രാഹുലിന്റെ ജോഡോ യാത്രയെ പരിഹസിച്ച് ബി.ജെ.പിയുടെ വിഡിയോ; ബി.ജെ.പിക്ക് മോഹഭംഗവും നിരാശയുമെന്ന് ജയ്റാം രമേശ്

ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് പുറത്തിറക്കിയ ആനിമേഷൻ വിഡിയോയെ ചൊല്ലി ബി.ജെ.പിയും കോൺഗ്രസും തമ്മിൽ പോര് മുറുകുന്നു. രാഹുൽ ഗാന്ധിയെ ഷോലെ സിനിമയിലെ ഗോവർധൻ അസ്രാനിയുടെ കഥാപാത്രത്തോട് ഉപമിച്ചാണ് ബി.ജെ.പി രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ആനിമേഷൻ വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഷോലെയിൽ ദി ഗ്രേറ്റ് ഡിക്റ്റേറ്ററിലെ ചാർളി ചാപ്ലിന്റെ മാതൃകയിലുള്ള ഹാസ്യ കഥാപാത്രമാണ് അസ്രാനി.

വിഡിയോയിൽ ഗോവയിലെ കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിലേക്ക് കൂറുമാറിയതിനെയും കോൺഗ്രസ് വിട്ട് നേതാക്കൾ ഗുലാംനബി ആസാദിനൊപ്പം ചേരുന്നതും രാജസ്ഥാനിലെ അധികാരപ്പോരും എല്ലാം വിഡിയോയിൽ ഹാസ്യരൂപേണ പരാമർശിക്കുന്നുണ്ട്.

അമ്മേ എന്തുകൊണ്ടാണ് ഈ കഷ്ടപ്പാടുകൾ അവസാനിക്കാത്തത്? എന്ന് വിഡിയോയുടെ അവസാനം രാഹുൽ സോണിയയോട് ചോദിക്കുന്നുണ്ട്. രാഹുൽ നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ വിജയം കണ്ട് സഹിക്കാനാകാതെ ബി.ജെ.പി അവസാന അടവുമായി രംഗത്തെത്തിയിരിക്കുകയാണ് എന്നായിരുന്നു വിഡിയോയെ കുറിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞത്.

മോഹഭംഗം+നിരാശ=ആനിമേഷൻ എന്നും ജയ്റാം രമേശ് പരിഹസിച്ചു. അധികം താമസിയാതെ പെട്രോൾ, പാചക വാതക വില കുതിച്ചുയരുന്നതിനും തൊഴിലില്ലായ്മക്കും എതിരെ വിഡിയോയുമായി കോൺഗ്രസും രംഗത്തുവന്നു. വിഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ് പ്രതിപാദിക്കുന്നത്. ദുശ്മൻ എന്ന സിനിമയിലെ വാദാ ​തേരെ വാദാ എന്ന പാട്ടും പശ്ചാത്തല സംഗീതമായി കേൾക്കാം.

Tags:    
News Summary - BJP Shares animated video to mock rahul gandhi over bharat jodo yatra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.