ്ടായ സ്ഫോടനത്തിന് പിന്നാലെ, അതീവ ജാഗ്രതയിലാണ് രാജ്യതലസ്ഥാനം. വിവിധയിടങ്ങളിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. ജംഗ്ഷനുകളിൽ പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ കടന്നുപോകുന്ന വാഹനങ്ങളിൽ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. നവംബർ 10ന് ചെങ്കോട്ടക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ 12 പേരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്.

രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്ഫോടനം നടന്നത്. ലാൽ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിച്ചത്. വേഗം കുറച്ച് ചെങ്കോട്ടക്ക് മുന്നിലൂടെ നീങ്ങുകയായിരുന്ന കാർ ട്രാഫിക് സിഗ്നലിൽ നിർത്തിയതിനു പിന്നാലെയായിരുന്നു സ്ഫോടനം. സമീപത്തുണ്ടായിരുന്ന കാറുകളും കത്തിച്ചാമ്പലായി. ദൂരെ മാറിക്കിടന്ന വാഹനങ്ങളിലെ ചില്ലുകൾ വരെ സ്ഫോടനത്തിന്റെ ശക്തിയിൽ പൊട്ടിച്ചിതറി.

സ്ഫോടനത്തിന് ഇടയാക്കിയ കാർ ഓടിച്ചത് ഡോ.ഉമർ നബിയാണെന്ന് ഡി.എൻ.എ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. അമ്മയുടെ ഡി.എൻ.എ സാംപിളുമായി ഉമറിന്റെ സാംപിളുകൾ യോജിച്ചതായി അധികൃതർ പറഞ്ഞു. ഡോ.ഉമർ നബിയുടെ പേരിലുള്ള മറ്റൊരു കാർ കൂടി ഹരിയാനയിലെ ഫരീദാബാദിൽ ബുധനാഴ്ച അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 

Tags:    
News Summary - blast heard in mahipalpur near radisson hotel in delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.