പി. ചിദംബരം 

‘മുംബൈ ഭീകരാക്രമണത്തിന് പാകിസ്താനോട് പകരം ചോദിക്കാനൊരുങ്ങി; പക്ഷേ...’; പി. ചിദംബരത്തിന്റെ വെളിപ്പെടുത്തൽ വിവാദമാക്കി ബി.ജെ.പി

ന്യൂഡൽഹി: 2008ൽ, 175 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണവുമായി (26/11) ബന്ധപ്പെട്ട് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം നടത്തിയ വെളിപ്പെടുത്തൽ വിവാദമാകുന്നു. ഭീകരാക്രമണശേഷം പാകിസ്താനെതിരെ യുദ്ധം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചുവെന്നും അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളുടെയും വിവിധ നയതന്ത്ര ഉദ്യോഗസ്ഥരുടെയും ഉപദേശം മാനിച്ച് അതു വേണ്ടെന്നുവെച്ചുവെന്നുമാണ് കഴിഞ്ഞദിവസം എ.ബി.പി ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.

താൻ ഇടപെട്ടാണ് ഓപറേഷൻ സിന്ദൂർ നിർത്തിവെപ്പിച്ചതെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം മുൻനിർത്തിയുള്ള ഇൻഡ്യസഖ്യത്തിന്റെ വിമർശനത്തെ പ്രതിരോധിക്കാൻ ചിദംബരത്തിന്റെ വെളിപ്പെടുത്തൽ ആയുധമാക്കുകയാണ് ബി.ജെ.പി.

‘‘പാകിസ്താനോട് പകരം ചോദിക്കാൻ വ്യക്തിപരമായി ഞാൻ ആഗ്രഹിച്ചു. പക്ഷേ, യുദ്ധത്തിലേക്ക് കടക്കരുതേ എന്ന അപേക്ഷയുമായി ലോകം മുഴുവൻ ഡൽഹിയിലെത്തി. അക്കൂട്ടത്തിൽ അന്നത്തെ യു.എസ് വിദേശകാര്യ സെക്രട്ടറി കോണ്ടലിസ റൈസുമുണ്ടായിരുന്നു. ദയവായി ആയുധമെടുക്കരുതെന്ന് അപേക്ഷിച്ച് എന്നെയും പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയും കണ്ടു. സർക്കാറാണ് അതിൽ തീരുമാനമെടുക്കുക എന്നാണ് ഞാൻ അവരോട് പറഞ്ഞത്. ആ നിമിഷവും എന്റെ മനസ്സിൽ പ്രതികാരം ചെയ്യണം എന്നുതന്നെയായിരുന്നു. ആക്രമണം തുടരുന്ന സമയത്ത് പ്രധാനമന്ത്രിയും സൈനിക ആക്ഷനെക്കുറിച്ച് എന്നോട് ചർച്ച ചെയ്തു. എന്നാൽ, ഞങ്ങളുടെ തീരുമാനത്തെ സ്വാധീനിച്ചത് വിദേശ കാര്യ മന്ത്രാലയത്തിലെ ഏതാനും ഉദ്യോഗസ്ഥരുടെ വാക്കുകളായിരുന്നു. നമ്മൾ ഈ സമയം സൈനികമായി പ്രത്യാക്രമണം ചെയ്തുകൂടെന്ന് അവർ പറഞ്ഞു’’ -ചിദംബരം പറഞ്ഞു.

ചിദംബരത്തിന്റെ പ്രസ്താവനയെ രാഷ്ട്രീയ ആയുധമാക്കി എടുത്തിരിക്കുകയാണ് ബി.ജെ.പി. ചിദംബരത്തിന്റെ വെളിപ്പെടുത്തൽ രാജ്യത്തിന് നേരത്തേതന്നെ ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും ഭീകരാക്രമണത്തെ നേരിടുന്നതിൽ യു.പി.എ സർക്കാറും കോൺഗ്രസും പരാജയപ്പെട്ടെന്നും കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷി കുറ്റപ്പെടുത്തി. പാകിസ്താനുമായി ഇടപെടുന്നതിൽ കോൺഗ്രസിന്റെ ചായ്‍വ് എന്താണെന്ന് ചിദംബരം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2008 നവംബർ 26നാണ് മുംബൈയിൽ ഭീകരാക്രമണം ഉണ്ടായത്. ഛത്രപതി ശിവാജി മഹാരാജ് റെയിൽവേ സ്റ്റേഷൻ, ഒബ്‌റോയ് ട്രൈഡന്റ്, താജ്മഹൽ പാലസ് ആൻഡ് ടവർ ഹോട്ടൽ, ലിയോപോൾ കഫേ, കാമ ആശുപത്രി, നരിമാൻ ഹൗസ് എന്നിവിടങ്ങളിലായിരുന്നു ആക്രമണം. 22 വിദേശികളടക്കം 175 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിനിടെ പിടികൂടിയ അജ്മൽ കസബിനെ 2012ൽ തൂക്കിലേറ്റിയിരുന്നു.

Tags:    
News Summary - BJP slams P Chidambaram over his remarks on Congress' response to 26/11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.