ബി.ജെ.പി ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ നാണംകെടുത്തുന്നു -ഇ.ടി. മുഹമ്മദ് ബഷീര്‍

ന്യൂഡൽഹി: ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുന്ന നടപടികള്‍ ബി.ജെ.പിയും, സംഘ്പരിവാര്‍ സംഘടനകളും തുടരുകയാണെന്നും ഏറ്റവും അവസാനത്തെ വിഷയമാണ് പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ചാനല്‍ ചര്‍ച്ചയെന്നും മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയും പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറുമായ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. അറബ് രാജ്യങ്ങള്‍ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങള്‍ ശക്തമായ നിലപാട് എടുത്തപ്പോഴാണ് ദിവസങ്ങള്‍ക്ക് ശേഷം നൂപുര്‍ ശര്‍മ്മക്കെതിരെ പേരിനെങ്കിലും നടപടി എടുത്തത്. ഇത് ആത്മാര്‍ഥമായ ഒന്നാണെന്ന് കരുതുന്നില്ലെന്നും എം.പി പറഞ്ഞു.

കാണ്‍പൂരില്‍ ഇതിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് ക്രൂരമായി പെരുമാറുകയാണ്. സ്വത്ത് കണ്ടുകെട്ടുന്നത് അടക്കമുള്ള വിചിത്രമായ നടപടിയാണ് പൊലീസ് കൈക്കൊള്ളുന്നത്. കഴിഞ്ഞ ഒരു വര്‍ഷം മുഴുവന്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ അക്രമങ്ങള്‍ക്ക് ഇരയായെന്ന് അമേരിക്കന്‍ വിദേശ മന്ത്രാലയം, യു.എസ് കോണ്‍ഗ്രസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത് നാം വായിക്കുകയുണ്ടായി. കൊലപാതകങ്ങള്‍, അക്രമങ്ങള്‍, ബലപ്രയോഗങ്ങള്‍, ഭീഷണികള്‍ എന്നിവക്ക് ന്യൂനപക്ഷങ്ങള്‍ ഇരയായെന്നും മുസ്ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെ വംശീയമായി ഒറ്റപ്പെടുത്തുന്ന നീക്കങ്ങള്‍ ഇന്ത്യയില്‍ സജീവമാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.

ഗോരക്ഷ സംഘങ്ങളുടെ അക്രമങ്ങള്‍, ആള്‍ക്കൂട്ട അക്രമങ്ങള്‍, കൊലപാതകങ്ങള്‍, പൗരത്വ ഭേദഗതി നീക്കങ്ങള്‍ എന്നിവയെ പറ്റിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അമേരിക്കന്‍ വിദേശ കാര്യാലയത്തിന്റെ റിപ്പോര്‍ട്ടിനെ കേന്ദ്ര സര്‍ക്കാര്‍ തള്ളിപ്പറഞ്ഞുവെങ്കിലും വര്‍ത്തമാന കാല ഇന്ത്യയിലെ ഈ യാഥാര്‍ഥ്യങ്ങള്‍ കേന്ദ്ര സർക്കാറിന് തള്ളിക്കളയാനാകില്ല.

രാജ്യത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ ലോകത്തിന് മുമ്പില്‍ തുറന്ന് കാണിച്ചതും ഇതിന്റെ കൂടെ ചേര്‍ത്തുവായിക്കേണ്ടതാണ്. ഇത്തരത്തില്‍ വിദ്വേഷ പ്രസംഗങ്ങളും പ്രസ്താവനകളും നടത്തുന്നവര്‍ക്കെതിരെ സംഘടനാ അച്ചടക്ക നടപടികള്‍ അല്ല, ശക്തമായ നിയമനടപടികളാണ് വേണ്ടതെന്നും എം.പി പറഞ്ഞു.

Tags:    
News Summary - BJP shames India in front of world nations: ET Muhammad Basheer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.