45 കോടി ചിലവാക്കി ഔദ്യോഗിക വസതി പുതുക്കിപ്പണിതു; ഡൽഹിയിൽ കെജ്രിവാളിനെതിരേ പ്രതിപക്ഷം

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പുതിയ ആരോപണവുമായി കോൺഗ്രസും ബി.ജെ.പിയും. മുഖ്യമന്ത്രിയുടെ വസതി മോടിപിടിപ്പിക്കാൻ കെജ്രിവാൾ 45 കോടി രൂപ ചെലവഴിച്ചുവെന്നാണ് ആരോപണം. ഖജനാവിൽ നിന്ന് പണമെടുത്ത് സ്വന്തം ബംഗ്ലാവ് മോടിപിടിപ്പിക്കാൻ ഉപയോഗിച്ച കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് കോൺഗ്രസ് നേതാവ് അജയ് മാക്കൻ പറഞ്ഞു. രാഷ്ട്രീയത്തിൽ പ്രവേശിക്കുമ്പോൾ സത്യസന്ധതയും ലാളിത്യവും പ്രോത്സാഹിപ്പിക്കുമെന്ന് അവകാശപ്പെട്ട ആം ആദ്മി പാർട്ടി സ്ഥാപകന്റെ നടപടിയെ പരിഹസിച്ച് ബി.ജെ.പിയും രംഗത്തെത്തി.

അതേസമയം, കെജ്രിവാളിനെ പിന്തുണച്ച് ആം ആദ്മി പാർട്ടി രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി കഴിയുന്നത് 1942 ൽ പണിത 75-80 വർഷം പഴക്കമുള്ള വസതിയിലാണെന്നും ഓഡിറ്റിന് ശേഷമാണ് വസതി പുതുക്കി പണിയാൻ സർക്കാർ തീരുമാനിച്ചതെന്നുമാണ് ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയുടെ വിശദീകരണം.

കെജ്രിവാൾ മഹാരാജാവിനെ പോലെയാണ് ജീവിക്കുന്നതെന്നും അദ്ദേഹത്തിന്റെ ആഢംബര ജീവിതം കണ്ട് രാജാക്കന്മാർ പോലും വണങ്ങിപ്പോകുമെന്നും ബി.ജെ.പി വക്താവ് സംബിത് പത്ര പരിഹസിച്ചു. കെജ്രിവാൾ തന്റെ വസതിയിൽ ഡിയോർ പോളിഷ്, വിയറ്റ്നാം മാർബിൾ, വിലകൂടിയ കർട്ടനുകൾ, ഉയർന്ന നിലവാരമുള്ള പരവതാനികൾ എന്നിവയ്ക്കായി കോടികൾ ചെലവഴിച്ചുവെന്നും ബി.ജെ.പി ആരോപിക്കുന്നു. തന്റെ ആഢംബര ചെലവിനെ കുറിച്ചുള്ള വാർത്തകൾ നൽകാതിരിക്കാൻ മാധ്യമ സ്ഥാപനങ്ങൾക്ക് കെജ്രിവാൾ 20 മുതൽ 50 കോടി വരെ വാഗ്ദാനം ചെയ്തെന്നും എന്നാൽ വാർത്താ ചാനലുകൾ ഇത് തള്ളിക്കളഞ്ഞുവെന്നും ബി.ജെ.പി ആരോപിച്ചു.

കാലപ്പഴക്കം മൂലം കെട്ടിടത്തിന് നിരവധി കേടുപാടുകൾ ഉണ്ടായിരുന്നതായി ആം ആദ്മിയുടെ വിശദീകരണത്തിൽ പറയുന്നു. കെജ്രിവാളിന്റെ മാതാപിതാക്കളുടേയും മുഖ്യമന്ത്രിയുടേയും മുറിയിലെ സീലിങ് അടർന്നു വീണതും മുഖ്യമന്ത്രിയുടെ ഓഫീസ് സീലിങ് തകർന്നതും ആം ആദ്മി ചൂണ്ടിക്കാട്ടി. ഇതേ തുടർന്ന് പൊതുമരമാത്ത് വീട് നവീകരിക്കാൻ നിർദേശിച്ചതായും ആം ആദ്മി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വസതിയിൽ നടന്നത് നവീകരണമല്ലെന്നും പഴയ കെട്ടിടത്തിന് പകരം പുതിയ കെട്ടിടം വന്നിട്ടുണ്ടെന്നും മുതിർന്ന പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിനായി 44 കോടി രൂപ ചെലവായെന്നും എന്നാൽ നവീകരണമല്ല പുനർനിർമാണമാണ് നടന്നതെന്നുമാണ് ഔദ്യോഗിക വിശദീകരണം.


2014ൽ അധികാരമേൽക്കുമ്പോഴും ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതിയെച്ചൊല്ലി വിവാദം ഉണ്ടായിരുന്നു. ഔദ്യോഗിക ബംഗ്ലാവ് വേണ്ടെന്ന് വെച്ച കെജ്രിവാള്‍ അഞ്ച് കിടപ്പുമുറികളടങ്ങിയ ഫ്ലാറ്റിലേക്ക് താമസം മാറാൻ അന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതും വിവാദമായതോടെ അദ്ദേഹം ഈ തീരുമാനവും മാറ്റി. കുറച്ചുകൂടി ചെറിയ ഒരു വീട് കണ്ടെത്താൻ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

Tags:    
News Summary - BJP Calls for Kejriwal's Resignation Over Rs 45-Crore House 'Renovation', AAP Hits Back, Says 'Was Built in '42'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.