ന്യൂഡൽഹി: 2023-24ൽ പാർട്ടി സംഭാവനയായി ബി.ജെ.പിക്ക് കിട്ടിയത് 2604.74 കോടി രൂപയെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. ഇതേ കാലയളവിൽ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് ലഭിച്ചത് 281.38 കോടിയാണെന്നും കമീഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2024 മാർച്ച് 31 വരെയാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള സംഭാവനകൾ സ്വീകരിച്ചത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി 740 കോടി രൂപയാണ് സംഭാവന സ്വരൂപിച്ചത്. അതേവർഷം 146 കോടി രൂപയാണ് കോൺഗ്രസിന് ലഭിച്ചത്.
2023-24 കാലയളവിൽ, പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റിൽനിന്ന് മാത്രം 723 കോടി രൂപയുടെ സംഭാവന ബി.ജെ.പിക്ക് ലഭിച്ചു. ട്രയംഫ് ഇലക്ടറൽ ട്രസ്റ്റിൽനിന്ന് 127 കോടി രൂപയും ലഭിച്ചു. പാർട്ടിയുടെ ഏക ട്രസ്റ്റ് ദാതാവായ പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റിൽനിന്ന് 150 കോടിയിലധികം രൂപയാണ് കോൺഗ്രസിന് ലഭിച്ചത്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ, ദിഗ്‌വിജയ സിങ് എന്നിവരടക്കം പ്രമുഖ നേതാക്കളിൽനിന്ന് 1.38 ലക്ഷം രൂപ കോൺഗ്രസ് സംഭാവനയായി സ്വീകരിച്ചു.
ബി.ജെ.പിയും കോൺഗ്രസും പ്രഖ്യാപിച്ച സംഭാവനകളിൽ ഇലക്ടറൽ ബോണ്ടുകൾ വഴി ലഭിച്ച സംഭാവനകൾ ഉൾപ്പെടുത്തിയിട്ടില്ല. ഇത് പാർട്ടിയുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ടുകളിലാണ് പ്രഖ്യാപിക്കേണ്ടത്. വേദാന്ത, ഭാരതി എയർടെൽ, മുത്തൂറ്റ്, ബജാജ് ഓട്ടോ, ജിൻഡാൽ ഗ്രൂപ്പ്, ടി.വി.എസ് മോട്ടോഴ്സ് തുടങ്ങിയ വൻകിട കോർപ്പറേറ്റ് ഗ്രൂപ്പുകൾ വാങ്ങിയ ഇലക്ടറൽ ബോണ്ടുകളുടെ പ്രധാന ഗുണഭോക്താവ് ബി.ജെ.പിയാണ്.
ദേശീയ പാർട്ടി കൂടിയായ ആം ആദ്മി പാർട്ടിക്ക് (എ.എ.പി) ഈ സാമ്പത്തിക വർഷത്തിൽ 11.06 കോടി രൂപ സംഭാവന ലഭിച്ചു. സി.പി.എം 7.64 കോടിയിലധികം രൂപയുടെ സംഭാവനകൾ സ്വീകരിച്ചു. നോർത്ത് ഈസ്റ്റിൽ നിന്നുള്ള ഏക അംഗീകൃത ദേശീയ പാർട്ടിയായ നാഷണൽ പീപ്പിൾസ് പാർട്ടിക്ക് (എൻ.പി.പി) 14.85 ലക്ഷം രൂപ സംഭാവനയായി ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.