ബിഹാറിൽ ജനതാദൾ യു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാതെ ബി.ജെ.പി. നിതീഷ് എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് മുഖമായി പ്രവർത്തിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. ബിഹാറിലെ തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ നേരിട്ട് കൈകാര്യം ചെയ്യുന്നത് അമിത് ഷായാണ്. പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡ എവിടെയുമില്ല. ഇന്നലെ സംസ്ഥാനത്തെത്തിയ അമിത് ഷാ തെരഞ്ഞെടുപ്പ് റാലികൾ തുടങ്ങിക്കഴിഞ്ഞു. മൂന്ന് ദിവസം ബി.ജെ.പി നേതാവ് ബിഹാറിലുണ്ടാകും.
‘ആരെയെങ്കിലും മുഖ്യമന്ത്രിയാക്കാൻ ഞാൻ ആരാണ്’എന്നായിരുന്നു നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ നേരത്തേ അമിത് ഷായുടെ മറുപടി. തെരഞ്ഞെടുപ്പിനു ശേഷം എല്ലാ പാർട്ടികളുടെയും എം.എൽ.എമാർ നേതാവിനെ തിരഞ്ഞെടുക്കും. തുടർന്ന്, ഘടകകക്ഷികൾ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ വിശദീകരണം. എന്നാൽ, നിതീഷ് കുമാറിന്റെ നേതൃത്വത്തിലായിരിക്കും എൻ.ഡി.എ മത്സരിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിതീഷ് കുമാറിനെ പിന്തുണക്കുന്ന വോട്ടർമാരെ പിണക്കാതിരിക്കാനാണ് ഈ നീക്കം. തെരഞ്ഞെടുപ്പിനുശേഷം നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരില്ലെന്ന് ബിഹാറുകാർ വിശ്വസിച്ചിരുന്നു. അമിത് ഷായുടെ വാക്കുകളിലും ഈ സൂചനയാണ്.
നിതീഷ് കുമാർ കൂറുമാറി ഇൻഡ്യ സഖ്യത്തിന്റെ സാരഥിയായപ്പോൾ ബി.ജെ.പിയുടെ വാതിലുകൾ എന്നെന്നേക്കുമായി അടച്ചിട്ടിരിക്കുകയാണെന്ന് ആവർത്തിച്ച് പറഞ്ഞ നേതാവാണ് അമിത് ഷാ. പക്ഷേ, താമസിയാതെ ബി.ജെ.പി നിതീഷിനെ തിരിച്ചു കൊണ്ടുവന്ന് അധികാരം തിരിച്ചുപിടിച്ചു. നിതീഷിന്റെ സീറ്റുകൾ വളരെ കുറവാണെങ്കിൽ ബി.ജെ.പിക്കാരൻ മുഖ്യമന്ത്രിയാകുമെന്നാണ് വർത്തമാനം.
ജെ.ഡി.യുവിന്റെയും ബി.ജെ.പിയുടെയും സീറ്റുകൾ ആദ്യമായി 101-101 എന്ന നിലയിൽ തുല്യമായപ്പോൾ തന്നെ നിതീഷിനെ അടുത്ത മുഖ്യമന്ത്രിയാക്കില്ലെന്ന സൂചനയായിരുന്നു. കാലങ്ങളായുള്ള ‘വല്യേട്ടൻ’പദവിയാണ് ഇതോടെ അവസാനിച്ചത്. ചിരാഗ് പാസ്വാന് 29 സീറ്റുകൾ നൽകിയതും നിതീഷ് കുമാറിന്റെ പ്രതിച്ഛായയെ ബി.ജെ.പി എങ്ങനെ കുറക്കുന്നെന്നതിന്റെ മറ്റൊരു സൂചനയാണ്. ജെ.ഡി.യുവിനെക്കാൾ കൂടുതൽ സീറ്റുകൾ ബി.ജെ.പി നേടിയാൽ സ്വന്തം മുഖ്യമന്ത്രിയെ നിയമിച്ചേക്കാമെന്ന് വിശകലന വിദഗ്ധരും പ്രവചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.