‘ഭരണഘടന കൈയിൽ കരുതിയാൽ മാത്രം അതിന്റെ മൂല്യം മനസ്സിലാകില്ല’; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി
ന്യൂഡൽഹി: വോട്ട് ചോരി വിഷയത്തിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ നേരിൽ കാണാനുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നീക്കത്തിന് തിരിച്ചടിയുണ്ടായതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി. ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ നേരിൽ കാണാനുള്ള നീക്കം ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണെന്ന് ബിജെപി ആരോപിച്ചു. ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയയാണ് എക്സിലൂടെ രൂക്ഷമായി പ്രതികരിച്ചത്.
ഭരണഘടനയുടെ പകർപ്പ് കൈയിൽ കൊണ്ടുനടന്നാൽ മാത്രം അതിന്റെ മൂല്യം മനസ്സിലാകില്ലെന്നും ഭരണഘടന വായിക്കാനും ബഹുമാനിക്കാനും അധികാര വിഭജനത്തിന്റെ തത്വം പഠിക്കാനും രാഹുൽ ഗാന്ധി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന ഭരണത്തിനുള്ള മാർഗ്ഗദർശിയാണെന്നും രാഷ്ട്രീയ പ്രകടനത്തിനുള്ള ഉപകരണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധി അധികാര വിഭജനത്തെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും ഭരണഘടനാ നിയമത്തെ രാഷ്ട്രീയ നാടകമാക്കി മാറ്റുകയാണെന്നും അദ്ദേഹം വിമർശിച്ചു. ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചക്ക് വിസമ്മതിച്ചത് വളരെ പ്രധാനപ്പെട്ട സന്ദേശം നൽകുന്നുവെന്നും ഭാട്ടിയ പറഞ്ഞു. നീതിന്യായ വ്യവസ്ഥ ദൈനംദിന രാഷ്ട്രീയ പോരാട്ടങ്ങൾക്ക് മുകളിൽ നിലനിൽക്കണമെന്നും ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയ നാടകങ്ങൾക്ക് വേണ്ടി ഉപയോഗിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ നേരിൽ കാണാനുള്ള രാഹുൽ ഗാന്ധിയുടെ നീക്കം സമാനമായ ഹരജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന കാരണം ചൂണ്ടിക്കാട്ടിക്കാണിച്ചാണ് നിഷേധിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കുന്നതിനിടെയാണ് സംഭവം. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് ഇന്ത്യ മുന്നണി മാർച്ച് നടത്തുന്നുണ്ട്. മാർച്ചിന് മുന്നോടിയായി വൈകിട്ട് നാല് മുതൽ അഞ്ച് വരെ കൂടിക്കാഴ്ചക്ക് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ചീഫ് ജസ്റ്റിസിന് കത്ത് നൽകുകയായിരുന്നു.
വോട്ട് ചോരി അവസാനിപ്പിക്കണം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം, വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം നിർത്തലാക്കണം, പേപ്പർ ബാലറ്റ് സമ്പ്രദായത്തിലേക്ക് മടങ്ങണം തുടങ്ങിയ നാല് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം കൈമാറാനായിരുന്നു കൂടിക്കാഴ്ച ശ്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.