കള്ളപ്പണം: കേന്ദ്രമന്ത്രി, ബി.ജെ.പി നേതാവ്, അമിതാഭ് ബച്ചൻ അടക്കം 714 ഇന്ത്യക്കാരുടെ വിവരങ്ങൾ പുറത്ത് 

ന്യൂഡൽഹി: കോളിളക്കം സൃഷ്ടിച്ച 'പാനമ പേപ്പേഴ്സ്' വെളിപ്പെടുത്തലിന് പിന്നാലെ ഇന്ത്യയിലെ പ്രമുഖർ നടത്തിയ നികുതി വെട്ടിപ്പിന്‍റെയും വിദേശ രാജ്യങ്ങളിലെ കള്ളപ്പണ നിക്ഷേപങ്ങളുടെയും വിവരങ്ങൾ പുറത്ത്. കേന്ദ്ര വ്യോമയാന  മന്ത്രിയും ബി.ജെ.പി നേതാവ് യശ്വന്ത് സിൻഹയുടെ മകനുമായ ജയന്ത് സിൻഹ, ബി.ജെ.പി എം.പി ആർ.കെ സിൻഹ, ബോളിവുഡ് താരം അമിതാഭ് ബച്ചൻ, നടൻ സഞ്ജയ് ദത്തിന്‍റെ ഭാര്യ മന്യത ദത്ത്, 2ജി സ്പെക്ട്രം ഇടപാടിലെ ഇടനിലക്കാരി നീര റാഡിയ, സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യംവിട്ട മദ്യ വ്യവസായി വിജയ് മല്യ, ബി.ജെ.പി രാജ്യസഭാ എം.പി രവീന്ദ്ര കിഷോർ, അടക്കം 714 ഇന്ത്യക്കാരുടെ പേരുകളാണ് 'പാരഡൈസ് പേപ്പേഴ്സ്' എന്ന പേരിൽ രാജ്യാന്തര മാധ്യമ കൂട്ടായ്മ പുറത്തുവിട്ടത്. 

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരം ഉൾപ്പെട്ട ആംബുലൻസ് കേസിലുള്ള സിക്വിസ്റ്റ ഹെൽത്ത് കെയറിനെ കുറിച്ചും രേഖകളിൽ പറയുന്നുണ്ട്. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗലോട്ട്, മുൻ കേന്ദ്രമന്ത്രി സച്ചിൻ പൈലറ്റ്, മുൻ കേന്ദ്രമന്ത്രി വയലാർ രവിയുടെ മകൻ രവി കൃഷ്ണ എന്നിവർ ഈ കമ്പനിയിൽ അംഗങ്ങളാണ്. കൂടാതെ കേരളത്തിൽ വിവാദമായ എസ്.എൻ.സി ലാവലിൻ, വിജയ് മല്യയുടെ യുനൈറ്റഡ് സ്പിരിറ്റ്, അപ്പോളോ ടെയേഴ്സ്, ജിൻഡാൽ സ്റ്റീൽസ്, ഹാവെൽസ്, ഹിന്ദുജ, എമ്മാർ എം.ജി.എഫ്, വിഡിയോകോൺ, ഡി.എസ്. കൺസ്ട്രക്ഷൻ, ഡി.എസ് കൺസ്ട്രക്ഷൻ്. സൺ ടി.വി, എസാർ-ലൂപ് എന്നീ കമ്പനികളുടെ പേരുകളും പാരഡൈസ് പെപ്പേഴ്സിൽ പരാമർശിക്കുന്നുണ്ട്. 

ജർമൻ ദിനപത്രം സെഡ്യൂസെ സീറ്റങ്ങും അന്വേഷണാത്മക പത്രപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്‍റർനാഷണൽ കൺസോർഷ്യം ഒാഫ് ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റും (ഐ.സി.ഐ.ജെ) 96 മാധ്യമ സ്ഥാപനങ്ങളും നടത്തിയ സംയുക്ത അന്വേഷണത്തിനും വിലയിരുത്തലിനും ശേഷമാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. നേരത്തെ, വ്യവസായികൾ, ചലച്ചിത്ര താരങ്ങൾ, പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫ് അടക്കമുള്ള ലോക നേതാക്കൾ ഉൾപ്പെടുന്ന കള്ളപ്പണ നിക്ഷേപങ്ങൾ സംബന്ധിച്ച 'പാനമ പേപ്പേഴ്സും' പുറത്തുവിട്ടത് സംയുക്ത മാധ്യമ കൂട്ടായ്മ ആയിരുന്നു. 

നികുതി വെട്ടിപ്പിനും കള്ളപ്പണ നിക്ഷേപത്തിനുമായി വിദേശ രാജ്യങ്ങളിൽ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടാക്കി പണം നിക്ഷേപിച്ചെന്നാണ് ഇവർക്കെതിരായ ആരോപണം. ബർമൂഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന 199 വർഷം പഴക്കമുള്ള നികുതി ഉപദേശകരായ ആപ്പിൾബൈ കമ്പനിയാണ് സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചിരുന്നത്. പാരഡൈസ് പേപ്പേഴ്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം നിക്ഷേപകരുടെ പട്ടികയിൽ ഇന്ത്യ 19ാം സ്ഥാനത്താണ്. ഇന്ത്യയെ കൂടാതെ 180 രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരുടെ വിശദാംശങ്ങളും പുറത്തുവിട്ടിട്ടുണ്ട്. 1950-2016 കാലയളവിലെ നിക്ഷേപം സംബന്ധിച്ച 13.4 ലക്ഷം രേഖകളാണ് മാധ്യമ കൂട്ടായ്മ പുറത്തുവിട്ടത്. 

ഇന്ത്യക്കാരെ കൂടാതെ വിദേശ രാജ്യങ്ങളിലെ പ്രമുഖരുടെ പേരുകളും പാരഡൈസ് പേപ്പേഴ്സ് പുറത്തുവിട്ടിട്ടുണ്ട്. യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, ബ്രിട്ടീഷ് രാജ്ഞി എലിസബത്ത്-2, കൊളമ്പിയൻ പ്രസിഡന്‍റ് ജൂവാൻ മാനുവൽ സാന്‍റോസ്, പാകിസ്താൻ മുൻ പ്രധാനമന്ത്രി ഷൗക്കത്ത് അസീസ്, ജോർദാൻ രാജ്ഞി നൂർ അൽ ഹുസൈൻ, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ, അമേരിക്കൻ വാണിജ്യ വിഭാഗം സെക്രട്ടറി വിൽബർ റോസ്, ഗായകരായ ബോണോ, മഡോണ എന്നിവരും നികുതി വെട്ടിപ്പുകാരുടെ പട്ടികയിൽ ഉൾപ്പെടുന്നു. 

രാജ്യാന്തര മാധ്യമകൂട്ടായ്മായ ഐ.സി.ഐ.ജെ പുറത്തുവിടുന്ന നാലാമത്തെ രേഖകളാണ് പാരഡൈസ് പേപ്പേഴ്സ്. നേരത്തെ, 2013ൽ ഒാഫ്ഷോർ ലീക്സ്, 2015ൽ സ്വിസ് ലീക്സ്, 2016ൽ പാനമ പേപ്പേഴ്സ് എന്നീ പേരുകളിൽ നികുതി വെട്ടിപ്പും കള്ളപ്പണ നിക്ഷേപവും നടത്തിയവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നു. 

Tags:    
News Summary - Black Money Investment: Paradise Papers Published 714 Indians Names -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.