ന്യൂഡൽഹി: ഫിറോസ്പുരിലേക്ക് ഈ റോഡിലൂടെയാണ് മോദി വരുന്നതെന്നും റോഡ് ഒഴിവാക്കിക്കൊടുക്കണമെന്നും ഫിറോസ്പുർ സീനിയർ പൊലീസ് സൂപ്രണ്ട് ആവശ്യപ്പെട്ടപ്പോൾ വെറുതെ പറയുകയാണെന്ന് കരുതിയെന്ന് പ്രധാനമന്ത്രിയെ തടഞ്ഞ ഭാരതീയ കിസാൻ യൂനിയൻ (ക്രാന്തികാരി) നേതാവ് സുർജിത് സിങ് ഫൂൽ.
പ്രധാനമന്ത്രിക്കെതിരായ പ്രതിഷേധത്തിന് തീരുമാനിച്ച ഏഴ് കർഷക സംഘടനകളിൽ വാഹനവ്യൂഹം കടന്നുവന്ന ഫിറോസ്പുർ - മോഗ റോഡിലെ പിയനിയാര ഗ്രാമം ഉപരോധിക്കാൻ ചുമതല നൽകപ്പെട്ടത് അവിടെ സ്വാധീനമുള്ള ഭാരതീയ കിസാൻ യൂനിയൻ (ക്രാന്തികാരി) വിഭാഗത്തിനായിരുന്നു.
ഫിറോസ്പുർ ജില്ലയിലെ ഹുസൈനിവാല രക്തസാക്ഷി സ്മാരകത്തിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് പിയനിയാര ഗ്രാമം. 'പൊലീസ് കളിയാക്കുകയാണെന്നും പ്രധാനമന്ത്രി വരില്ലെന്നും ഞങ്ങൾ ആദ്യം കരുതി. സമ്മേളന നഗരിക്ക് അടുത്ത് ഹെലിപാഡ് ഒരുക്കിയതിനാൽ വ്യോമമാർഗം വരുമെന്നാണ് വിചാരിച്ചത്.
അതുവഴി മോദി അപ്പോൾ വന്നുകൊണ്ടിരിക്കുകയാണെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. പ്രധാനമന്ത്രി വരികയാണെങ്കിൽ വരുന്നതിന് ഒരു മണിക്കൂർ മാത്രം മുമ്പാണോ അറിയുകയെന്ന് ഫിറോസ്പുർ എസ്.എസ്.പിയോട് ഞങ്ങൾ തിരിച്ചുചോദിച്ചു. അതൊരിക്കലും സംഭവിക്കില്ലെന്നും ഞങ്ങൾ പൊലീസിനോട് തർക്കിച്ചു. റോഡിൽ നിന്ന് സമരക്കാരെ നീക്കാനുള്ള പൊലീസിന്റെ തന്ത്രമായിട്ടാണ് അപ്പോഴും കണക്കു കൂട്ടിയത്. നിങ്ങൾ കളിയാക്കുകയാണെന്നും ഇത് വിശ്വസിക്കില്ലെന്നും റോഡ് ഒഴിഞ്ഞുതരില്ലെന്നും എസ്.എസ്.പിയോട് ഞങ്ങൾ പറഞ്ഞു.
മിനിമം താങ്ങുവിലയ്ക്ക് നിയമ പരിരക്ഷ നൽകുന്ന ബിൽ കൊണ്ടുവരിക, സമരത്തിൽ പങ്കെടുത്ത കർഷകർക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളൊന്നും കേന്ദ്ര സർക്കാർ ഇതുവരെയും നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് റാലിക്ക് വരുന്ന പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധത്തിനും ഉപരോധത്തിനും കർഷക സംഘടനകൾ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.