സംഭൽ ജഡ്ജിയെ മാറ്റൽ: ഗുജറാത്ത് മാതൃക യു.പിയിൽ നടപ്പാക്കുന്നു -കോൺഗ്രസ്

ന്യൂഡൽഹി: സംഭൽ ശാഹി ജമാ മസ്ജിദ് സർവേക്കിടെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് പൊലീസുകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട ജഡ്ജിയെ സ്ഥലം മാറ്റിയ നടപടിയിൽ പ്രതിഷേധം കനക്കുന്നു. ഡിജി വൻസാര, മായ കോട്നാനി, ബാബു ബജ്രംഗി തുടങ്ങിയവർക്ക് ജഡ്ജിമാരെ മാറ്റി ആശ്വാസം നൽകിയ ഗുജറാത്തിലെ മാതൃകയാണ് ഇപ്പോൾ ഉത്തർപ്രദേശിൽ നടപ്പാക്കുന്നതെന്നും ജഡ്ജിയുടെ സ്ഥലം മാറ്റത്തിൽ പ്രതിഷേധിക്കുന്ന അഭിഭാഷകർക്കൊപ്പമാണ് പാർട്ടിയെന്നും കോൺഗ്രസ് മീഡിയ ചുമതലയുള്ള പവൻ ഖേര പറഞ്ഞു.

ഗുജറാത്ത് കലാപക്കേസിൽ അന്നത്തെ മുഖ്യമന്ത്രി ജഡ്ജിയെ മാറ്റിയതെങ്ങനെയെന്ന് പറയുന്ന കലാപക്കേസിലെ പ്രതി ബാബു ബജ്റംഗിയുടെ വിഡിയോ പങ്കുവെച്ചായിരുന്നു പവൻ ഖേരയുടെ വിമർശനം. ഉത്തരവുകൾ മാറ്റാൻ ജഡ്ജിമാരെ സ്ഥലം മാറ്റുന്നത് ഇതാദ്യമല്ല. ഡൽഹി കലാപത്തിൽ ബി.ജെ.പി നേതാക്കൾക്കെതിരെ ഉത്തരവുകൾ പുറപ്പെടുവിച്ച ജസ്റ്റിസ് മുരളീധറിനെയും അർധരാത്രിയിൽ സ്ഥലം മാറ്റിയിട്ടുണ്ട്. നീതിയുടെ തുലാസുകൾ ഉയർത്തിപ്പിടിക്കുന്ന ജഡ്ജിമാരെ ബി.ജെ.പി എങ്ങനെ ഏകപക്ഷീയമായി സ്ഥലം മാറ്റുന്നുവെന്ന് ഇത് കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കിൾ ഓഫിസർ അനൂജ് ചൗധരി, ഇൻസ്പെക്ടർ അനൂജ് കുമാർ തോമർ എന്നിവരുൾപ്പെടെ 20 ഓളം പൊലീസുകാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട ചന്ദൗസി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിഭാൻഷു സുധീറിനെയാണ് സുൽത്താൻ പൂരിലേക്ക് സിവിൽ ജഡ്ജിയായി സ്ഥലം മാറ്റിയത്. തരം താഴ്ത്തിയാണ് പുതിയ പദവി നൽകിയതെന്ന വിമർശനം ഉയർന്നിരുന്നു.

നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്തിയ ആളാണ് ജഡ്ജി വിഭാൻഷു സുധീർ എന്നും സംഭലിലേക്ക് തിരികെ കൊണ്ടുവരണമെന്നും ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ് രാജേഷ് യാദവ് ആവശ്യപ്പെട്ടു. പല കേസുകളിലും എട്ട് ദിവസത്തിനുള്ളിൽ തീരുമാനങ്ങൾ ഉണ്ടാക്കുന്ന ജഡ്ജിയാണ്. ഉദ്യോഗസ്ഥർക്കെതിരെ എഫ്.ഐ.ആർ ഉത്തരവിട്ട ശേഷമുള്ള സ്ഥലംമാറ്റം വ്യക്തമായി ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംഭൽ സംഘർഷത്തിന് കാരണമായ സർവേക്ക് ഉത്തരവിട്ട ആദിത്യ സിങ്ങാണ് സ്ഥാനക്കയറ്റം ലഭിച്ച് വിഭാൻഷു സുധീറിന് പകരക്കാരനായി എത്തിയത്. വിമർശനം കടുക്കുന്നതിനിടെ, സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങി 48 മണിക്കൂറിനുള്ളിൽ തന്നെ ആദിത്യ സിങ്ങിനെ ചന്ദൗസി സിവിൽ ജഡ്ജി (സീനിയർ ഡിവിഷൻ) സ്ഥാനത്തേക്കുതന്നെ അലഹബാദ് ഹൈകോടതി തിരിച്ചയച്ചു.

Tags:    
News Summary - BJP wants to control judiciary: Congress on Sambhal CJM transfer row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.