ആർ.കെ. സിങ്, അശോക് കുമാർ അഗർവാൾ, ഉഷാ അഗർവാൾ
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ, ബിഹാർ ബി.ജെ.പിയിൽ പൊട്ടിത്തെറി. പാർട്ടി വിരുദ്ധ പ്രവർത്തനം ചൂണ്ടി സസ്പെൻഷൻ നോട്ടീസ് നൽകിയതിന് പിന്നാലെ മുൻ കേന്ദ്രമന്ത്രി കൂടിയായ ആർ.കെ. സിങ് പാർട്ടി വിട്ടു. സിങ്ങിന് പുറമെ ബിഹാർ എം.എൽ.എ അശോക് കുമാർ അഗർവാൾ, കൈതാർ മേയർ ഉഷാ അഗർവാൾ എന്നിവർക്കെതിരെയും നടപടിയുണ്ട്.
ശനിയാഴ്ചയാണ് ആർ.കെ. സിങ്ങടക്കമുള്ളവരെ സസ്പെൻഡ് ചെയ്ത് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. നേതാക്കളുടെ പ്രവർത്തനങ്ങൾ ക്ഷതമുണ്ടാക്കിയതായും പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിനെതിരെ എന്തെങ്കിലും ഉന്നയിക്കാനുണ്ടെങ്കിൽ അറിയിക്കാനുമാണ് നോട്ടീസിലെ നിർദേശം.
ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ, പാർട്ടിയെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച സിങ് രംഗത്തെത്തിയിരുന്നു. ബിഹാറിൽ അദാനിക്ക് സൗരോർജ്ജ പദ്ധതി കൈമാറിയതിൽ 62,000 കോടിയുടെ വെട്ടിപ്പ് നടന്നുവെന്നടക്കം സിങ്ങിന്റെ ആരോപണങ്ങൾ ബി.ജെ.പിയെയും സർക്കാരിനെയും ഒരുപോലെ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു.
ബിഹാർ തെരഞ്ഞെടുപ്പിന് മുമ്പ്, സ്ഥാനാർഥികളിൽ ക്രിമിനൽ പശ്ചാത്തലമുള്ളയാളുകളെ തള്ളണമെന്നായിരുന്നു വോട്ടർമാരോടുള്ള സിങ്ങിന്റെ ആഹ്വാനം. ജെ.ഡി.യു സ്ഥാനാർഥി അനന്ദ് സിങ്ങും ബി.ജെ.പി സംസ്ഥാനാധ്യക്ഷൻ ദിലിപ് ജയ്സ്വാളും, ഉപമുഖ്യമന്ത്രിയായ സാമ്രാട്ട് ചൗധരിയും അഴിമതിക്കാരാണെന്നും സിങ് ആരോപിച്ചിരുന്നു.
സ്വന്തം ജാതിയിലുള്ളവരാണെങ്കിൽ പോലും കളങ്കിതരായവർക്ക് ഒപ്പം നിൽക്കരുതെന്നും നല്ല മത്സരാർഥി ഇല്ലെങ്കിൽ നോട്ടക്ക് വോട്ടിടണമെന്നുമുള്ള സിങ്ങിന്റെ ആഹ്വാനം ബി.ജെ.പി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.
സംസ്ഥാന നേതൃത്വം താക്കീത് നൽകിയതിന് പിന്നാലെ, തെരഞ്ഞെടുപ്പ് കമീഷനോട് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് സിങ് രംഗത്തെത്തിയിരുന്നു. കുറ്റക്കാരായ രാഷ്ട്രീയക്കാർ തടസമില്ലാതെ വിലസുന്നതിന് കാരണം തെരഞ്ഞെടുപ്പ് കമീഷന്റെയും തദ്ദേശ ഭരണസംവിധാനത്തിന്റെയും വീഴ്ചയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.