ബി.​ജെ.​പി ദേ​ശീ​യ നി​ര്‍വാ​ഹ​ക​സ​മി​തി​ക്ക്​ ഒ​ഡി​ഷ​യി​ല്‍ തു​ട​ക്കം

ഭുവനേശ്വർ: 2019ല്‍ പൊതു തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ബിജു ജനതാദളി​െൻറ കോട്ടയില്‍ കടന്നുകയറാന്‍ ലക്ഷ്യമിട്ട്  ബി.ജെ.പി നടത്തുന്ന ദേശീയ നിര്‍വാഹക സമിതിയോഗത്തിന് ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ തുടക്കമായി. തലസ്ഥാന നഗരിയിലെ ജനതാ മൈതാനിയില്‍ ഒരുക്കിയ നഗരിയില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് എൽ.കെ. അദ്വാനി, പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, രാജ്യസഭയിലെ പാര്‍ട്ടി നേതാവും ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലി എന്നിവര്‍ ചേര്‍ന്നാണ് നിര്‍വാഹകസമിതിക്ക് തിരിതെളിച്ചത്.

വൈകീട്ട് നാലിന് ഭുവനേശ്വര്‍ ബിജു പട്നായിക് വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്ര മന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാനും ജുവല്‍ ഓറവും ചേര്‍ന്ന് സ്വീകരിച്ചു. വിമാനത്താവളം മുതല്‍ നിര്‍വാഹകസമിതി യോഗസ്ഥലമായ ജനതാ മൈതാന്‍ വരെ റോഡ് ഷോ നടത്തിയാണ് പ്രധാനമന്ത്രിയെത്തിയത്. വിമാനത്താവളം മുതല്‍ വേദി വരെ ഓടിക്കൊണ്ടിരിക്കുന്ന റെയിഞ്ച് റോവര്‍ എസ്.യു.വിയുടെ വാതില്‍ തുറന്നുപിടിച്ച് ഫുട്ബോര്‍ഡില്‍ ചവിട്ടിനിന്ന് ബാരിക്കേഡുകള്‍ക്കരികെ കാത്തുനില്‍ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്താണ് മോദി നഗരിയിലേക്ക് വന്നത്. പലയിടത്തും അദ്ദേഹം കാറില്‍ നിന്നിറങ്ങി പ്രവര്‍ത്തകര്‍ക്കിടയിലേക്ക് നടന്നുചെന്നു. പ്രധാനമന്ത്രിയുടെ പ്രസംഗത്തോടെ രണ്ടുദിവസം നീളുന്ന  നിര്‍വാഹകസമിതി ഞായറാഴ്ച വൈകീട്ട് സമാപിക്കും. 

ദേശീയ നിര്‍വാഹകസമിതിക്ക് മുന്നോടിയായുള്ള ഭാരവാഹികളുടെ യോഗം രാവിലെ ഇതേവേദിയില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി, 40 കേന്ദ്രമന്ത്രിമാർ, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ 13 മുഖ്യമന്ത്രിമാർ, ഉപ മുഖ്യമന്ത്രിമാര്‍, മറ്റ് ദേശീയ നേതാക്കള്‍ എന്നിവരടക്കം 350ഒാളം പ്രതിനിധികളാണ് ദേശീയ നിര്‍വാഹകസമിതിക്ക് ഭുവനേശ്വറില്‍ എത്തിയത്. ഒഡിഷയുടെ പുതുവര്‍ഷമാരംഭമായ വെള്ളിയാഴ്ച ഭുവനേശ്വറിലെത്തിയ അമിത് ഷാ ഇതോടനുബന്ധിച്ച് ബി.ജെ.പി  ആസ്ഥാനത്ത് പ്രത്യേക ആഘോഷവും സംഘടിപ്പിച്ചു.  ബി.ജെ.പി ഈയിടെ നേടിയ തെരഞ്ഞെടുപ്പ് വിജയത്തി​െൻറ ഉണര്‍വില്‍ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും ലക്ഷമിട്ടാണ് ഒഡിഷയില്‍ ഇക്കുറി ദേശീയ നിര്‍വാഹകസമിതി നടത്തുന്നതെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞു. കേരളത്തിലെ വിഷയങ്ങള്‍ നിര്‍വാഹകസമിതിയില്‍ ഉന്നയിക്കുമെന്ന് കേരളത്തില്‍നിന്നുള്ള ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. കേരളത്തില്‍നിന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരൻ, ദേശീയ നിര്‍വാഹക സമിതി അംഗങ്ങളായ വി. മുരളീധരൻ, ശോഭ സുരേന്ദ്രന്‍, അല്‍ഫോന്‍സ് കണ്ണന്താനം, ഒ. രാജഗോപാല്‍ എം.എൽ.എ, ആർ.എസ്.എസ് സംസ്ഥാന നേതൃത്വത്തിലേക്ക് നിയോഗിച്ച സംഘടന സെക്രട്ടറി എം. ഗണേശൻ എന്നിവരും പങ്കെടുക്കുന്നുണ്ട്.

Tags:    
News Summary - BJP Meet in Odisha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.