ഡെറാഡൂൺ: ഒന്നാം ഭാര്യയെ വിവാഹമോചനം ചെയ്യാതെ രണ്ടാമതും വിവാഹം കഴിച്ച മുൻ എം.എൽ.എയെ പുറത്താക്കി ബി.ജെ.പി. സുരേഷ് റാത്തോറിനെയാണ് ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. ഉത്തരാഖണ്ഡ് സർക്കാർ കൊണ്ടുവന്ന ഏകസിവിൽകോഡിന് വിരുദ്ധമാണ് അദ്ദേഹത്തിന്റെ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി മുൻ എം.എൽ.എയെ പുറത്താക്കിയത്.
ഷഹാരൻപൂരിൽ നിന്നുള്ള നടിയായ ഊർമിള സനാവറുമായുള്ള വിവാഹം ഈയടുത്തായി ബി.ജ.പി നേതാവ് പരസ്യമാക്കിയിരുന്നു. തുടർന്ന് പാർട്ടി റാത്തോറിന് കാരണം കാണിക്കൽ നോട്ടീസ് നൽകി.പാർട്ടിയുടെ സൽപ്പേര് കളങ്കപ്പെടുത്തുന്ന നടപടിയാണ് മുൻ എം.എൽ.എയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
എന്നാൽ, നോട്ടീസിന് തൃപ്തികരമായ മറുപടി നൽകുന്നതിൽ മുൻ എം.എൽ.എ പരാജയപ്പെട്ടതോടെയാണ് പാർട്ടി കടുത്ത നടപടി സ്വീകരിച്ചത്. പാർട്ടിയുടെ പ്രതിഛായ മോശമാക്കുന്ന നടപടിയാണ് റാത്തോറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ ബി.ജെ.പിയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. ബി.ജെ.പി ഏകസിവിൽകോഡ് സ്വന്തം നേതാക്കൾക്ക് ബാധകമാക്കുന്നില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. നിയമം എല്ലാവർക്കും ഒരുപോലെയാണെങ്കിൽ എന്തുകൊണ്ട് റാത്തോറിനെതിരെ നടപടിയെടുക്കുന്നില്ലെന്നും കോൺഗ്രസ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.